ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ ബി ഗോപാലകൃഷ്ണൻ്റെ വിവാദ പ്രസംഗത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
Ernakulam , 27 മാര്ച്ച് (H.S.) ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ ബി ഗോപാലകൃഷ്ണൻ്റെ വിവാദ പ്രസംഗത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം പരാമർശങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ആഘാതം എങ്ങനെ മറികടക്കാനാകുമെന്നും മാതൃക പെരുമാ
High Court of Kerala


Ernakulam , 27 മാര്ച്ച് (H.S.)

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ ബി ഗോപാലകൃഷ്ണൻ്റെ വിവാദ പ്രസംഗത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം പരാമർശങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ആഘാതം എങ്ങനെ മറികടക്കാനാകുമെന്നും മാതൃക പെരുമാറ്റച്ചട്ടം എന്തിനാണെന്നും കോടതി ചോദിച്ചു. പരാതിയിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നൽകി.

കർശന നടപടിയെടുക്കാൻ നിർദേശം

വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡൻ്റ് കെ ഗോകുൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബി ഗോപാലകൃഷ്ണൻ്റെ പ്രസംഗത്തിലെ പരാമർശങ്ങൾ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കോടതി പ്രത്യേകം തേടി.

കോടതി ഉത്തരവുകൾ പോലും പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ മാറ്റിവയ്ക്കുന്നതാണ് നിലവിലെ സാഹചര്യം. ഈ അവസരത്തിൽ വിദ്വേഷ പരാമർശം നടത്തിയ വ്യക്തിക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നതെന്ന് കോടതി ചോദിച്ചു. വർഗീയ പരാമർശം നടത്തിയാൽ അത്തരക്കാർക്കെതിരെ സ്വീകരിക്കുന്ന നിയമപരമായ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും കോടതി കമ്മിഷനോട് ആരാഞ്ഞു.

വീഡിയോ നീക്കം ചെയ്തതായി കമ്മിഷൻബി ഗോപാലകൃഷ്ണൻ്റെ പരാമർശത്തിൽ നടപടി തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. വിവാദ പരാമർശങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽനിന്ന് ഉൾപ്പെടെ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ തുടർനടപടികൾ വേഗത്തിൽ സ്വീകരിച്ചുവരികയാണെന്നും കമ്മിഷൻ വ്യക്തമാക്കി.

സ്ഥാനാർഥിയുടെ പരാമർശത്തെക്കുറിച്ച് നേരത്തെ തന്നെ നിരവധി പരാതികൾ ലഭിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ വരണാധികാരിയുടെ പരാതിയിൽ പൊലീസ് ഇതിനോടകം ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. പരാതികളിൽ രണ്ട് മാസത്തിനുള്ളിൽ കൃത്യമായ പരിശോധന പൂർത്തിയാക്കി ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചത്. കമ്മിഷൻ്റെ ഉറപ്പ് പരിഗണിച്ച് കോടതി കെ ഗോകുലിൻ്റെ ഹർജി തീർപ്പാക്കി. അതേസമയം കമ്മിഷൻ്റെ നടപടികളിൽ വരുംദിവസങ്ങളിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വർഗീയ ചേരിതിരിവിന് ശ്രമമെന്ന് ഹർജികഴിഞ്ഞ 25 വർഷമായി ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്ന ബി ഗോപാലകൃഷ്ണൻ്റെ പരാമർശം വലിയ രീതിയിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർമാരെ മതപരമായി വിഭജിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നതെന്നും ഇത് പെരുമാറ്റച്ചട്ടത്തിൻ്റെ കടുത്ത ലംഘനമാണെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.

പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽനിന്ന് ഒരു ഹൈന്ദവ പ്രതിനിധി നിയമസഭയിൽ എത്താത്തത് എന്തുകൊണ്ടെന്ന് ചോദ്യം ചെയ്താണ് ബി ഗോപാലകൃഷ്ണൻ്റെ വീഡിയോ പ്രചരിച്ചത്. തൃശൂർ ജില്ലയിലെ പ്രസംഗത്തിലായിരുന്നു ഈ പരാമർശങ്ങൾ. അതിനാൽ സ്ഥാനാർഥിത്വത്തിൽനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് പൂർണമായും വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളിലാണ് കോടതി ഇപ്പോൾ ഇടപെടൽ നടത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News