കണ്ണൂരിൽ പ്രമുഖ സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി അപരന്മാർ.
Kannur , 27 മാര്ച്ച് (H.S.) നാമനിർദേശ പത്രിക സമർപ്പണവും പിൻവലിക്കലും പൂർത്തിയായതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡൻ്റും പേരാവൂർ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ
Assembly election


Kannur , 27 മാര്ച്ച് (H.S.)

നാമനിർദേശ പത്രിക സമർപ്പണവും പിൻവലിക്കലും പൂർത്തിയായതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡൻ്റും പേരാവൂർ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് അപരന്മാരുണ്ട്. പ്രധാന നേതാക്കൾക്കെല്ലാം രണ്ടും മൂന്നും വീതം അപരന്മാർ രംഗത്തുള്ളത് മുന്നണികൾക്ക് കടുത്ത വെല്ലുവിളിയാണ്.

അപരന്മാരെ തിരിച്ചറിഞ്ഞതോടെ മത്സരിക്കുന്ന പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. സ്ഥാനാർഥിയുടെ പേരിനേക്കാൾ പാർട്ടി ചിഹ്നം വോട്ടർമാരുടെ മനസ്സിൽ പതിപ്പിക്കാനാണ് നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രമം. ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ ഫലം മാറിമറിയുന്ന മണ്ഡലങ്ങളിൽ അപരന്മാർ പിടിക്കുന്ന വോട്ട് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമാകും.

വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവുമുണ്ടെങ്കിലും പേരിൻ്റെ സാമ്യം വോട്ടർമാരെ വലിയ രീതിയിൽ ആശയക്കുഴപ്പത്തിലാക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. ജനാധിപത്യ പ്രക്രിയയിൽ സ്വതന്ത്രമായി മത്സരിക്കാൻ ഏതൊരാൾക്കും അവകാശമുള്ളതിനാൽ അപരന്മാരെ പൂർണമായി ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കില്ല. മുൻകാല തെരഞ്ഞെടുപ്പുകളിലും അപരന്മാർ സ്ഥാനാർഥികളുടെ പരാജയത്തിന് കാരണമായിട്ടുണ്ട്. അതിനാൽ വീടുവീടാന്തരം കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളിലൂടെ ചിഹ്നം വോട്ടർമാരെ കൃത്യമായി പഠിപ്പിക്കാനാണ് പാർട്ടികളുടെ തീരുമാനം. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികൾ അപര ഭീഷണിയെ നേരിടുന്നത്.

കണ്ണൂരിൽ അപരന്മാരുടെ നീണ്ട നിര

സിപിഎമ്മിൻ്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എം എം വിജയനാണ് അപരൻ. പേരാവൂരിൽ സണ്ണി ജോസഫിന് സണ്ണി ജോസഫ് മുതലക്കുളത്തേലും സണ്ണിയുമാണ് അപരന്മാർ. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വെല്ലുവിളിയായി സി ശൈലജ, ശൈലജ എ വി എന്നിവരുണ്ട്. വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കാനും വോട്ട് ചോർച്ച തടയാനുമായി മുന്നണികളുടെ അഭ്യർഥനപ്രകാരം സണ്ണി ജോസഫിൻ്റെ പേരിനു മുമ്പിൽ അഡ്വക്കേറ്റ് എന്നും കെ കെ ശൈലജയുടെ പേരിനൊപ്പം ടീച്ചർ എന്നും ചേർത്തിട്ടുണ്ട്.

സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദന് അതേ പേരിൽ അപരനുണ്ട്. ഇതോടെ അദ്ദേഹം പേരിനൊപ്പം മാസ്റ്റർ എന്ന് ചേർത്തു. ഇവിടെ എൽഡിഎഫിലെ പി കെ ശ്യാമളയ്ക്ക് പി ശ്യാമളയാണ് വെല്ലുവിളി. കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കെ രാമചന്ദ്രനും യുഡിഎഫിലെ ടി ഒ മോഹനന് താഴേക്കണ്ടി മോഹനനും അപരന്മാരായുണ്ട്. അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കരീം ചേലേരിക്ക് കരീം ചന്ദ്രോത്തും വി വി അബ്ദുൽ കരീമും എൽഡിഎഫിലെ കെ വി സുമേഷിന് ടി പി സുമേഷും കെ സുമേഷ് കുമാറുമാണ് അപരന്മാർ.

മറ്റു മണ്ഡലങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. കല്യാശേരിയിൽ യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരിക്ക് അപരനായി രാജീവൻ കണ്ണോത്തുണ്ട്. മട്ടന്നൂരിൽ എൽഡിഎഫിലെ വി കെ സനോജിന് സനോജും യുഡിഎഫിലെ ചന്ദ്രൻ തില്ലെങ്കിരിക്ക് ചന്ദ്രൻ തെങ്ങോലത്തുമുണ്ട്. കൂത്തുപറമ്പിൽ എൽഡിഎഫിലെ പി കെ പ്രവീണിന് പ്രവീൺകുമാറും യുഡിഎഫിലെ ജയന്തി രാജന് ജയന്തിയുമാണ് വെല്ലുവിളിയാകുന്നത്. തലശേരിയിൽ എൽഡിഎഫിലെ കാരായി രാജന് ഒ പി രാജനും പി പി രാജനുമുള്ളപ്പോൾ യുഡിഎഫിലെ കെ പി സാജുവിന് വി പി സാജുവാണ് അപരൻ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News