Enter your Email Address to subscribe to our newsletters

Ernakulam,27 മാര്ച്ച് (H.S.)
എടയാർ വ്യവസായ മേഖലയില് ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ബിഹാർ സ്വദേശി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് ബിനാനി പുരം പൊലീസ് കേസെടുത്തത്. എടയാർ സീജി ലൂബ്രിക്കൻസ് എന്ന കമ്പനിയിലെ പ്ലാന്ഡ് ഹെല്പ്പറായിരുന്നു ശത്രുഘ്നൻ മുഖ്യ. കഴിഞ്ഞ 20 വര്ഷമായി ഇദ്ദേഹം കുടുംബവുമായി കേരളത്തിലാണ് താമസം.
ജോലിക്കിടെയുണ്ടായ തീപിടിത്തത്തില് കമ്പനിയിലെ പ്ലാന്ഡിനുള്ളിലെ ഹീറ്റർ യൂണിറ്റിന് സമീപമുള്ള തറയിൽ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഎൻഎസ് 193 വകുപ്പ് പ്രകാരമാണ് ബിനാനി പുരം പൊലീസ് കേസെടുത്തത്. ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രമായ എടയാറിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയില് ഇന്നലെ (മാര്ച്ച് 26) രാവിലെയാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ നിന്നും രാവിലത്തെ ഷിഫ്റ്റ് ആരംഭിച്ച സമയത്താണ് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം 30ലേറെ തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നെങ്കിലും മരിച്ച ബിഹാർ സ്വദേശിയൊഴികെ മറ്റെല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഓയിൽ ടാങ്കുകളും മറ്റ് രാസവസ്തുക്കളും ഉള്ളതിനാൽ തീ നിയന്ത്രണ വിധേയമാക്കുന്നത് അഗ്നിശമന സേനയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു.
കിലോമീറ്ററുകളോളം ദൂരത്തില് നിന്നും കാണാവുന്ന തരത്തിലാണ് കറുത്ത പുക ആകാശത്തേക്ക് ഉയര്ന്നത്. ഇത് പ്രദേശവാസികളില് ആശങ്ക സൃഷ്ടിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ ആലുവ, ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പടെ ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ പൂർണമായും അണയ്ക്കുകയായിരുന്നു.
പരിസരത്തുള്ള മറ്റ് വ്യവസായ യൂണിറ്റുകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലും അധികൃതർ സ്വീകരിച്ചിരുന്നു. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് എടയാർ. അതിനാൽ തീപിടിത്തം മറ്റ് ശാലകളിലേക്ക് വ്യാപിച്ചിരുന്നെങ്കിൽ വൻ ദുരന്തത്തിന് കാരണമാകുമായിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് അന്വേഷണം നടത്തുന്നുണ്ട്.
ഷോർട്ട് സർക്യൂട്ടാണോ അതോ പ്ലാന്റിനുള്ളിലെ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷിച്ച് വരികയാണ്. വ്യവസായ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വിശദമായ പരിശോധന നടക്കും. സമാനമായ രീതിയിൽ എടയാർ വ്യവസായ മേഖലയില് നേരത്തെയും തീപിടിത്തങ്ങൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ അപകടം ആവർത്തിക്കപ്പെടുന്നത് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ആശങ്കകളും വർധിപ്പിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR