Enter your Email Address to subscribe to our newsletters

Ernakulam , 27 മാര്ച്ച് (H.S.)
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ കുടുംബത്തെയും അതേ സ്നേഹത്തോടെ തന്നെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.
പൊതുവേദികളില് അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും മോഹൻലാലിനൊപ്പം ഒട്ടുമിക്ക സിനിമകളുടെയും ട്രെയിലർ ലോഞ്ചിനും വിദേശ യാത്രയ്ക്കും ഒക്കെ പലപ്പോഴും കുടുംബം ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.
അക്കൂട്ടത്തില് പ്രണവിനെ എല്ലാവർക്കും അറിയാൻ സാധ്യത ഉണ്ട്. മോഹൻലാലിന്റെ മകൻ എന്നതിലുപരി മലയാള സിനിമയിലെ ഒരു പ്രധാന നടൻ എന്ന നിലയില് പ്രണവ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്. അടുത്തിടെ പുറത്തിറങ്ങിയ ഡയസ് ഇറെ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസ് കണക്കുകളിലും തന്നെ കവച്ചുവയ്ക്കാൻ ആർക്കും ആവില്ലെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു.
മോഹൻലാലിന്റെ മകളായ വിസ്മയയെ പക്ഷേ അധികമാർക്കും പരിചയമുണ്ടാവില്ല. പൊതുവേദികളില് കാണാറുണ്ടെങ്കിലും സിനിമയില് ഇതുവരെ വിസ്മയ അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാല് അതിനുള്ള അവസരം ഈ വർഷമാണ് ഒരുക്കിയിരിക്കുന്നത്. അതിന് മുന്നോടിയായി തന്റെ പ്രിയ പുത്രിക്ക് പിറന്നാള് ആശംസകള് നേരുകയാണ് മോഹൻലാല്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മോഹൻലാല് വിസ്മയക്ക് ഹൃദയം നിറഞ്ഞ പിറന്നാള് ആശംസകള് നേർന്നത്. ഒരു അച്ഛന്റെ സ്നേഹവും കരുതലും മാത്രമല്ല അടുത്ത് തന്നെ സിനിമയില് അരങ്ങേറാൻ ഇരിക്കുന്നതിന്റെ പ്രതീക്ഷയും മോഹൻലാല് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. ഈ വർഷം നിന്റെ വെളിച്ചം ലോകം മുഴുവൻ അറിയുമെന്നാണ് മോഹൻലാല് പിറന്നാള് ആശംസയില് കുറിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ ആശംസയുടെ പൂർണരൂപം: ജന്മദിനാശംസകള്, പ്രിയപ്പെട്ട മായക്കുട്ടി. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്... പുതിയ സ്വപ്നങ്ങള് വികസിച്ചുകൊണ്ടിരിക്കുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര വികസിച്ചുകൊണ്ടിരിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള് വഹിക്കുന്ന അഭിനിവേശത്തിലും ധൈര്യത്തിലും ഞാൻ അഭിമാനിക്കുന്നു. ലോകം നിന്റെ വെളിച്ചം കാണുന്ന ഒരു വർഷത്തിലേക്ക് ഇതാ.
സ്നേഹത്തോടെ, അച്ച.
അതേസമയം, 2018 അടക്കമുള്ള ഹിറ്റ് സിനിമകള് ഒരുക്കിയ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയില് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. മാത്രമല്ല ചിത്രത്തില് ഒരു അതിഥിവേഷത്തില് മോഹൻലാല് തന്നെ അഭിനയിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.
യാത്രകളിലും എഴുത്തിലും വരകളിലും ആയോധനകലകളിലും മറ്റും കൂടുതലായി താല്പര്യം കാണിച്ചിരുന്ന മായ അടുത്തിടെയാണ് കുടുംബത്തില് അമ്മയോട് തന്റെ സിനിമാ മോഹം തുറന്നുപറഞ്ഞത്. പിന്നാലെ ഇത് മോഹൻലാലിന്റെ കാതിലുമെത്തി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിന്റെ നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറില് മോഹൻലാലിന്റെ പ്രിയ സുഹൃത്ത് ആന്റണി പെരുമ്പാവൂരാണ്.
പ്രണവിനെ പോലെയല്ല വിസ്മയ ഇതുവരെയും ക്യാമറയ്ക്ക് മുന്നില് അഭിനയിച്ചിട്ടില്ല, എന്ന് മാത്രമല്ല പൊതുവേദികളില് സംസാരിക്കുന്നതും ആരാധകർക്ക് അധികം കാണാൻ കഴിഞ്ഞിട്ടില്ല. മറിച്ച് പ്രണവ് ആവട്ടെ ചെറുപ്രായത്തില് തന്നെ പിതാവിന്റെ ബാല്യകാല വേഷം ചെയ്യുകയും സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. അതോടെ മായ എങ്ങനെ പെർഫോം ചെയ്യും എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR