Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 മാര്ച്ച് (H.S.)
നേമം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്ന നിലയിൽ അഭിമാനത്തോടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്നു.കഴിഞ്ഞ കാലങ്ങളിൽ നമ്മൾ ഒന്നിച്ച് കെട്ടിപ്പടുത്ത വികസന മാതൃകകളുടെ ആത്മവിശ്വാസമാണ് എൽ ഡി എഫിന്റെ കരുത്ത്. കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് വരും ദശകങ്ങളിലെ നേമത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു സമ്പൂർണ്ണ വികസന രേഖയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്.ഈ പ്രകടനപത്രികയിലെ ഓരോ നിർദ്ദേശവും നേമത്തെ വോട്ടർമാരോടുള്ള എന്റെ പ്രതിബദ്ധതയാണ്.
*വിദ്യാഭ്യാസവും ആരോഗ്യവും: നമ്മുടെ മുൻഗണന*
വിദ്യാഭ്യാസ മേഖലയിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. അത് കൂടുതൽ കരുത്തുറ്റതാക്കാൻ നേമത്തെ എല്ലാ എൽ.പി. സ്കൂളുകളിലും 'ഹെൽത്തി കിഡ്സ്' പദ്ധതിയും ഹൈസ്കൂൾ തലത്തിൽ നൈപുണ്യ പരിശീലനവും ഞങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ മാനസികാരോഗ്യം മുൻനിർത്തി എല്ലാ വിദ്യാലയങ്ങളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും.ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യം. നേമം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തും. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയെ ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാക്കുന്നതിനൊപ്പം ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ സമന്വയിപ്പിച്ച് നേമത്തെ ഒരു ഹെൽത്ത് ഹബ്ബാക്കി മാറ്റും.
*തൊഴിലും യുവജനക്ഷേമവും*
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തുറന്നു കിട്ടുന്ന വൻ തൊഴിലവസരങ്ങൾ നമ്മുടെ മണ്ഡലത്തിലെ യുവാക്കൾക്ക് ലഭ്യമാക്കാൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതികൾ ആവിഷ്കരിക്കും. കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെ ഒരു 'നൈപുണ്യ കോറിഡോർ' സ്ഥാപിച്ച് ഐ.ടി.ഐകളും എഞ്ചിനീയറിംഗ് കോളേജുകളും ഏകോപിപ്പിച്ച് തൊഴിൽ സംരംഭകത്വ കേന്ദ്രങ്ങളാക്കും. കുടുംബശ്രീ അംഗങ്ങൾക്കും യുവാക്കൾക്കും സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രത്യേക സഹായം ഉറപ്പാക്കും.
*അടിസ്ഥാന സൗകര്യങ്ങളും വ്യവസായവും*
നഗരസഭാ റോഡുകളുടെ ഉന്നത നിലവാരം, മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ, പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ നവീകരണം എന്നിവയിലൂടെ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും. വിജയമോഹിനി മിൽ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തും. തൃക്കണ്ണാപുരം നെയ്ത്തു സംഘത്തെ ആധുനികവത്കരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
*വിഷൻ 2041: നാളെയുടെ നേമം*
നേമത്തിന്റെ അടുത്ത 15 വർഷത്തെ വികസനം ലക്ഷ്യമിട്ട് 'വിഷൻ 2041' എന്ന ബൃഹത് പദ്ധതി ഞങ്ങൾ വിഭാവനം ചെയ്യുന്നു. കരമനയാർ-കിള്ളിയാർ സംരക്ഷണം, കാർബൺ ന്യൂട്രൽ മണ്ഡലം, എല്ലാ വാർഡുകളിലും സ്വീവേജ് സംവിധാനം, വയോജനങ്ങൾക്ക് വീട്ടിൽ തന്നെ ചികിത്സാ പരിശോധന ഉറപ്പാക്കുന്ന വെൽനസ് സെന്ററുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. സ്ത്രീ സൗഹൃദ മണ്ഡലമായി നേമത്തെ മാറ്റാൻ സി.സി.ടി.വി നിരീക്ഷണം മണ്ഡലത്തിൽ ആകെ കൊണ്ടുവരും. 'ഓട്ടിസം പാർക്ക്' പോലുള്ള സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പിലാക്കും. കുന്നുംപാറ, പനത്തുറ, കിരീടംപാലം എന്നിവ കേന്ദ്രീകരിച്ച് ടൂറിസം വികസനവും പിൽഗ്രിം ടൂറിസവും യാഥാർത്ഥ്യമാക്കും.
*നൈപുണ്യ മേഖലയിലെ വികസനം*
നമ്മുടെ നാടിന്റെ ഭാവി നിർണ്ണയിക്കുന്ന ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അവസരത്തിൽ, കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ആയിരുന്ന കാലത്ത് ശ്രീ. രാജീവ് ചന്ദ്രശേഖരൻ കേരളത്തിനും പ്രത്യേകിച്ച് നമ്മുടെ നേമം മണ്ഡലത്തിനും വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം പ്രസക്തമാണ്. അധികാരത്തിന്റെ ശീതളഛായയിൽ ഇരുന്ന് വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയതല്ലാതെ, താഴെത്തട്ടിൽ ഒരു മാറ്റവും കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നത് പകൽപോലെ വ്യക്തമാണ്.എന്നാൽ, ഇടതുപക്ഷ സർക്കാർ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് വഴി നാം നടപ്പിലാക്കിയത് വിപ്ലവകരമായ പദ്ധതികളാണ്.
1. നേമത്തിന്റെ അഭിമാനമായി കരിയർ ഡെവലപ്മെന്റ് സെന്റർ
വികേന്ദ്രീകൃത നൈപുണ്യ വികസനത്തിന്റെ ഭാഗമായി, മലയാളത്തിന്റെ അഭിമാനം സ്താണു പത്മനാഭന്റെ പേരിൽ നേമം മണ്ഡലത്തിലെ കരമനയിൽ 6 കോടി രൂപ ചെലവഴിച്ച് അത്യാധുനികമായ കരിയർ ഡെവലപ്മെന്റ് സെന്റർ നാം യാഥാർത്ഥ്യമാക്കി. നമ്മുടെ യുവാക്കൾക്ക് തൊഴിൽ മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുന്ന ഒരു കേന്ദ്രമായി ഇത് മാറിയിരിക്കുന്നു.
2. ആഗോള തൊഴിൽ വിപണിയും ജർമ്മൻ പങ്കാളിത്തവും
നമ്മുടെ ഉദ്യോഗാർത്ഥികളെ ആഗോള തൊഴിൽ വിപണിക്ക് പ്രാപ്തരാക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണങ്ങളാണ് നാം ഉറപ്പാക്കിയിട്ടുള്ളത്: * നെക്സ്റ്റ്ജെൻ പ്രോഗ്രാം: ജർമ്മനിയിലെ 5 സർവ്വകലാശാലകളുടെ കൂട്ടായ്മയുമായി ചേർന്ന് കേരളത്തിൽ 9,000 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായി. ഇത് വഴി 300 പുതിയ ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് വരും. * സിസ്റ്റർ സ്റ്റേറ്റ് കരാർ: ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഹെസ്സൻ സംസ്ഥാനവുമായി 'സിസ്റ്റർ സ്റ്റേറ്റ്' ബന്ധം സ്ഥാപിക്കുന്ന കരാർ അന്തിമ ഘട്ടത്തിലാണ് . * ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയർ (IGTF): പ്രതിമാസം 1.2 ലക്ഷം രൂപയോളം സ്റ്റൈപ്പന്റോടെ ജർമ്മനിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ 500 ഉദ്യോഗാർത്ഥികളെ അയക്കുന്ന പൈലറ്റ് പ്രോജക്ട് ഈ വർഷം നടപ്പിലാക്കും.3. നൂതന സാങ്കേതിക വിദ്യകളും ഇൻസ്റ്റിറ്റ്യൂട്ടുകളുംഭാവിയിലെ തൊഴിലവസരങ്ങൾ മുന്നിൽ കണ്ടുകൊണ്ട് നാം നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ: * ഡ്രോൺ ടെക്നോളജി: കൊട്ടാരക്കരയിൽ NIELIT-യുമായി ചേർന്ന് ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക്. * വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്: കൊച്ചിയിൽ എൻ.എസ്.ഡി.സി (NSDC) പങ്കാളിത്തത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് (IIFL) * മെട്രോ & റെയിൽ: കൊച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്നോളജി സ്ഥാപിക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറായിക്കഴിഞ്ഞു.
4. സുതാര്യതയും ഗുണനിലവാരവുംതൊഴിൽ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തി: * KASE Seal of Excellence: രാജ്യത്ത് ആദ്യമായി നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് ഗുണമേന്മ മുദ്ര നൽകുന്ന പദ്ധതി ആരംഭിച്ചു. * റിക്രൂട്ട്മെന്റ് ലൈസൻസ്: വിദേശ തൊഴിൽ ചൂഷണങ്ങൾ ഒഴിവാക്കാൻ കെയ്സിന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിക്രൂട്ട്മെന്റ് ഏജൻസി ലൈസൻസ് ഉടൻ ലഭ്യമാകും. തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സ്കിൽ ഇന്ത്യയെക്കുറിച്ച് പ്രസംഗിക്കുന്നവർ കാണാതെ പോകുന്നത്, കേരളം ഇവിടെ സ്കിൽ കേരളയെ ലോകനിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞു എന്നതാണ്. വികേന്ദ്രീകൃതമായ ആസൂത്രണത്തിലൂടെ നേമത്തെയും കേരളത്തെയും നൈപുണ്യ വികസനത്തിന്റെ ഹബ്ബാക്കി മാറ്റാൻ ഈ സർക്കാരിന് സാധിച്ചു.
*വികസനം - സംവാദം*
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നേമം മണ്ഡലത്തിൽ നടന്നത് സമാനതകളില്ലാത്ത വികസന വിപ്ലവമാണ്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ, നാടിന്റെ നന്മയ്ക്കായി നാം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായി 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തിയാക്കാനോ അന്തിമഘട്ടത്തിൽ എത്തിക്കാനോ നമുക്ക് സാധിച്ചത്.ഞാൻ ചോദിക്കുന്നത് ഇത്രമാത്രമാണ്—ഈ നാടിന് വേണ്ടി ഞങ്ങൾ ചെയ്ത കാര്യങ്ങൾ ഓരോന്നായി എണ്ണിപ്പറയാൻ എനിക്ക് സാധിക്കും. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയായി ഇവിടെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് ഇതിന് മറുപടിയുണ്ടോ? ഉണ്ടെങ്കിൽ, ഈ വികസന രേഖകളെ മുൻനിർത്തി ഒരു സംവാദത്തിന് ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്.ഞങ്ങൾ നടപ്പിലാക്കിയ ചില പ്രധാന കാര്യങ്ങൾ ഇതാ:
-വിദ്യാഭ്യാസ വിപ്ലവം (75.39 കോടി): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 22 സ്കൂളുകൾ ഞങ്ങൾ അടിമുടി മാറ്റി. വാഴമുട്ടം ഗവ. ഹൈസ്കൂളിന് മാത്രം 11.30 കോടി രൂപ നൽകി. 15 സ്കൂളുകൾ 'വർണ്ണകൂടാരങ്ങളായി', മിക്ക സ്കൂളുകളിലും ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ കൊണ്ടുവന്നു.
- ആരോഗ്യ മേഖലയിലെ കുതിപ്പ് (63.6 കോടി): നേമം താലൂക്ക് ആശുപത്രിയിൽ 22.24 കോടിയുടെ പുതിയ ഒ.പി ബ്ലോക്കും 8 കോടിയുടെ കാഷ്വാലിറ്റി ബ്ലോക്കും ഉയർന്നു കഴിഞ്ഞു. ഐരാണിമുട്ടത്ത് 11 കോടിയിൽ ഹോമിയോ ഡയറക്ടറേറ്റ് മന്ദിരവും പൂർത്തിയാക്കി.
-അടിസ്ഥാന സൗകര്യങ്ങൾ: മണക്കാട്-കാലടി റോഡ് ഉൾപ്പെടെ 322 കോടി രൂപയുടെ റോഡ് നവീകരണവും, മുടവൻമുകൾ പാലം അടക്കം 82 കോടി രൂപയുടെ 11 പുതിയ പാലങ്ങളും ഞങ്ങൾ പണിതു.
- തൊഴിലും നൈപുണ്യവും: ചാലയിലെ പുതിയ ഗവ. ഐ.ടി.ഐ ഉൾപ്പെടെയുള്ള 51.32 കോടിയുടെ പദ്ധതികൾ. കരമനയിൽ കരിയർ ഡെവലപ്മെന്റ് സെന്ററിനായി 6 കോടി രൂപയാണ് നാം ചെലവഴിച്ചത്.
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തിന് 150 കോടിയും, വാഴമുട്ടത്തെ നാഷണൽ ഹൗസിംഗ് മ്യൂസിയത്തിന് 40 കോടിയും അനുവദിച്ച് നേമത്തിന്റെ മുഖച്ഛായ തന്നെ നാം മാറ്റുകയാണ്.
ഈ കണക്കുകൾ കേവലം അക്കങ്ങളല്ല, മറിച്ച് നേമത്തെ ഒരു മാതൃകാ മണ്ഡലമാക്കി മാറ്റുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ്. വികസനം എന്നത് പ്രസംഗമല്ല, പ്രവർത്തിയാണെന്ന് ഞങ്ങൾ തെളിയിച്ചു. ബിജെപി സ്ഥാനാർത്ഥിയെ ഞാൻ വീണ്ടും ക്ഷണിക്കുകയാണ് , നമുക്ക് ജനങ്ങൾക്ക് മുന്നിൽ വെച്ച് 2016-2021 കാലഘട്ടത്തിലും 2021-26 കാലഘട്ടത്തിലും നടന്നിട്ടുള്ള നേമം മണ്ഡലം വികസന കാര്യങ്ങളിൽ ഒരു സംവാദം നടത്താം.
*രാജീവ് ചന്ദ്രശേഖരൻ - സ്വത്ത്*
നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ വൻതോതിൽ വിവരങ്ങൾ മറച്ചുവെച്ചിരിക്കുകയാണ്. ഇതിനെതിരെ എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ കമ്മീഷനും വരണാധികാരിക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.ബെംഗളൂരു കോറമംഗല മൂന്നാം ബ്ലോക്കിലെ 408-ാം നമ്പർ വസതി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ തന്റെ ഫോം 26 സത്യവാങ്മൂലത്തിൽ ഈ വസ്തുവകകളെക്കുറിച്ച് അദ്ദേഹം യാതൊരു പരാമർശവും നടത്തിയിട്ടില്ല. ഈ വസ്തുവിന്റെ നികുതി ഇപ്പോഴും രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ തന്നെയാണ് അടച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം. കഴിഞ്ഞ അഞ്ച് വർഷത്തെ നികുതി രസീതുകൾ പരിശോധിച്ചാലും ഇതിന്റെ ഉടമസ്ഥാവകാശം ആരുടേതാണെന്ന് വ്യക്തമാകും.കഴിഞ്ഞ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ഇതേ വീട് തന്റെ താമസസ്ഥലമായി അദ്ദേഹം രേഖപ്പെടുത്തിയിരുന്നുവെങ്കിലും അന്നും ഇത് സ്വന്തം ആസ്തിയായി കാണിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കോടിക്കണക്കിന് രൂപയുടെ ആസ്തികൾ ഓരോ തിരഞ്ഞെടുപ്പിലും ഓരോ രീതിയിൽ അവതരിപ്പിക്കുന്നത് വോട്ടർമാരെ പച്ചയായി കബളിപ്പിക്കാനാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇത് ശിക്ഷാർഹമായ കുറ്റമാണ്. സ്വത്ത് വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുന്ന നടപടി വഴി സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നുമാണ് എൽ.ഡി.എഫ് ആവശ്യപ്പെടുന്നത്. ജനാധിപത്യ പ്രക്രിയ പൂർണ്ണമായും സുതാര്യമായിരിക്കണം. വോട്ടർമാർക്ക് സ്ഥാനാർഥികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാൻ അവകാശമുണ്ട്, അത് മറച്ചുവെക്കാൻ ആരെയും അനുവദിക്കില്ല.
*നേമം റെയിൽവേ ടെർമിനൽ പദ്ധതി* 2
കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം സാറ്റലൈറ്റ് ടെർമിനൽ പദ്ധതിയെ കേന്ദ്ര സർക്കാർ ബോധപൂർവ്വം അട്ടിമറിക്കുകയാണ്.
നേമത്തുകാർക്ക് അത് വലിയ തിരഞ്ഞെടുപ്പ് വിഷയമാണ്.
ആദ്യ മാസ്റ്റർ പ്ലാനിൽ നിന്ന് പദ്ധതിയെ പാടെ തകർക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് റെയിൽവേ ഇപ്പോൾ വരുത്തിയിരിക്കുന്നത്.
നേരത്തെ 350 കോടി രൂപയുടെ വിപുലമായ പദ്ധതിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിൽ വെറും 97 കോടി രൂപയായി രണ്ടാം ഘട്ട എസ്റ്റിമേറ്റ് വെട്ടിക്കുറച്ചിരിക്കുന്നു.
5 പിറ്റ് ലൈനുകളും 10 സ്റ്റേബ്ലിംഗ് ലൈനുകളും നിർമ്മിക്കാനായിരുന്നു ആദ്യ പ്ലാൻ. എന്നാൽ ഇപ്പോൾ അത് വെറും 2 പിറ്റ് ലൈനായും 3 സ്റ്റേബ്ലിംഗ് ലൈനായും ചുരുക്കി.
ട്രെയിനുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യങ്ങളെ ഇല്ലാതാക്കുന്നതിലൂടെ നേമം ടെർമിനലിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം.
2021-ൽ സമർപ്പിച്ച ഡി.പി.ആറിൽ നിന്ന് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുന്നു.
2011-12 ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത പദ്ധതിയാണിത്. തറക്കല്ലിട്ട ശേഷം പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുന്നത് ജനാധിപത്യപരമായ മര്യാദയല്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാൻ നേമം ടെർമിനൽ അനിവാര്യമാണ്.
നേമത്തെ ജനങ്ങളോടും കേരളത്തോടും കേന്ദ്ര സർക്കാർ കാട്ടുന്ന ഈ നീതികേട് അംഗീകരിക്കാനാവില്ല. പദ്ധതിയുടെ ആദ്യ മാസ്റ്റർ പ്ലാൻ അനുസരിച്ച് തന്നെ നിർമ്മാണം പൂർത്തിയാക്കണം. നാഗർകോവിലിന്റെ പേര് പറഞ്ഞ് നേമം ടെർമിനലിനെ ഇല്ലാതാക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ നേമത്തെ ബിജെപി സ്ഥാനാർത്ഥിക്ക് ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മൗനം?
*ബിജെപി പരാതി - മറുപടി*
നേമം നിയോജകമണ്ഡലത്തിലെ ബി.ജെ.പി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി. എനിക്കെതിരെ വരണാധികാരിക്ക് നൽകിയ പരാതി പൂർണ്ണമായും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. തെരഞ്ഞെടുപ്പ് വേളയിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢശ്രമമാണിത്.ഈ പരാതിയിലെ വസ്തുതകൾ നിങ്ങൾ പരിശോധിക്കണം:
- എൽ.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.- എന്റെ ഔദ്യോഗിക ലെറ്റർ പാഡ് ദുരുപയോഗം ചെയ്ത് ഞാൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന ആരോപണം തികച്ചും തെറ്റാണ്.- മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് 2026 മാർച്ച് 15-നാണ്. എന്നാൽ പരാതിക്ക് ആസ്പദമായ കത്തിൽ തന്നെ അതിന്റെ തിയതി മാർച്ച് 6 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.- ആ സമയത്ത് എന്നെ നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തീരുമാനിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു.- കത്തിൽ വോട്ട് ചെയ്യണമെന്നോ, സ്ഥാനാർത്ഥിയാണെന്നോ, എന്റെ ചിഹ്നമോ രേഖപ്പെടുത്തിയിട്ടില്ല.- തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഒരു മന്ത്രിയെന്ന നിലയിലോ ജനപ്രതിനിധിയെന്ന നിലയിലോ വികസന കാര്യങ്ങൾ അറിയിക്കാൻ ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിക്കുന്നതിൽ യാതൊരു നിയമതടസ്സവുമില്ല.- മാർച്ച് 15-ന് ശേഷം ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള യാതൊരു സന്ദേശവും വിതരണം ചെയ്തിട്ടില്ല.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യാജവാർത്തകൾ സൃഷ്ടിക്കാനും വേണ്ടി ബി.ജെ.പി നടത്തുന്ന ഈ നീക്കം ജനം തിരിച്ചറിയും. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പരാതി തള്ളിക്കളയണമെന്ന് ഞാൻ വരണാധികാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
*നഗ്നനായ അഘോരി*
ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നഗ്നനായ അഘോരിയെ പങ്കെടുപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും കേരളീയ സംസ്കാരത്തിന് നിരക്കാത്തതുമാണ്. ഇത് വെറുമൊരു ആചാരപരമായ വിഷയമല്ല, മറിച്ച് നമ്മുടെ ജനാധിപത്യ മൂല്യങ്ങളെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെയും പരസ്യമായി വെല്ലുവിളിക്കലാണ്.നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, മാന്യമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള കേരളത്തിന്റെ മണ്ണിൽ ഇത്തരമൊരു 'പ്രകടനം' അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഇവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മതപരമായ ചിഹ്നങ്ങളോ വേഷവിധാനങ്ങളോ ഉപയോഗിച്ച് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് വ്യക്തമായ ചട്ടലംഘനമാണ്. ഭക്തിയെയും വിശ്വാസത്തെയും രാഷ്ട്രീയ ലാഭത്തിനായി വികൃതമായി ഉപയോഗിക്കുന്ന ബിജെപിയുടെ ഈ രീതി അവർക്ക് ജനങ്ങളോടുള്ള ഭയമാണ് വെളിപ്പെടുത്തുന്നത്.കേരളത്തിന്റെ മതേതര മനസ്സിനെ വർഗീയവൽക്കരിക്കാനും അനാചാരങ്ങൾ പടർത്താനുമുള്ള ഇത്തരം നീക്കങ്ങളെ വോട്ടർമാർ പുച്ഛിച്ചു തള്ളും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ചട്ടലംഘനത്തിന് കർശന നടപടി സ്വീകരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. വികസനവും രാഷ്ട്രീയവും പറയേണ്ട വേദികളിൽ നഗ്നതയും അന്ധവിശ്വാസവും പ്രദർശിപ്പിക്കുന്നത് കേരളത്തിന് അംഗീകരിക്കാനാവില്ല.ഇതാണ് അവർ പറയുന്ന മാറ്റം. ഈ മാറ്റത്തെ നേമത്തെ ജനങ്ങൾ തള്ളിക്കളയും എന്ന് തീർച്ച.
*നേമം: കണക്കുകൾ പറയുന്ന കോൺഗ്രസ് - ബിജെപി അന്തർധാര*
നേമം മണ്ഡലത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ യുഡിഎഫിന്റെ വോട്ടുകൾ ബിജെപിയിലേക്ക് എങ്ങനെ ഒഴുകി എന്നത് വ്യക്തമാകും. വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വെറും പുകമറയാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
2011-ൽ യുഡിഎഫിന് ലഭിച്ച 20,248 വോട്ടുകൾ 2016-ൽ വെറും 13,860 ആയി കുറഞ്ഞു. ബിജെപിയെ വിജയിപ്പിക്കാൻ വേണ്ടി കോൺഗ്രസ് വോട്ടുകൾ അവിഹിതമായി മറിച്ചതിന്റെ ഏറ്റവും വലിയ തെളിവാണിത്. ശക്തമായ പോരാട്ടം നടന്ന 2021-ൽ എൽഡിഎഫ് വോട്ടുകൾ വർധിപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ, ബിജെപിയെ സഹായിക്കാനുള്ള കോൺഗ്രസിന്റെ 'ഡീൽ' ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
നേമത്തെ വോട്ടു കണക്കുകൾ പരിശോധിക്കുന്ന ആർക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; ഇവിടെ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ചെയ്തുകൊടുത്തത് കോൺഗ്രസ് ആണ്. 2011-ൽ ഇരുപതിനായിരത്തിലധികം വോട്ടുണ്ടായിരുന്ന യുഡിഎഫ് 2016-ൽ പതിമൂവായിരത്തിലേക്ക് കൂപ്പുകുത്തിയത് ഏത് 'ഡീൽ' പ്രകാരമാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം. സതീശന്റെ ആരോപണങ്ങൾ തീർത്തും വസ്തുതാവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തവുമാണ്.സ്വയം വലിയ മതനിരപേക്ഷവാദി എന്ന് ചമയുന്ന സതീശൻ, 2006-ൽ പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് എന്തിനായിരുന്നു? ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയ സതീശൻ, അത് ഏത് രാഷ്ട്രീയ ഡീലിന്റെ ഭാഗമാണെന്ന് കേരളത്തോട് പറയണം. 2013-ലെ മറ്റൊരു പരിപാടിയുടെ പേര് പറഞ്ഞ് സ്ഥിരമായി ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ നോക്കണ്ട. 2006-ലെ ആ പരിപാടിയെപ്പറ്റിയുള്ള സതീശന്റെ മറുപടി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകനെ പൂവിട്ടു പൂജിക്കാൻ സതീശൻ കണ്ടെത്തിയ സമയം കൂടി നമ്മൾ ശ്രദ്ധിക്കണം. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ ആ പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്. 2001-ലെയും 2006-ലെയും തെരഞ്ഞെടുപ്പുകളിൽ സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് നമ്മൾ കണ്ടതാണ്. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ആ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. മതനിരപേക്ഷ കേരളത്തിന് മുന്നിൽ വി.ഡി. സതീശൻ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. സ്വന്തം തട്ടകത്തിലെ ആർഎസ്എസ് ബന്ധം ഒളിപ്പിച്ചു വെച്ച് എൽഡിഎഫിന് നേരെ വിരൽ ചൂണ്ടാൻ സതീശന് എന്ത് അർഹതയാണുള്ളത്?
*കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു*
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയാണ്.
ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇതിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നു. കേന്ദ്ര സർക്കാർ വകുപ്പ് മേധാവികളെപ്പോലും തങ്ങളുടെ രാഷ്ട്രീയ ഏജന്റുമാരായി ബിജെപി മാറ്റിയിരിക്കുകയാണ്.
ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം.
കേന്ദ്രാധികാരം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് പോസ്റ്റൽ മാർഗത്തിലൂടെയും മറ്റും ബിജെപി കേരളത്തിലേക്ക് ഒഴുക്കുന്നത്.
പണം നൽകി വോട്ട് വാങ്ങാമെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് കേരളത്തിൽ നടപ്പില്ല.
വികസനത്തെയോ രാഷ്ട്രീയത്തെയോ കുറിച്ച് സംസാരിക്കാൻ ബിജെപിക്ക് കെൽപ്പില്ല.
അതുകൊണ്ടാണ് അവർ രാഷ്ട്രീയത്തിന് പകരം ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത്.
വർഗീയ ചേരിതിരിവ് ഉണ്ടാക്കി കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം.
ഭരണഘടനാ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ദുരുപയോഗം ചെയ്യുന്ന ഈ ഫാസിസ്റ്റ് നടപടിക്കെതിരെ ശക്തമായി ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR