സഹകരണ വകുപ്പിലെ പൊതു സോഫ്റ്റ്വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിക്ക് നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല.
Thiruvananthapuram , 27 മാര്ച്ച് (H.S.) സഹകരണ വകുപ്പിലെ പൊതു സോഫ്റ്റ്വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിക്ക് നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. ലോകപ്രശസ്ത ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ
Ramesh chennithala


Thiruvananthapuram , 27 മാര്ച്ച് (H.S.)

സഹകരണ വകുപ്പിലെ പൊതു സോഫ്റ്റ്വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിക്ക് നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. ലോകപ്രശസ്ത ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) നൽകാൻ നിശ്ചയിച്ചിരുന്ന കരാർ അട്ടിമറിച്ച്, യാതൊരു മുൻപരിചയവുമില്ലാത്ത സഹകരണ സംഘങ്ങൾക്ക് നാലിരട്ടി തുകയ്ക്ക് കൈമാറാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ 4415 പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്വെയർ നടപ്പിലാക്കാൻ ടിസിഎസ് 206 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരം 2024 ഏപ്രിലിൽ ഇതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ ഈ കരാർ ദുരൂഹസാഹചര്യത്തിൽ റദ്ദാക്കിയ സർക്കാർ, പുതിയ നിബന്ധനകൾ ഉൾപ്പെടുത്തി വീണ്ടും ടെൻഡർ വിളിക്കുകയായിരുന്നു. ടിസിഎസ് പോലുള്ള വൻകിട കമ്പനികളെ ഒഴിവാക്കാൻ മനഃപൂർവം കെട്ടിച്ചമച്ച നിബന്ധനകളാണ് പുതിയ ടെൻഡറിലുണ്ടായിരുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

പുതുക്കിയ ടെൻഡറിൽ സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ രണ്ട് സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇതിൽ കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച ബിഡ് അംഗീകരിക്കാനാണ് സർക്കാർ നീക്കം. ദിനേശ് ബീഡി സംഘം 280 സഹകരണ സംഘങ്ങളിലെ സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിനായി 58 കോടി രൂപയാണ് ക്വോട്ട് ചെയ്തിരിക്കുന്നത്. ഈ നിരക്ക് പ്രകാരം സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും പദ്ധതി നടപ്പാക്കുമ്പോൾ ഏകദേശം 914 കോടി രൂപ ചെലവ് വരും. 206 കോടിക്ക് ടിസിഎസ് നടപ്പാക്കാമെന്നേറ്റ പദ്ധതിയാണിത്. ഇതുവഴി ഖജനാവിന് 700 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും മാനദണ്ഡപ്രകാരം രാജ്യവ്യാപകമായി ഏകീകൃത ബാങ്കിങ് സോഫ്റ്റ്വെയർ നടപ്പാക്കാൻ കേന്ദ്രഫണ്ട് ലഭ്യമാണ്. എന്നാൽ കേന്ദ്ര സോഫ്റ്റ്വെയർ ഒഴിവാക്കി 'തനത് സോഫ്റ്റ്വെയർ' വികസിപ്പിക്കാനെന്ന പേരിലാണ് സംസ്ഥാന സർക്കാർ ഈ അഴിമതിക്ക് കളമൊരുക്കിയത്. നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടെ ഈ കരാർ അടിയന്തരമായി നൽകാനാണ് സഹകരണ വകുപ്പ് ശ്രമിക്കുന്നത്.

ഭീമമായ സാമ്പത്തിക അഴിമതിക്ക് പുറമെ, കേരളത്തിലെ മുഴുവൻ സഹകരണ സംഘങ്ങളെയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ അനധികൃത നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകും. ഐക്യജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലെത്തിയാൽ ഈ നടപടികൾ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ രേഖകളും വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News