Enter your Email Address to subscribe to our newsletters

KOLLAM, 26 മാര്‍ച്ച് (H.S.)
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. സംസ്‌കാരം നാളെ തൃശൂരിലെ തൃത്തല്ലൂരില്‍ നടക്കും. നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്.
നാടകത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ കലാകാരനായിരുന്നു രാജേന്ദ്രന്‍. ക്യാരക്റ്റര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളിലും തിളങ്ങി. ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഏറെ നാളായി ചികിത്സയില്‍ കഴിയവേയാണ് രാജേന്ദ്രന്‍ വിടപറഞ്ഞത്.
വി.ആര്‍. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രന്‍ സിനിമയിലെത്തിയത്. കാവടിയാട്ടം എന്ന ചിത്രത്തില്‍ പ്രധാനവില്ലനായി. ഇടക്കാലത്ത് അദ്ദേഹം സിനിമയില്‍നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തി. ഈ ചിത്രത്തിലെ ഉണ്ണിത്തമ്പുരാന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പട്ടാഭിഷേകത്തിലെ ബലരാമന്‍ എന്ന വില്ലന്‍ വേഷവും കയ്യടി നേടി.
നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, പ്രണയവര്‍ണങ്ങള്‍, സ്‌നേഹം, ദയ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മീശമാധവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തൃശ്ശൂരിലായിരുന്നു രാജേന്ദ്രന്റെ ജനനം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ചു. പുണെയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദര്‍ഭത്തിലാണ്. ഒ. മാധവന്റെയും വിജയകുമാരിയുടേയും മകളും നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാകുന്നതും.
ഒ. മാധവന്‍ സ്ഥാപിച്ച നാടക സമിതിയായ കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട് ഏറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രന്‍ ഒരു റഷ്യന്‍ നോവല്‍ നാടകമാക്കി.1987-ല്‍ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഈ നാടകത്തിനായിരുന്നു.
പിന്നീട് രാജേന്ദ്രന്‍ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരന്‍. രാജേന്ദ്രന്റെ മകനായ ദിവ്യദര്‍ശനും നടനാണ്.
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
---------------
Hindusthan Samachar / Sreejith S