Enter your Email Address to subscribe to our newsletters

Mahe, 27 മാര്ച്ച് (H.S.)
തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങള് ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് സുഗമവും പ്രലോഭന രഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികള്. കേരളവും പുതുച്ചേരിയും തമിഴ്നാടും ഉള്പ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളില് നടക്കുന്ന തെരഞ്ഞെടുപ്പില് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് ഏറ്റവും അധികം നിയന്ത്രണങ്ങള് അടിച്ചേല്പ്പിച്ചതായി കാണുന്നത്.
എല്ലാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്തും മാഹിയിലെ നിയന്ത്രണം ഉദ്യോഗസ്ഥരുടെ കയ്യിലാണ്. 44,000 ജനസംഖ്യയുളള മാഹിയില് 30,000 വോട്ടര്മാര് വരും. ഇവരെല്ലാം പരസ്പരം അറിയുന്നവരുമാണ്. എന്നാല് തെരഞ്ഞെടുപ്പ് വേളകളില് ഉദ്യോഗസ്ഥര് നടപ്പാക്കുന്ന അമിതമായ നിയന്ത്രണം മാഹിയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന് ഭീതി സൃഷ്ടിക്കുന്നുവെന്ന് ആരോപണമുയര്ന്നിട്ടുണ്ട്.
മാഹിയിലെ ഭരണ സിരാകേന്ദ്രമായ റീജിയണല് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കുള്ള റോഡ് പൊലീസിൻ്റെ നിയന്ത്രണത്തിലാണ്. യൂണിഫോം ധരിച്ച് തലങ്ങും വിലങ്ങും ആയുധമേന്തിയ പൊലീസുകാര് വാഹനങ്ങളിലും അല്ലാതേയും അവരുടെ പൂര്ണ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
സാധാരണ ജനങ്ങള്ക്ക് റീജിയണല് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് വിവിധ സേവനങ്ങള്ക്ക് പോകേണ്ടതുണ്ട്. എന്നാല് അവിടെ തമ്പടിച്ച പൊലീസുകാരെ കണ്ട് ജനങ്ങള്ക്ക് മടങ്ങുന്നതും പതിവ് കാഴ്ചയാണ്. ആര്എ ഓഫീസിൻ്റെ വരാന്തയിലും പരിസരത്തും എല്ലാം ഉദ്യോഗസ്ഥവൃന്ദം കൂടിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പുതുച്ചേരിയില് മറ്റൊരിടത്തും ഇത്രയും നിയന്ത്രണങ്ങള് ഇല്ലെന്നാണ് ഇവിടെ എത്തുന്നവരും പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26ന് ഇലക്ട്രോണിക് സീസര് മാനേജ്മെൻ്റ് സിസിറ്റം ( ഇഎസ്എംഎസ്) പ്രാവര്ത്തികമായതോടെ ഈ മാസം 25 വരെ തെരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങളില് നിന്നും മള്ട്ടി എന്ഫോഴ്സ്മെൻ്റിൻ്റെ റെയ്ഡില് 408.82 കോടി രൂപ മുല്യമുളള വസ്തുക്കള് പിടികൂടിയിരുന്നു. ഇതില് മദ്യവും സ്വര്ണ്ണമുള്പ്പെടെയുള്ള ലോഹങ്ങളും മയക്കു മരുന്നുകളും ഉള്പ്പെടുന്നു.
മാഹിയുമായി അതിര്ത്തി പങ്കിടുന്ന അഴിയൂരിലും മാഹി പാലത്തും സ്റ്റാറ്റിക് സര്വ്വലന്സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. എന്നാല് മാഹിയില് നിന്നും ഇതുവരെ വന് തോതില് പണമോ മറ്റോ പിടികൂടിയിട്ടില്ല. മതിയായ രേഖകളില്ലാതെ കൊണ്ടു പോയ പണം രേഖകള് സമര്പ്പിച്ചതോടെ തിരിച്ച് നല്കിയിട്ടുണ്ട്. ഒറ്റപ്പെട്ട തോതില് മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല് അത് സാധാരണ പോകുന്നതിനേക്കാള് കുറവാണ്.
പരിശോധനയും നിയന്ത്രണങ്ങളും നടത്തുമ്പോള് സാധാരണ ജനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ തടസങ്ങള് ഉണ്ടാവുകയോ ചെയ്യരുതെന്ന് കമ്മീഷന് നിര്ദേശിച്ചിട്ടുണ്ട്. എന്നാല് മാഹിയിലെ ജനങ്ങളുടെ ദൈനംദിന കാര്യങ്ങളില് തുറന്ന ഒരു നടപടി ഉദ്യോഗസ്ഥര് സ്വീകരിക്കുന്നില്ല. മാഹിയെ സംബന്ധിച്ച് ആശങ്കകള് ഏറിവരികയാണ്.
ഇത്രയും വലിയ ഉദ്യോഗസ്ഥ പൊലീസ് വിന്യാസം സമാധാനമായി ജനങ്ങള് കഴിയുന്ന ഈ പ്രദേശത്ത് ആവശ്യമില്ല. തൊട്ടടുത്ത കേരളത്തില് ഇതിൻ്റെ അഞ്ചിരട്ടിയോളം വിസ്തീര്ണമുളള മണ്ഡലങ്ങളില് മാഹിയുടെ പത്തിലൊന്നുപോലും പൊലീസിനെയോ മറ്റ് ഉദ്യോഗസ്ഥനേയോ കാണാന് കഴിയുന്നില്ലെന്ന് ദേശവാസികള് പറയുന്നു.
ഇതിനെല്ലാം പുറമേ സദാ റോന്ത് ചുറ്റുന്ന പൊലീസ് വേറേയും. ഓരോ കവലയിലും വാഹനങ്ങള് നിര്ത്തി തദ്ദേശീയരെപോലും പരിശോധിക്കുന്നു. ഒരു ദിവസം പലതവണ പരിശോധനക്ക് വിധേയമാകുന്നവര് ഏറെയാണ്. മാഹി പാലത്തിനക്കരെ ഈ മണ്ഡലത്തിൻ്റെ ഭാഗമായി പള്ളൂര്, ചാലക്കര, പന്തക്കല് പ്രദേശങ്ങളുണ്ട്. അവിടെ നിന്നും മാഹിയിലേക്ക് വരുന്നവര് നിരന്തരമായി പരിശോധനവക്ക് വിധേയരാവുന്നു. അടച്ചുപൂട്ടിയ എംഎല്എ ഓഫിസിന് മുന്നില് പോലും നില്ക്കാനാവാത്ത അവസ്ഥയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR