ചൂടിന് ശമനമായി കേരളത്തിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
Kasaragod , 27 മാര്ച്ച് (H.S.) ചൂടിന് ശമനമായി കേരളത്തിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് മുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടി മിന്നലോ
Kerala weather update


Kasaragod , 27 മാര്ച്ച് (H.S.)

ചൂടിന് ശമനമായി കേരളത്തിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് മുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മിതമായ മഴയാണ് പ്രതീക്ഷിക്കുന്നതെങ്കിലും എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് താപനില കുറയാൻ കാരണമാകും.

35 ഡിഗ്രി സെൽഷ്യസ് മുതൽ 38 വരെയാണ് കേരളത്തിൽ രേഖപ്പെടുത്തിയ ശരാശരി താപനില. മഴ ലഭിക്കുന്നതോടെ താപ നില കുറയും. നിലവിൽ നാലു ദിവസത്തെ ഗ്രീൻ അലർട് ആണ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്. ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നത്.

എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് പകുതിയോടെകൊടും ചൂടിനിടെ ആശ്വാസമായി പലയിടത്തും മഴ ലഭിച്ചിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ചില ഭാഗങ്ങളിൽ ആണ് മഴ പെയ്തത്. ഇടുക്കിയിലെ ദേവികുളത്ത് മഴയ്ക്കൊപ്പം ആലിപ്പഴവർഷം വീണത് കൗതുക കാഴ്ച ആയിരുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

അതേസമയം താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, ഒആർഎസ് ലായനി, സംഭാരം എന്നിവ കൂടുതലായി ഉപയോഗിക്കുക.

പൊതുപരിപാടികൾ 11 മുതൽ മൂന്നുവരെ കഴിവതും ഒഴിവാക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News