Enter your Email Address to subscribe to our newsletters

Kalpetta, 28 മാര്ച്ച് (H.S.)
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായി മേപ്പാടിയിൽ ഒരുങ്ങുന്ന സർക്കാർ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ വോട്ട് രേഖപ്പെടുത്താനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പണി പൂർത്തിയാക്കാൻ മഴക്കാലത്തിന് മുൻപ് സാധിച്ചില്ലെങ്കിൽ പദ്ധതി വീണ്ടും നീണ്ടുപോകുമെന്ന ആശങ്കയിലാണ് അധികൃതർ.
മാർച്ച് ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. ദുരന്തബാധിതരായ 178 കുടുംബങ്ങൾക്ക് അന്ന് വീടുകളുടെ താക്കോൽ കൈമാറിയിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞിട്ടും പല വീടുകളിലും താമസം തുടങ്ങാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല. ബാക്കിയുള്ള മിനുക്കുപണികൾ അതിവേഗം പൂർത്തിയാക്കി കുടുംബങ്ങളെ താമസിപ്പിക്കാനായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
തിരഞ്ഞെടുപ്പ് വില്ലനായി
ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമാണ സൈറ്റിൽ ഭൂരിഭാഗവും ഉണ്ടായിരുന്നത്. ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ചൂട് കടുത്തതോടെ തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിച്ചു. ഇതാണ് പണി തടസ്സപ്പെടാൻ പ്രധാന കാരണമായി കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCCS) വിശദീകരിക്കുന്നത്. 178 വീടുകളുടെയും അകത്തെ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഇതിനുപുറമെ, ടൗൺഷിപ്പിന് ആവശ്യമായ മാലിന്യ സംസ്കരണ പ്ലാന്റ്, കൂറ്റൻ ജലസംഭരണി എന്നിവയുടെ നിർമാണവും പാതിവഴിയിലാണ്.
മഴക്കാലത്തിന് മുൻപ് തീർക്കണം
വയനാട്ടിലെ കാലവർഷം കടുക്കുന്നതിന് മുൻപ് നിർമാണം പൂർത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മഴ തുടങ്ങിയാൽ പുറംജോലികൾ തടസ്സപ്പെടുകയും സാമഗ്രികൾ എത്തിക്കുന്നത് പ്രയാസകരമാവുകയും ചെയ്യും. ഇത് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പണി തീർക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ തൊഴിലാളികളുടെ അഭാവം കാരണം ഇപ്പോൾ സൈറ്റിൽ പണികൾ പേരിന് മാത്രമാണ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊഴിലാളികൾ ഉടൻ തിരിച്ചെത്തുമെന്നും അതോടെ നിർമാണം പുനരാരംഭിക്കുമെന്നുമാണ് കരാർ കമ്പനിയും സർക്കാരും നൽകുന്ന ഉറപ്പ്. എങ്കിലും വീടുകൾ ലഭിക്കാൻ കാത്തിരിക്കുന്ന ദുരന്തബാധിതരെ സംബന്ധിച്ചിടത്തോളം ഈ താമസം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. താമസം മാറാൻ കാത്തിരിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. മെയ് മാസത്തോടെയെങ്കിലും മുഴുവൻ പണികളും തീർത്ത് ആളുകളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
---------------
Hindusthan Samachar / Roshith K