Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 മാര്ച്ച് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 13,250 രൂപയും പവന് 1,06,120 രൂപയുമായി വിപണിവില ഉയർന്നു. ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നത്.
സ്വർണവില കുറഞ്ഞെങ്കിലും ആഭരണ വിപണിയിൽ വലിയ മാറ്റങ്ങൾ പ്രകടമായിട്ടില്ല. വിലയിൽ കാര്യമായ ഇടിവുണ്ടായാൽ മാത്രമേ വിപണി സജീവമാകൂ എന്ന് സ്വർണ വ്യാപാരികൾ വ്യക്തമാക്കി.
മറ്റ് കാരറ്റുകളും വെള്ളിവിലയും
18 കാരറ്റ് സ്വർണം ഗ്രാമിന് 10,905 രൂപയും പവന് 87,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,490 രൂപയും പവന് 67,920 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,475 രൂപയും പവന് 43,800 രൂപയുമാണ് വില. അതേസമയം സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് പത്ത് രൂപ കുറഞ്ഞ് 240 രൂപയായി. പത്ത് ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഇത് യഥാക്രമം 250, 2,500 രൂപയായിരുന്നു.
സ്വാധീനിച്ച ഘടകങ്ങൾ
സ്വർണവില നിശ്ചയിക്കുന്നതിൽ ഡോളർ സൂചിക നിർണായകമാണ്. ഡോളർ ദുർബലമായതാണ് സ്വർണവില ഉയരാൻ കാരണമായതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സംസ്ഥാനത്തും പ്രതിഫലിച്ചു. സ്പോട്ട് ഗോൾഡ് നിരക്ക് 1.1 ശതമാനം വർധിച്ച് ഔൺസിന് 4,428.30 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും 1.1 ശതമാനത്തിൻ്റെ വർധനയുണ്ട്. യുഎസ് ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യാന്തര തലത്തിൽ സ്വർണവ്യാപാരത്തെ നേരിട്ട് ബാധിക്കുന്ന പ്രധാന ഘടകമാണ്.
പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താത്പര്യം വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നു. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സാധാരണക്കാരെയും നിക്ഷേപകരെയും ബാധിക്കും. വരും ദിവസങ്ങളിലും വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം മികച്ചൊരു സാമ്പത്തിക കരുതൽ കൂടിയായതിനാൽ വിലമാറ്റങ്ങൾ പ്രാദേശിക വിപണിയെ വേഗത്തിൽ സ്വാധീനിക്കും.
ആഭരണ വില ലക്ഷം കടന്ന് കുതിക്കുന്നു
വിപണിയിലെ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേരുമ്പോഴാണ് ആഭരണത്തിൻ്റെ അന്തിമ വില നിശ്ചയിക്കുന്നത്. ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും. കുറഞ്ഞത് അഞ്ച് ശതമാനം മുതലാണ് പണിക്കൂലി ഈടാക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് 1.16 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരും. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് വില ലക്ഷം കടന്നത്.
രൂപയുടെ മൂല്യത്തിൽ ഇടിവ്
ചരിത്രത്തിലില്ലാത്ത വിധം രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഇതാദ്യമായി രൂപയുടെ മൂല്യം 94 കടന്നു. ഇന്ന് 94.15 ലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. ബുധനാഴ്ച 93.7 രൂപയിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഈ വർഷം രൂപയുടെ മൂല്യത്തിൽ ആകെ 3.6 ശതമാനത്തിൻ്റെ ഇടിവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾ രൂപയുടെ മൂല്യത്തകർച്ചയ്ക്കും ആക്കം കൂട്ടുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR