ശിവന്കുട്ടിയുടെ വെല്ലുവിളിക്ക് മറുപടി നല്കാതെ രാജീവ് ചന്ദ്രശേഖര്; നേമത്ത് പോര് മുറുകുന്നു
Trivandrum, 28 മാര്ച്ച് (H.S.) തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ വികസന കാര്യങ്ങളെച്ചൊല്ലി എല്ഡിഎഫ് സ്ഥാനാര്ത്ഥി വി. ശിവന്കുട്ടി ഉയര്ത്തിയ പരസ്യ സംവാദ വെല്ലുവിളിയില് നിന്നും ബിജെപി സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖര് ഒഴിഞ്ഞുമാറുന്നതായി റിപ്പോര്ട്
ശിവന്കുട്ടിയുടെ വെല്ലുവിളിക്ക് മറുപടി നല്കാതെ രാജീവ് ചന്ദ്രശേഖര്; നേമത്ത് പോര് മുറുകുന്നു


Trivandrum, 28 മാര്ച്ച് (H.S.)

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ വികസന കാര്യങ്ങളെച്ചൊല്ലി എല്ഡിഎഫ് സ്ഥാനാര്ത്ഥി വി. ശിവന്കുട്ടി ഉയര്ത്തിയ പരസ്യ സംവാദ വെല്ലുവിളിയില് നിന്നും ബിജെപി സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖര് ഒഴിഞ്ഞുമാറുന്നതായി റിപ്പോര്ട്ട്. താന് ഇതുവരെ ഒരു ജനപ്രതിനിധി ആയിരുന്നില്ലെന്നും അതിനാല് കേരളത്തിന് വേണ്ടി താന് ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖര്, ശിവന്കുട്ടിയുടെ ചോദ്യങ്ങള്ക്ക് നേരിട്ട് മറുപടി നല്കുന്നതിന് പകരം ഒഴുക്കന് മട്ടിലുള്ള പ്രതികരണമാണ് നടത്തിയത്. ട്വന്റിഫോര് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്ട്ട് ചെയ്തത്.

നേമത്ത് കഴിഞ്ഞ പത്ത് വര്ഷമായി എംഎല്എയായും മന്ത്രിയായും സേവനമനുഷ്ഠിച്ച ശിവന്കുട്ടി, മണ്ഡലത്തില് 900 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് നടത്തിയെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികസന കാര്യങ്ങളില് ഒരു തുറന്ന സംവാദത്തിന് അദ്ദേഹം രാജീവ് ചന്ദ്രശേഖറിനെ വെല്ലുവിളിച്ചത്. എന്നാല്, ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന് പകരം ശിവന്കുട്ടിക്ക് പരാജയഭീതിയാണെന്നും ജനങ്ങളെ വിഡ്ഢികളാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖര് പ്രതികരിച്ചത്.

ശിവന്കുട്ടിക്ക് എന്തും വിളിച്ചുപറയാമെന്നും അതിനൊന്നും മറുപടി നല്കേണ്ട കാര്യം തനിക്കില്ലെന്നും ബിജെപി സ്ഥാനാര്ത്ഥി കൂട്ടിച്ചേര്ത്തു. കൂടാതെ, തന്നെ തോല്പ്പിക്കാനായി ശിവന്കുട്ടി തന്റെ പേരിനോട് സാമ്യമുള്ള 'രാജീവ് കുമാര്' എന്ന അപരനെ രംഗത്തിറക്കിയെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ വോട്ടുകള് ഭിന്നിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എന്നാല് നേമത്തെ ജനങ്ങള് ഇത്തവണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നേമത്ത് ബിജെപിയും സിപിഐഎമ്മും തമ്മില് രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്ത്ഥി കെ.എസ്. ശബരീനാഥനും രംഗത്തെത്തി. ശിവന്കുട്ടിയും രാജീവ് ചന്ദ്രശേഖറും ചേര്ന്ന് സംവാദത്തിനുള്ള തീയതികള് അഡ്ജസ്റ്റ് ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ ശക്തമായ പരാതി നല്കാന് പോലും ശിവന്കുട്ടി തയ്യാറായിട്ടില്ലെന്നും ശബരീനാഥന് കുറ്റപ്പെടുത്തി. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് എല്ഡിഎഫ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ താന് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും ശബരീനാഥന് വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങള് സംബന്ധിച്ച വിവാദങ്ങളും നേമത്ത് സജീവമാണ്. ബെംഗളൂരുവിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീടിന്റെ വിവരം സത്യവാങ്മൂലത്തില് മറച്ചുവെച്ചെന്ന പരാതി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിരുന്നു. എന്നാല് ഈ ആരോപണങ്ങള് രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവുണ്ടെങ്കില് കോടതിയെ സമീപിക്കാനുമാണ് രാജീവ് ചന്ദ്രശേഖര് വെല്ലുവിളിച്ചത്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ നേമത്ത് വികസനവും ആരോപണങ്ങളും ഒരുപോലെ ചര്ച്ചയാവുകയാണ്. വി. ശിവന്കുട്ടിയുടെ സംവാദ വെല്ലുവിളിയില് നിന്നും ബിജെപി സ്ഥാനാര്ത്ഥി പിന്നോട്ട് പോകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില് വലിയ ചര്ച്ചയ്ക്ക് വഴിമാറിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News