Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 മാര്ച്ച് (H.S.)
ബഹിരാകാശത്തെ അതിസൂക്ഷ്മ ഗുരുത്വാകർഷണത്തിൽ മനുഷ്യശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ വിവരിച്ച് ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല. തൈക്കാട് ഗവൺമെൻ്റ് മോഡൽ സ്കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ്, ബഹിരാകാശത്ത് വെച്ച് തൻ്റെ ഉയരം അഞ്ച് മുതൽ ആറ് സെൻ്റീമീറ്റർ വരെ വർധിച്ചതായും വിശപ്പ് തീരെ അനുഭവപ്പെട്ടില്ലെന്നുമുള്ള കൗതുകകരമായ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
20 വര്ഷം ഫൈറ്റര് പൈലറ്റായി ജോലി ചെയ്ത ശേഷവും ബഹിരാകാശ യാത്രയ്ക്കുള്ള പൂര്ണ തയാറെടുപ്പുകള് നടത്തിയതിനു ശേഷവും ലോഞ്ചിൻ്റെ സമയത്തു ചോദ്യപേപ്പര് കൈയില് കിട്ടിയ വിദ്യാര്ഥിയുടെ അവസ്ഥയായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. ഒരു നിമിഷം എല്ലാം മറന്നു പോവുന്നപോലെ തോന്നി. യാത്രയ്ക്കായി ബഹിരാകാശത്തെ കുറിച്ചു സാധ്യമായ കാര്യങ്ങളെല്ലാം വായിച്ചും കേട്ടും അറിഞ്ഞിരുന്നു. എന്നാല്, അവ അനുഭവങ്ങളുമായി താരതമ്യം ചെയ്യാന് കഴിയില്ല.
ഭൂമിയിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ബഹിരാകാശത്ത് വിശപ്പ് അനുഭവപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ആദ്യ ദിവസങ്ങളിൽ ശരീരം തളരാതിരിക്കാൻ ബോധപൂർവം ഭക്ഷണം കഴിക്കുകയായിരുന്നു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയിൽ വസ്തുക്കൾ താഴെ വീഴില്ലെന്നത് തുടക്കത്തിൽ വലിയൊരു വെല്ലുവിളിയായിരുന്നു. കൈയിലുള്ള സാധനങ്ങൾ അല്പനേരം പിടിക്കാൻ സഹയാത്രികരോട് ആവശ്യപ്പെട്ടിരുന്ന താൻ, പിന്നീട് വസ്തുക്കൾ വായുവിൽ വെച്ച് ജോലി ചെയ്യാൻ ശീലിച്ചതായും അദ്ദേഹം ഓർത്തെടുത്തു.
ഭൂമിയിൽ തിരിച്ചെത്തിയ ശേഷവും ബഹിരാകാശത്തെ ശീലങ്ങൾ വിട്ടുമാറാത്തത് രസകരമായ നിമിഷങ്ങൾക്ക് കാരണമായി. ഒരു ദിവസം ലാപ്ടോപ്പിലെ ജോലി കഴിഞ്ഞ് അത് വായുവിൽ വെക്കാൻ ശ്രമിച്ചു. ലാപ്ടോപ്പ് താഴെ വീണപ്പോഴാണ് ഇവിടെ ഗുരുത്വാകർഷണം ഉണ്ടെന്നും ഭൂമിയിലാണെന്ന കാര്യവും ഓർത്തതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
സിനിമകളിലെ ബഹിരാകാശയാത്രകളില് സാങ്കല്പികത കൂടുതലാണെന്ന് ശുഭാംശു വ്യക്തമാക്കി. വെള്ളിത്തിരിയില് കാണുന്നത്ര പ്രയാസമുള്ളതല്ല ബഹിരാകാശ യാത്ര, എന്നാല് കൃത്യമായ തയ്യാറെടുപ്പ് ആവശ്യമാണ്. ബഹിരാകാശത്തുനിന്നു നോക്കിയപ്പോള് ഭൂമിയെയാണ് തനിക്കു തൻ്റെ വീടായി തോന്നിയത്, അല്ലാതെ ഭൂമിയിലെ ഒരു പ്രത്യേക ഭാഗമായിരുന്നില്ല. ടീം വര്ക്കാണ് യാത്രയിലെ സുപ്രധാന ഘടകം. പല സന്ദര്ഭങ്ങളിലും ഒറ്റയ്ക്ക് പലകാര്യങ്ങളും ചെയ്യാനാവില്ല. വ്യക്തിയുടെ ബുദ്ധി വൈഭവത്തേക്കാള് ടീംവര്ക്ക് അവശ്യമായിവരും.
രാജ്യത്തിൻ്റെ ചാന്ദ്ര-ബഹിരാകാശ ദൗത്യങ്ങൾ വരുംതലമുറയുടെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്മിപ്പിച്ചു. രാജ്യത്തിൻ്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിദ്യാർഥികൾ കൃത്യമായി അറിഞ്ഞിരിക്കണം. ഇവ നമ്മുടെ സ്വപ്നമാണ്. 2020-ന് ശേഷമുള്ള ഇന്ത്യയുടെ ബഹിരാകാശ കുതിപ്പ് വിദ്യാർഥികൾക്ക് വലിയ അവസരങ്ങളാണ് തുറന്നു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രശംസ നേടി പ്രകാശ മലിനീകരണം അളക്കാനുള്ള വിദ്യാര്ഥികളുടെ സാറ്റലൈറ്റ്
പശ്ചിമഘട്ടത്തിലെ പ്രകാശ മലിനീകരണം അളക്കുന്നതിനുള്ള സാറ്റലൈറ്റിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികളെ അദ്ദേഹം പ്രശംസിച്ചു. തൈക്കാട് ഗവ. മോഡല് ഹൈസ്കൂളിലെ പൂര്വവിദ്യാര്ഥികളും നിലവില് പ്ലസ്ടു വിദ്യാര്ഥിയായ ആര് എസ് ഹര്ഷനും ചേര്ന്ന് അധ്യാപകരുടേയും ഐഎസ്ആര്ഒയുടെ മുന് സയൻ്റിഫിക് സെക്രട്ടറിയും സ്കൂളിലെ പൂര്വ വിദ്യാര്ഥിയുമായ ആര് ഉമാമഹേശ്വറിൻ്റേയും സഹായത്തോടെയാണ് ഇത്തരമൊരു സാറ്റലൈറ്റ് വികസിപ്പിച്ചത്.
2024 നവംബറിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആവശ്യമായ സെൻസറുകൾ അടക്കമുള്ള ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ സഹായം ആവശ്യമാണ്. ഇതിനായി പദ്ധതി സംസ്ഥാന സർക്കാരിൻ്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. എ ആരിഫ് മുഹമ്മദ്, പ്രണവ് സി ബോസ്, അലന് രാജീവ്, എ അഖില് ചന്ദ്ര, ആദിത്യ സാരംഗ്, എസ് നിരഞ്ചന്, അശ്വിന് എല് ബി ലാല് എന്നിവരാണ് പദ്ധതിക്ക് പിന്നില് പ്രവര്ത്തിച്ച പൂര്വ വിദ്യാര്ഥികള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR