Enter your Email Address to subscribe to our newsletters

Kasaragod , 29 മാര്ച്ച് (H.S.)
കത്തുന്ന വെയിലിനെ അപ്രതീക്ഷിതമായി എത്തിയ വേനൽമഴ കെടുത്തിയെങ്കിലും കാസർകോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ പ്രചാരണാവേശം ചോർന്നില്ല. യുവമോർച്ച ദേശീയ അധ്യക്ഷനും കർണാടക എംപിയുമായ തേജസ്വി സൂര്യ പങ്കെടുത്ത റോഡ് ഷോ ബദിയടുക്കയിൽ ആവേശക്കടലായി.
റോഡ് ഷോ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇടിയോടു കൂടിയ ശക്തമായ മഴ പെയ്തെങ്കിലും, അത് വകവെക്കാതെ സ്ഥാനാർഥിയും എംപിയും പ്രചാരണത്തിന് ഇറങ്ങിയത് പ്രവർത്തകർക്ക് ഇരട്ടി ആവേശം പകർന്നു. മഴ ശക്തമായപ്പോൾ സുരക്ഷാ കാരണങ്ങളാൽ അല്പനേരം വാഹനത്തിൽ നിന്ന് മാറിയെങ്കിലും, പ്രവർത്തകർ മഴയത്ത് മുദ്രാവാക്യം വിളികളുമായി ഉറച്ചുനിന്നു. പിന്നീട് മഴയത്ത് തന്നെ ഇരുവരും പ്രവർത്തകർക്കൊപ്പം ചേർന്ന് ടൗണിൽ പര്യടനം നടത്തി.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബിജെപിയുടെ കേരളത്തിലെ സുവർണ കാലത്തിൻ്റെ തുടക്കമായിരിക്കുമെന്ന് തേജസ്വി സൂര്യ എംപി പറഞ്ഞു. അതിൻ്റെ തുടർച്ച നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
ബിജെപി ചരിത്രം കുറിക്കുമെന്ന് കർണാടക എംപി
കടുത്ത മഴയിലും പ്രചാരണത്തിൻ്റെ ചൂട് കുറയുന്നില്ല. ഞങ്ങൾ വളരെ ആകാംക്ഷയിലും കഠിനമായ പരിശ്രമത്തിലുമാണ്. അശ്വിനി കാസർകോടിൻ്റെ മികച്ച വിദ്യാഭ്യാസമുള്ള സ്ഥാനാർഥിയാണ്. കാസർകോട് ജനങ്ങളെ മനസിലാക്കുന്ന വ്യക്തിയാണ് അശ്വിനി. എനിക്ക് ഉറച്ച വിശ്വാസമുണ്ട്, അശ്വിനി കാസർകോട് എംഎൽഎ ആയാൽ കാസർകോടിൻ്റെ വികസന രാഷ്ട്രീയത്തിന് തുടക്കമാകും. ഇന്ന് വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി നിരവധി യുവാക്കൾ മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകാൻ നിർബന്ധിതരാവുന്നു.
ഉയർന്ന വിദ്യാഭ്യാസത്തിന് ഇവിടെ സാധ്യതകളില്ല. വികസനം വളരെ പിന്നിലാണ്. ഇതിനൊരു മാറ്റം വരണമെങ്കിൽ അശ്വിനി എംഎൽഎ വിജയിക്കണം. അശ്വിനി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. ഈ വർഷം കാസർകോടിൻ്റെ ചരിത്രം തന്നെ മാറി മറിയും. ബിജെപിയുടെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്വന്തമാക്കിയതാണ് ബിജെപിയുടെ സുവർണകാലം. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജപ്പെടും. ബിജെപി വിജയിക്കുകയും ചെയ്യും, തേജസ്വി സൂര്യ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും സഹകരിച്ചാണ് ഇത്രയും കാലം ബിജെപിയെ പരാജയപ്പെടുത്തിയത്. അതുകൊണ്ട് ഡീൽ ആരോപണം ജനങ്ങൾ തള്ളിക്കളയുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. നാട് വികസിച്ചാൽ രാഷ്ട്രീയ-മത-ജാതി അതീതമായി എല്ലാവിഭാഗം ജനങ്ങൾക്കും അതിൻ്റെ ഗുണം ലഭിക്കും. ദേശീയപാത വികസനത്തിൻ്റെ ആദ്യ റീച്ച് നിർമാണം പൂർത്തിയായതോടെ കാസർകോട് നിന്ന് മംഗലാപുരത്തേക്ക് മുക്കാൽ മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുന്നു. ഇതല്ലാതെ മറ്റൊരു വികസനവും ജില്ലയിൽ ഉണ്ടായിട്ടില്ല.
സ്ത്രീ പുരോഗമനത്തെ കുറിച്ച് സംസാരിക്കുന്ന സംസ്ഥാനത്ത് കാസർകോട് ജില്ലയിൽ നിന്നും ഒരു വനിതാ പ്രതിനിധി പോലും ഇതുവരെ നിയമസഭയിൽ എത്തിയിട്ടില്ല എന്ന കുറവ് അശ്വിനിയുടെ വിജയത്തോടെ നികത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുഷ്മാൻ ഭാരത് വയോജന ഇൻഷുറൻസ് ജില്ലയിൽ നടപ്പിലാക്കാൻ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീശക്തിയുടെ കരുത്തുമായി അശ്വിനി
അതേസമയം മഴ നോക്കാതെയാണ് പ്രവർത്തകർ തൻ്റെ ഒപ്പം നിന്നതെന്നും ഇതാണ് എൻ്റെ കരുതെന്നും എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി. എൻ്റെ ആവേശം എൻ്റെ പ്രവർത്തകരാണ്. മഴയത്ത് പോലും പ്രവർത്തകർ കൂടെയുണ്ട്. അവർക്കൊരു ഊർജം നൽകാനായിട്ട്, അവരുടെ കൂടെ മഴയത്ത് പ്രചാരണത്തിന് ഇറങ്ങി. ഇത് ഒരു തുടക്കം മാത്രമാണ്. വളരെ നല്ല രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പോടെ കാസർകോട് മണ്ഡലത്തിൽ ചരിത്രം കുറിക്കാനാണ് ശ്രമിക്കുന്നത്, അശ്വിനി പറഞ്ഞു.
ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കാസർകോട്. ജില്ലയിൽ നിന്ന് ഇതുവരെയും ഒരു വനിതയും തെക്കേ അറ്റത്തുള്ള കാസർകോട് നിന്ന് നിയമസഭയുടെ പടി കയറിയിട്ടില്ല. വിരലിലെണ്ണാവുന്നത്ര തവണ സ്ത്രീകൾ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റിലേക്കൊന്നും സ്ത്രീകളെ പരിഗണിച്ചില്ല.
ഇത്തവണ ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി കാസർകോട് മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചാൽ അതൊരു ചരിത്രമാകും. ഇരുമുന്നണികളിലെയും പുരുഷ സ്ഥാനാർഥികൾക്ക് വെല്ലുവിളി ഉയർത്തിയാണ് അശ്വനിയുടെ പ്രചാരണം. എൽഡിഎഫിന് വേണ്ടി ഷാനവാസ് പാദൂരും യുഡിഎഫിന് വേണ്ടി കല്ലട്ര മാഹിൻ ഹാജിയുമാണ് മത്സരത്തിന് ഇറങ്ങുന്നത്. ഇരുവരും പ്രചാരണങ്ങളിൽ സജീവമാണ്.
5 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ലയിൽ വർഷങ്ങളായി 3 മണ്ഡലം എൽഡിഎഫിൻ്റെയും രണ്ടെണ്ണം യുഡിഎഫിൻ്റെയും കൈകളിലാണ്. എൽഡിഎഫിൻ്റെ 3 മണ്ഡലങ്ങളിൽ ഉദുമ, തൃക്കരിപ്പൂർ സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയുമാണ് വർഷങ്ങളായി മത്സരിച്ച് ജയിക്കുന്നത്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ മുസ്ലിം ലീഗിനാണ്. ബിജെപി, കോൺഗ്രസ്, സിഎംപി പാർട്ടികൾ വനിതകൾക്കു മത്സരിക്കാൻ സീറ്റു നൽകി സ്ത്രീകൾക്കൊപ്പം നിന്നപ്പോൾ സിപിഎം, സിപിഐ പാർട്ടി നേതൃത്വം ഇതുവരെ ജില്ലയിൽ വിജയസാധ്യതയുള്ള ഒരു മണ്ഡലങ്ങളിൽ പോലും സ്ത്രീകളെ മത്സരിപ്പിക്കുന്നതിനുള്ള ചർച്ചകൾ പോലും നടത്തിയില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR