Enter your Email Address to subscribe to our newsletters

Kerala, 28 മാര്ച്ച് (H.S.)
ജില്ലയിൽ വടക്കനാട് മേഖലയിൽ ഭീതി പരത്തുന്ന മുട്ടികൊമ്പനെ പിടികൂടാനുള്ള വനം വകുപ്പിന്റെ ദൗത്യം വീണ്ടും ആരംഭിക്കുന്നു. വനംവകുപ്പ് ഇന്ന് രാത്രി ശക്തമായ സന്നാഹങ്ങളോടെയാണ് രംഗത്ത് എത്തുന്നത്. കഴിഞ്ഞ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നാട്ടുകാരിൽ ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ മുട്ടികൊമ്പനെ മണിക്കൂറുകളോളം നിയന്ത്രണത്തിലാക്കിയെങ്കിലും മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യം ലഭിച്ചില്ല. വ്യാഴാഴ്ച ആരംഭിച്ച ദൗത്യം 21 മണിക്കൂർ നീണ്ടിട്ടും കൊമ്പൻ ഉൾവനത്തിലേക്ക് കടന്നുകളഞ്ഞു.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിലുള്ള എൺപതംഗ സംഘം ഇന്ന് രാത്രി വീണ്ടും ദൗത്യത്തിനിറങ്ങുകയാണ്. ഇതിനിടെ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നതും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. ദൗത്യം വിജയകരമാകുമോ എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൊമ്പനെ വേഗത്തിൽ പിടികൂടണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ഒരു ജീവന് പൊലിഞ്ഞിട്ടും സര്ക്കാരിൻ്റെ നടപടികള് മന്ദഗതിയില് തുടരുന്നത് മുട്ടി കൊമ്പന് ദിനം പ്രതി വരുന്നതിന് കാരണമാകുന്നുവെന്ന് നാട്ടുകാര് ആരോപിക്കുന്നു. കാട്ടാനയെ പിടികൂടാൻ നാല് കുങ്കിയാനകളെ പ്രദേശത്ത് എത്തിച്ചല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര് കുറ്റപ്പെടുത്തിയിരുന്നു. ജീവനും സ്വത്തിനും ഭീഷണിയായ ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിനംപ്രതി ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന എത്തുന്നതോടെ കര്ഷകരുടെ ജീവിതവും ദുരിതത്തിലാണ്. കൃഷി ഉപജീവനമാക്കിയ മിക്ക കര്ഷകരും ഇപ്പോള് വലിയ പ്രതിസന്ധിയിലാണ് കഴിയുന്നത്.
ദിനംപ്രതി ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാന വേലി തകർത്ത് കൃഷിനാശവും വിതറുന്നു. അതുപോലെ കൃഷിക്കായി ഒറ്റയ്ക്ക് പാടത്തേക്ക് പോകാന് പോലും പേടിയാണ് കര്ഷകര്ക്ക്. മുട്ടികൊമ്പൻ്റെ ആക്രമണം അവസാനിക്കാത്തത് പ്രദേശത്തെ കർഷകരെ ആശങ്കയിൽ ആക്കുകയാണ്.
ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും എത്തിയിട്ടുണ്ട്. വള്ളുവാടിയിലെ ജനവാസമേഖലയിലാണ് കാട്ടാനയുള്ളത്. പുലർച്ചെ 3 മണിയോടെ ദൗത്യം ആരംഭിച്ച് ആനയെ മയക്കുവെടി വെക്കാനായിരുന്നു പദ്ധതി എന്നാൽ മുട്ടികൊമ്പൻ അക്രമാസക്തനായതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യദിനം മയക്കുവെടി വെച്ചെങ്കിലും ആന കാടുകയറുകയായിരുന്നു. ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാന വന്നാൽ മാത്രമേ പിടികൂടാൻ ആകൂ എന്ന് സംഘം അറിയിച്ചിട്ടുണ്ട്. ആനയെ പിടികൂടിയ ശേഷം മുത്തങ്ങയിൽ ഒരുക്കിയിരിക്കുന്ന കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR