Enter your Email Address to subscribe to our newsletters

Chennai , 28 മാര്ച്ച് (H.S.)
കേരളവുമായി ബന്ധിപ്പിക്കുന്ന രണ്ട് ബുള്ളറ്റ് ട്രെയിൻ ഇടനാഴികളുടെ സാധ്യത റിപ്പോർട്ട് തയ്യാറാക്കാൻ തമിഴ്നാട് സർക്കാർ റെയില്വേ ബോർഡിനോട് അനുമതി തേടി.
ചെന്നൈ-തിരുവനന്തപുരം (തിരുച്ചിറപ്പള്ളി, നാഗർകോവില് വഴി), ചെന്നൈ-എറണാകുളം (സേലം, കോയമ്പത്തൂർ വഴി) എന്നിവയാണ് നിർദ്ദേശിക്കുന്ന റൂട്ടുകള്. അതിവേഗ ബുള്ളറ്റ് ട്രെയിൻ വന്നാല് ഇരു സംസ്ഥാനങ്ങള്ക്കും അത് ഒരുപോലെ ഗുണകരമാവും.
രാജ്യത്തുടനീളം അതിവേഗ റെയില് പദ്ധതികള്ക്ക് കേന്ദ്രം ഊന്നല് നല്കുന്നതിനിടെയാണ് തമിഴ്നാടിന്റെ ഈ നീക്കം. മുംബൈ-അഹമ്മദാബാദ്, ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂരു തുടങ്ങിയ പദ്ധതികളും ഇതിലുള്പ്പെടുന്നു. ഇവയില് ചിലതിന് നേരത്തെ കഴിഞ്ഞ ബജറ്റില് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു.
കൂടാതെ, ഈസ്റ്റ് കോസ്റ്റ് ഫ്രൈറ്റ് ഇടനാഴി വിജയവാഡയില് നിന്ന് ചെന്നൈ, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് കേരളത്തിലേക്ക് കൂടി ബുള്ളറ്റ് ട്രെയിൻ വന്നാല് അത് ഗുണം ചെയ്യുമെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിലയിരുത്തല്.
അതേസമയം, ചെന്നൈയില്നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് ട്രെയിൻ പാത നിർമ്മിക്കാനുള്ള നിർദ്ദേശം 2010-ലെ റെയില്വേ ബജറ്റിലുണ്ടായിരുന്നു. 2009-ല് റെയില്വേ അവതരിപ്പിച്ച വിഷൻ-2020 കർമപദ്ധതിയില് ഇതടക്കം ആറ് അതിവേഗ റെയില്പ്പാതകളാണ് വിഭാവനം ചെയ്തിരുന്നത്, എന്നാല് അത് എവിടെയും എത്തിയിരുന്നില്ല.
തുടർന്ന് കേന്ദ്രത്തില് ഭരണമാറ്റം ഉണ്ടാവുകയും യുപിഎ സർക്കാരിന് പകരം എൻഡിഎ അധികാരത്തില് എത്തുകയും ചെയ്യുകയായിരുന്നു. എൻഡിഎ സർക്കാർ ആവട്ടെ മുംബൈ-അഹമ്മദാബാദ് പാതയാണ് ആദ്യ ബുള്ളറ്റ് ട്രെയിനിനുവേണ്ടി തിരഞ്ഞെടുത്തത്. ഈ വർഷത്തെ കേന്ദ്ര ബജറ്റില് മറ്റ് പാതകള്കൂടി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഉള്പ്പെടുത്തിയിട്ടില്ല.
സില്വർ ലൈൻ എന്ന കേരളത്തിന്റെ ആവശ്യം ഇതുവരെയും പരിഗണിക്കാത്ത കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിലും കേരളത്തെ അവഗണിച്ചിരുന്നു. ഡിപിആറില് ഉള്പ്പെടെ സമഗ്രമായ മാറ്റം വരുത്താതെ സില്വർ ലൈനില് ഇനിയൊരു മുന്നോട്ട് പോക്ക് ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതിനിടയിലാണ് തമിഴ്നാട്ടില് രണ്ട് ബുള്ളറ്റ് ട്രെയിൻ റൂട്ടുകള് അനുവദിച്ചത്.
ഏഴ് പുതിയ അതിവേഗ റെയില് പാതകള്, കേരളമില്ല
ഏഴ് പുതിയ അതിവേഗ റെയില് റൂട്ടുകളാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മുംബൈ-പുണെ, പുണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് ഈ പുതിയ ലൈനുകള്. അതിലൊന്നും കേരളം ഇടംപിടിച്ചിരുന്നില്ല.
ചെന്നൈ-ബംഗളൂരു-ഹൈദരാബാദ് ഇടനാഴികള് ദക്ഷിണേന്ത്യൻ അതിവേഗ ത്രികോണം രൂപീകരിക്കുമെന്നും ഇത് കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്ക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിനും പ്രയോജനകരമാകുമെന്നും റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. റൂട്ടുകള് പ്രവർത്തനക്ഷമമാകുമ്പോള് യാത്രാസമയത്തില് ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR