Enter your Email Address to subscribe to our newsletters

Pathanamthitta , 26 മാര്ച്ച് (H.S.)
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണക്കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ ദേവസ്വം ബോർഡിനും മുൻ ഭരണസമിതിക്കും ആശ്വാസം. കൊടിമര നിർമ്മാണത്തിൽ അഴിമതിയോ ക്രമക്കേടോ നടന്നെന്ന പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വ്യക്തമാക്കി. ഇതുസംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.
വിജിലൻസ് കണ്ടെത്തലുകൾ
യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദേവസ്വം ഭരണസമിതിയുടെ കീഴിലാണ് കൊടിമര പുനർനിർമ്മാണം നടന്നത്. ഈ സമയത്ത് ക്രമക്കേട് നടന്നെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഭക്തരിൽ നിന്നും മറ്റും സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വർണ്ണവും നിർമ്മാണത്തിനായി പൂർണ്ണമായും ഉപയോഗിച്ചിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. കൊടിമരത്തിലെ 'വാചിവാഹനൻ', 'അഷ്ടദിക് പാലകർ' എന്നിവരുടെ ശില്പങ്ങൾ നിർമ്മിക്കാനാണ് ഈ സ്വർണ്ണം വിനിയോഗിച്ചത്.
സംഭാവനയായി ലഭിച്ച സ്വർണ്ണം സ്വീകരിച്ചത് അന്നത്തെ എ.എസ്.പി കുറുപ്പായിരുന്നുവെന്നും ഇതിനായി ദേവസ്വം ബോർഡ് ഔദ്യോഗിക രസീതുകൾ നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. രേഖകളിൽ പറയുന്ന സ്വർണ്ണം കൃത്യമായി നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖരുടെ മൊഴി രേഖപ്പെടുത്തി
അന്വേഷണത്തിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രമുഖരായ മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയവരടക്കം 27 പേരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഇവർ കൊടിമര നിർമ്മാണത്തിനായി സ്വർണ്ണവും പണവും സംഭാവന നൽകിയവരാണ്. മോഹൻലാൽ രണ്ട് പവൻ സ്വർണ്ണം നൽകിയതായി നേരത്തെ മൊഴി നൽകിയിരുന്നു. ആകെ 23 പേരുടെ മൊഴികൾ നേരിട്ട് രേഖപ്പെടുത്തിയപ്പോൾ, ബാക്കി നാലുപേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
സ്വർണ്ണക്കൊള്ള കേസും അന്വേഷണവും
അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട 'സ്വർണ്ണക്കൊള്ള' കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) കൂടുതൽ സമയം തേടാൻ സാധ്യതയുണ്ടെന്നാണ് വിവരം. കൊടിമരത്തിൽ പൊതിഞ്ഞ സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാൻ 36 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഫലം വന്നതിനുശേഷം മാത്രമേ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കൂ.
2019 മുതൽ 2025 വരെയുള്ള കാലയളവിലെ എല്ലാ ദേവസ്വം ഇടപാടുകളും പരിശോധിക്കാൻ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചിരുന്നു. സ്വർണ്ണപ്പാളികളിൽ മായം ചേർത്തിട്ടില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടെങ്കിലും കൂടുതൽ ശാസ്ത്രീയത ഉറപ്പുവരുത്താനാണ് കോടതി നിർദ്ദേശപ്രകാരം പരിശോധനകൾ നടക്കുന്നത്. നിലവിൽ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ ക്രിമിനൽ നടപടികൾക്ക് സ്കോപ്പില്ലെന്ന വിജിലൻസ് റിപ്പോർട്ട് മുൻ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
---------------
Hindusthan Samachar / Roshith K