Enter your Email Address to subscribe to our newsletters

Kozhikode , 27 മാര്ച്ച് (H.S.)
എലത്തൂരിൽ 'ക്ലോക്ക്' ചിഹ്നത്തിൽ എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥി ശശീന്ദ്രൻ പി കെ മത്സരിക്കാൻ ഇറങ്ങിയത് തന്നെ ഉപദ്രവിക്കാനാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എ കെ ശശീന്ദ്രൻ. അതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ട് അട്ടിമറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്.
ദേശീയതലത്തിൽ ബിജെപിയുമായും എൻഡിഎയുടെ ഭാഗമായും പ്രവർത്തിക്കുന്ന പാർട്ടിയാണ് ആ വിഭാഗം. ക്ലോക്ക് ചിഹ്നം അനുവദിച്ചത് തന്നെ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാമെന്ന ധാരണയിലാണ്. പാർട്ടിയും ഒരു പിളർപ്പ് ഉണ്ടാകുമ്പോൾ ചിഹ്നം മരവിപ്പിക്കാറാണ് പതിവ്. എന്നാൽ ഭരണകൂട സ്ഥാപനങ്ങളെ എങ്ങനെ പോക്കറ്റിലാക്കാൻ കഴിയും എന്നതിൽ മാതൃക കാണിച്ച കേന്ദ്ര സർക്കാരിന്റെ കുസൃതികളിൽ ഒന്നാണ് ഈ ചിഹ്നം അനുവദിക്കൽ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇത് ഒരിക്കലും സദുദ്ദേശപരമല്ല. മണ്ഡലത്തിലെ ജനങ്ങളും അത് അങ്ങനെയേ കണക്കിലെടുക്കുകയുള്ളൂ. ആ സ്ഥാനാർത്ഥിയെ നിർത്തിയതിൽ തന്നോടൊപ്പമുള്ള എൻസിപികാർക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല. മുന്നണിക്ക് ദോഷം ചെയ്യുന്ന ഒരു പ്രവർത്തിയും ഞങ്ങളുടെ പാർട്ടിയിലെ ആരും ചെയ്യില്ല; അതുകൊണ്ട് ഒരു ഗുണവുമില്ല എന്നും ശശീന്ദ്രൻ പറഞ്ഞു.
അതേ സമയം കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച ക്ലോക്ക് ചിഹ്നം മാറി കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നമായപ്പോൾ ജനങ്ങൾക്ക് സംശയമുണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാർ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നതിന്റെ കാഹളം മുഴക്കലായിട്ടാണ് എലത്തൂരിലെ ജനങ്ങൾ ഇതിനെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എൽഡിഎഫിന് ശക്തമായ അടിത്തറയുള്ള എലത്തൂർ മണ്ഡലം ആ ചിഹ്നത്തേയും സ്വാഗതം ചെയ്തിരിക്കുകയാണ്.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എൻസിപിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം അവസാനിച്ചെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. എൽഡിഎഫ് ജില്ല കൺവീനർ കൂടിയായ പാർട്ടി നേതാവ് മുക്കം മുഹമ്മദ് കഴിഞ്ഞ ദിവസങ്ങളിളെല്ലാം കൺവെൻഷനുകളിൽ പങ്കെടുത്തിരുന്നു. സഹകരിച്ച് പോകണമെന്ന കർശനമായ നിലപാട് പ്രവർത്തകർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. മുക്കം മുഹമ്മദ് സത്യസന്ധനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് അതുകൊണ്ട് ഇനിയും പഴയ അഭിപ്രായത്തിന്റെ പേരിൽ അദ്ദേഹത്തെ കാണരുതെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ മത്സരിക്കുന്ന സമയത്ത് ഈ തവണ കൂടി മത്സരിച്ച് മാന്യമായി ഇറങ്ങിക്കോട്ടെ എന്ന് ശശീന്ദ്രൻ പറഞ്ഞു എന്നായിരുന്നു മുക്കം മുഹമ്മദ് അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയത്. എന്നാൽ പുതിയ സാഹചര്യത്തിൽ ആ പ്രസ്താവന വീണ്ടും വിവാദമാക്കുമ്പോൾ അത് ഏത് കാലത്ത് പറഞ്ഞതായിരുന്നു എന്നുകൂടി ചിന്തിക്കണമെന്ന് ശശീന്ദ്രൻ പറയുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് നല്ലൊരു ടീം എന്ന നിലയിൽ അതിൻ്റെ ഭാഗമായി ഞാനും മത്സരിക്കാൻ ഇറങ്ങിയത്. മണ്ഡലത്തിലെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് വീണ്ടും മത്സരിക്കാൻ ഇറങ്ങിയത്. വീണ്ടും മന്ത്രിസഭ രൂപീകരിക്കുമ്പോൾ എല്ലാം പുതിയ ആളുകൾ മന്ത്രിമാരായാൽ പോരല്ലോ? ഈ സർക്കാരിന് തുടർച്ച ഉണ്ടാകുമെന്നും ആ തരത്തിലുള്ള മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചതെന്നും ശശീന്ദ്രൻ പറഞ്ഞു.
സ്വയം പ്രസക്തി നഷ്ടപ്പെട്ടു പോകുന്നു എന്ന ഭയത്തിൽ നിന്നാണ് തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ച കോൺഗ്രസിൽ നടക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരവേലകൾ പൊതുസമൂഹത്തിനിടയിൽ എത്രത്തോളം അവമതിപ്പും അസ്വസ്ഥതകളും ഉണ്ടാക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR