Enter your Email Address to subscribe to our newsletters

Trivandrum , 28 മാര്ച്ച് (H.S.)
തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ മന്ത്രി വി.എൻ. വാസവൻ ഉന്നയിക്കുന്ന വാദങ്ങൾ പച്ചക്കള്ളമാണെന്നും, 700 കോടി രൂപയുടെ വൻ അഴിമതിയാണ് ഈ ഇടപാടിലൂടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.
ടെൻഡർ നടപടികളിലെ ദുരൂഹത
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ച ക്വാട്ടിനേക്കാൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ മറ്റ് കമ്പനികളെ മനഃപൂർവ്വം ഒഴിവാക്കി. കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ തഴഞ്ഞ്, വ്യക്തതയില്ലാത്ത ക്വാട്ട് നൽകിയ ദിനേശ് ബീഡി സംഘത്തിന് കരാർ നൽകിയത് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് മന്ത്രി വാസവന്റെ കർശന നിർദ്ദേശ പ്രകാരമാണ്. എത്ര ശാഖകൾക്കാണ് ടെൻഡർ ക്ഷണിച്ചതെന്ന പ്രാഥമിക വിവരം പോലും പുറത്തുവിടാൻ സർക്കാർ തയ്യാറാകുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
സിപിഐഎം - ബിജെപി അന്തർധാര
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചും ചെന്നിത്തല രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. 2021 മുതൽ കേരളത്തിൽ സിപിഐഎം - ബിജെപി ഡീൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അറുപതിലധികം സീറ്റുകളിലാണ് ബിജെപി തങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് മറിച്ചുനൽകിയത്. ഈ അന്തർധാര 2026-ലെ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ്, ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി ഇത്തരമൊരു ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതതല അന്വേഷണം വേണം
സഹകരണ മേഖലയെ പൂർണ്ണമായും സിപിഐഎം നിയന്ത്രണത്തിലാക്കാനും അഴിമതി നടത്താനുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഈ അഴിമതിയിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണം. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ കീഴിലുള്ള അന്വേഷണം ഫലപ്രദമാകില്ലെന്നും, ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈ ടെൻഡർ നടപടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ടാറ്റാ കൺസൾട്ടൻസി പോലുള്ള പ്രമുഖ സ്ഥാപനങ്ങളെ ഒഴിവാക്കി കൃത്യമായ മാനദണ്ഡങ്ങളില്ലാതെ സഹകരണ സംഘത്തിന് കരാർ നൽകിയത് വഴി പൊതുപണം കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയമുയർത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.
---------------
Hindusthan Samachar / Roshith K