കേരളത്തിൽ യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ് എംപി ശശി തരൂർ
Kerala, 28 മാര്ച്ച് (H.S.) കേരളത്തിൽ യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ശശി തരൂർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും എംപി ആഹ്വാനം ചെയ്തു. കൊച്ചിയിൽ മ
Sasi tharoor


Kerala, 28 മാര്ച്ച് (H.S.)

കേരളത്തിൽ യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ശശി തരൂർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും എംപി ആഹ്വാനം ചെയ്തു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

പത്ത് വർഷത്തെ ഭരണ വിരുദ്ധ വികാരത്തെ ഭിന്നിപ്പിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. എൽഡിഎഫും ബിജെപിയും തമ്മിൽ രാഷ്ട്രീയമായ എന്ത് ധാരണയുണ്ടാക്കിയാലും യുഡിഎഫിന് അതിൽ ആശങ്കയില്ലെന്നും തരൂർ വ്യക്തമാക്കി. ബിജെപിയും എൽഡിഎഫും തമ്മിൽ എന്ത് ഡീൽ വേണമെങ്കിലും ചെയ്തുകൊള്ളട്ടെ, ഞങ്ങളുടെ ഡീൽ ഈ നാട്ടിലെ ജനങ്ങളോടാണ്. യുഡിഎഫ് എപ്പോഴും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് കനത്ത തിരിച്ചടി നൽകും എന്നത് ഉറപ്പാണ്. സംസ്ഥാനത്ത് ബിജെപി നിലവിൽ ഒരു 'സീറോ സീറ്റ്' പാർട്ടിയാണെന്ന് തരൂർ പരിഹസിച്ചു. ഒന്നോ രണ്ടോ മൂന്നോ സീറ്റുകളിൽ അവർ ശക്തമായ മത്സരം കാഴ്ചവച്ചേക്കാം, എന്നാൽ അവിടെയൊക്കെ പോരാട്ടം ത്രികോണമായിരിക്കും. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ പോലും അത് അവർക്ക് വലിയ വിജയമായിരിക്കും. എന്നാൽ ആ വിജയസാധ്യത പോലും ഇല്ലാതാക്കാനാണ് യുഡിഎഫ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി..

ബിജെപിക്ക് പത്ത് സീറ്റുകൾ വരെ ലഭിക്കുമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളി കളഞ്ഞു.പാലക്കാട് നിയോജക മണ്ഡലത്തിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെന്ന് തരൂർ നിരീക്ഷിച്ചു. അവിടെ യുഡിഎഫ് കരുത്തുറ്റ പോരാട്ടം നയിക്കുമെന്നും എതിരാളികളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം വിവാദങ്ങളിൽ പ്രതികരിക്കാൻ ശശി തരൂർ തയ്യാറായില്ല.

കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ ഉയർന്ന കോഴ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തനിക്ക് അതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു തരൂരിൻ്റെ മറുപടി. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് കോൺഗ്രസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. ഇപ്പോൾ ഹരിയാനയിലെ കാര്യമല്ല, കേരളത്തിലെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കേരളമൊട്ടാകെ ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 4 ന് നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23 ന് അവസാനിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News