തെരഞ്ഞെടുപ്പു കാലത്ത് സ്വകാര്യ, ഔദ്യോഗിക വാഹനങ്ങളിലോ മറ്റേത് യാത്രാ വാഹനങ്ങളിലോ നിശ്ചിത തുകയിൽ കൂടുതൽ പണവുമായി സഞ്ചരിക്കുകയാണെങ്കിൽ പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖ കൈയ്യിലുണ്ടാവണം.
Thiruvananthapuram , 28 മാര്ച്ച് (H.S.) തെരഞ്ഞെടുപ്പു കാലത്ത് സ്വകാര്യ, ഔദ്യോഗിക വാഹനങ്ങളിലോ മറ്റേത് യാത്രാ വാഹനങ്ങളിലോ നിശ്ചിത തുകയിൽ കൂടുതൽ പണവുമായി സഞ്ചരിക്കുകയാണെങ്കിൽ പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖ കൈയ്യിലുണ്ടാവണം. അല്ലെങ്കിൽ ''പണി പാ
Assembly election


Thiruvananthapuram , 28 മാര്ച്ച് (H.S.)

തെരഞ്ഞെടുപ്പു കാലത്ത് സ്വകാര്യ, ഔദ്യോഗിക വാഹനങ്ങളിലോ മറ്റേത് യാത്രാ വാഹനങ്ങളിലോ നിശ്ചിത തുകയിൽ കൂടുതൽ പണവുമായി സഞ്ചരിക്കുകയാണെങ്കിൽ പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖ കൈയ്യിലുണ്ടാവണം. അല്ലെങ്കിൽ 'പണി പാഴ്സലായി' കിട്ടും. വാഹന പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക

മതിയായ രേഖകളില്ലാത്ത പണം യാത്രക്കാരുടെ കൈവശമുണ്ടെങ്കിൽ ഇവ പിടിച്ചെടുക്കുന്ന സംഘം പണത്തിന്റെ തോത് അനുസരിച്ച് വിവിധ ഏജൻസികൾക്ക് കൈമാറുമെന്ന് വാഹന പരിശോധനയുടെ സംസ്ഥാന ചുമതലയുള്ള ഉദ്യോഗസ്ഥൻ ജെറോമിക്ക് ജോർജ്ജ് ഐഎഎസ് പറഞ്ഞു.

50000ത്തിന് മുകളിൽ രേഖ നിർബന്ധം

തെരഞ്ഞെടുപ്പു കാലത്ത് യാത്ര ചെയ്യുമ്പോൾ 50000മോ അതിന് മുകളിലോ പണം കൈവശമുണ്ടെങ്കിൽ അതിന് രേഖ നിർബന്ധമാണ്. അത് ഇനി സുഹൃത്തിൽ നിന്നോ മറ്റ് പരിചയക്കാരിൽ നിന്നോ വായ്പ വാങ്ങിയതാണെങ്കിൽ കൂടി അതിന് രേഖയുണ്ടാവണമെന്നാണ് ചട്ടം. പത്ത് ലക്ഷമോ അതിന് മുകളിലോ ആണ് രേഖയില്ലാതെ കൈവശം വച്ചിരിക്കുന്ന തുകയെങ്കിൽ അത് പിടിച്ചെടുത്ത് ആദായനികുതി വകുപ്പിന് കൈമാറും. പത്ത് ലക്ഷത്തിൽ താഴെ രേഖയില്ലാതെ പിടിച്ചെടുക്കുന്ന പണത്തിന്റെ സ്രോതസ്സ് പിന്നീട് വേണമെങ്കിലും തെളിയിക്കാം. ഇതിനായി ജില്ലകളിൽ പരാതി പരിഹാര സംവിധാനമുണ്ട്. ജില്ലാ കളക്ടറെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിക്കുന്ന ഒരു നോഡൽ ഓഫീസറും ഇതിൽ അംഗമാണ്.

പണത്തിന്റെ യഥാർത്ഥ സ്രോതസ് കാട്ടി ഈ സംവിധാനത്തെ സമീപിക്കാം. അപേക്ഷിക്കുന്നയാൾ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാവും പണം വിട്ട് നൽകുക. ഇത് തെളിയിക്കാനായില്ലെങ്കിൽ പിന്നാലെ അന്വേഷണമുണ്ടാവും. അതിന്റെ റിപ്പോർട്ട് അനുസരിച്ചാവും തുടർ നടപടികൾ.

ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ക്യൂആർ കോഡ്

ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും പണം കൊണ്ട് പോകാൻ പ്രത്യേക അനുമതിയുള്ള ക്യൂ ആർ കോഡുകൾ നൽകിയിട്ടുണ്ട്. അവയില്ലാതെ അവർക്കും പണം കൊണ്ട് പോകാൻ കഴിയില്ല.

മദ്യവും മയക്ക് മരുന്നും പിടിച്ചാൽ എക്സൈസിന് കൈമാറും

പരിശോധനയ്ക്കിടയിൽ ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിന്റെ അളവിൽ കൂടുതൽ മദ്യക്കുപ്പികൾ ഉണ്ടെങ്കിലും പിടിച്ചെടുത്ത് എക്സൈസിന് കൈമാറും. കൊണ്ടുനടക്കാവുന്ന അളവിലുള്ള മദ്യവും രേഖയില്ലാതെ യാത്ര ചെയ്യുമ്പോൾ കൈവശം വയ്ക്കാനാവില്ല. മയക്കുമരുന്ന്, എംഡിഎംഎ അടക്കമുള്ളവയും പിടിച്ചാൽ എക്സൈസിനും അതത് വകുപ്പുകൾക്കും കൈമാറും.

പരിശോധനയ്ക്ക് പ്രത്യേക സംഘവും കൺട്രോൾ റൂമുകളും

വാഹന പരിശോധനയ്ക്ക് പൊലീസ് അടക്കമുള്ള പ്രത്യേക സംഘത്തെയാണ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. വിവിധ കേന്ദ്ര ഏജൻസികളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പരിശോധനാ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്റ്റാറ്റിക്ക് സർവ്വയലൻസ് ടീം(എസ്എസ്ടി), ഫ്ളയിംഗ് സ്ക്വാഡ് (എഫ്.ടി)എന്നിങ്ങനെ രണ്ട് സംഘങ്ങളുടെ മൂന്ന് ടീമുകളാണ് ഒരു നിയോജകമണ്ഡലത്തിൽ പരിശോധന നടത്തുന്നത്. ഇതിൽ എസ്എസ്ടിയാണ് സാധാരണ വാഹന പരിശോധന നടത്തുക.

വോട്ടറമ്മാരെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രലോഭിപ്പിക്കൽ, ഏതെങ്കിലും തരത്തിലുള്ള കൊള്ളയടിക്കൽ എന്നിവ നടക്കുന്നുവെന്ന് വിവരം കിട്ടിയാൽ അവിടെ ഫ്ളയിംഗ് സ്ക്വാഡ് പറന്നെത്തും. ഇതിന് പുറമേ എല്ലാ ജില്ലയിലും ഇവർക്ക് നിർദ്ദേശങ്ങൾ നൽകാൻ കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കായി സി-വിജിൽ ആപ്പ്

ഏതെങ്കിലും തരത്തിലുള്ള പണം കൈമാറ്റം, സംഭരിക്കൽ, മറ്റ് അട്ടിമറി പ്രവർത്തനങ്ങൾ അങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഏത് തരത്തിലുള്ള കുറ്റവും പൊതുജനങ്ങൾക്കും കമ്മീഷനെ അറിയിക്കാം. ഇതിന് സി-വിജിൽ ആപ്പ് വഴി പരാതി നൽകാം. വെറും പരാതിയായോ കുറ്റകൃത്യങ്ങളോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ നടക്കുന്നതിന്റെ ഫോട്ടോ ഉൾപ്പെടുത്തിയോ പരാതി നൽകാനാവും. അതത് കൺട്രോൾ റൂമുകളുടെ പരാതികൾ ഉടൻ തന്നെ അതിന്റെ ഗൗരവം കണക്കാക്കി വിവിധ പരിശോധനാ സംഘങ്ങൾക്ക് കൈമാറും.

ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാളുകൾ എന്നിവ വാടകയ്ക്ക് എടുത്താൽ പാലിക്കേണ്ട വ്യവസ്ഥകൾ

തെരഞ്ഞെടുപ്പ് കാലയളവിൽ വിവാഹ ഹാളുകൾ, കമ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം കൃത്യമായി നിരീക്ഷിക്കപ്പെടും. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ചെലവ് മറച്ചുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഹാൾ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത്തരം ബുക്കിങ്ങുകളുടെ ദൈനംദിന റിപ്പോർട്ടുകൾ ശേഖരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ പാർട്ടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സംശയാസ്പദമായ ബുക്കിങ്ങുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ അതാത് വരണാധികാരികൾക്ക് കൈമാറും.

ആരാധനാലയങ്ങൾക്ക് പുറത്ത് 'അന്നദാനം' എന്ന പേരിൽ വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത്, തെരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണോയെന്ന് പരിശോധിക്കും. വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ, ചീഫ് ഇലക്ടറൽ ഓഫിസർമാരെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News