ആറന്മുളയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തില് വീണയും കുമ്മനവും അബിന് വര്ക്കിയും
Pathanamthitta,29 മാര്ച്ച് (H.S.) കേരളത്തിലെ മറ്റേത് മണ്ഡലത്തേക്കാളേറെ സാംസ്കാരികപ്പെരുമ അവകാശപ്പെടാവുന്ന മണ്ഡലമാണ് പത്തനം തിട്ടയിലെ ആറന്മുള. ആറന്മുളയ്ക്ക് കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തിലും സവിശേഷമായ സ്ഥാനമുണ്ട്. മൂന്ന് മുന്നണികളും ഒരുപോലെ ശക്തമാ
A


Pathanamthitta,29 മാര്ച്ച് (H.S.)

കേരളത്തിലെ മറ്റേത് മണ്ഡലത്തേക്കാളേറെ സാംസ്കാരികപ്പെരുമ അവകാശപ്പെടാവുന്ന മണ്ഡലമാണ് പത്തനം തിട്ടയിലെ ആറന്മുള. ആറന്മുളയ്ക്ക് കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തിലും സവിശേഷമായ സ്ഥാനമുണ്ട്. മൂന്ന് മുന്നണികളും ഒരുപോലെ ശക്തമായ ആറന്മുളയില് അതി ശക്തരെത്തന്നെ രംഗത്തിറക്കിയാണ് ഇത്തവണ തരെഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. അതു കൊണ്ടു തന്നെ കേരളത്തിലെ തീപ്പാറും പോരാട്ടങ്ങളിലൊന്ന് നടക്കുന്നത് ആറന്മുളയിലാണ്.

2021 ല് 19003 വോട്ടിന്റെ ഭൂരിപക്ഷം നേടിയ വീണാ ജോര്ജ്ജ് മൂന്നാമൂഴം തേടി വീണ്ടും ഇറങ്ങുമ്പോള് മിസോറാം മുന് ഗവര്ണറും മുതിര്ന്ന നേതാവുമായ കുമ്മനം രാജശേഖരന് ബിജെപിക്കു വേണ്ടിയും യൂത്ത് കോണ്ഗ്രസ് നേതാവ് അബിന് വര്ക്കി യുഡി എഫിനു വേണ്ടിയും മല്സരിക്കാനിറങ്ങുന്നു. കഴിഞ്ഞ കുറച്ച് കാലമായി ഇടത്തോട്ട് ചാഞ്ഞ ആറന്മുള എൽഡിഎഫ് തങ്ങള്ക്കുറപ്പുള്ള മണ്ഡലങ്ങളുടെ പട്ടികയിലാണ് ചേര്ക്കുന്നത്.

നാല് മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില് 13572 വോട്ടിന്റെ ലീഡ് നേടാന് കഴിഞ്ഞ യുഡി എഫും ആറന്മുളയില് പ്രതീക്ഷയിലാണ്. ശിവദാസന്നായര്ക്ക് 2016 ല് നഷ്ടമായ മണ്ഡലം അബിന്വര്ക്കിയെ വെച്ച് തിരിച്ചു പിടിക്കാമെന്നാണ് യുഡി എഫ് കണക്കു കൂട്ടുന്നത്. ബിജെപിക്കും വലിയ അടിത്തറയുള്ള മണ്ഡലമാണ് ആറന്മുളയെന്ന് 2016 ല് എം ടി രമേശ് തെളിയിച്ചതാണ്. ആറന്മുള സമര നായകന് കുമ്മനം രാജശേഖരനെത്തന്നെ രംഗത്തിറക്കി ബിജെപിയും വലിയൊരു രാഷ്ട്രീയ പോരാട്ടത്തിനാണ് ആറന്മുളയില് ശ്രമിക്കുന്നത്.

കരുത്തരെത്തന്നെ രംഗത്തിറക്കി ആറന്മുളയില് മുന്നണികള് പോരിനിറങ്ങിക്കഴിഞ്ഞു.ആരോഗ്യ മന്ത്രി മല്സരിക്കുന്നതു കൊണ്ടു തന്നെ ആരോഗ്യ രംഗം മുതല് വികസനവും വികസന മുരടിപ്പും ശബരിമല സ്വര്ണ്ണക്കൊള്ളയും വിശ്വാസ സംരക്ഷണവും അടക്കം ആറന്മുളയിലെ പ്രചാരണ വിഷയങ്ങള് നിരവധിയാണ്.

ആറന്മുളയയിൽ ഹാട്രിക് വിജയം നേടുമെന്നും മരുന്ന് കമ്പനികളിൽ നിന്നും പണം വാങ്ങിയ കോൺഗ്രസ് ആണ് ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ആരോഗ്യ മേഖലയെ കുറ്റം പറയുന്നതെന്നും ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജ് പറയുന്നത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു വീണ ജോർജ്.

2100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. വികസന പ്രവർത്തനങ്ങൾ കണ്മുന്നിൽ ഉണ്ടെന്നും ആറന്മുളയിലേ ജനങ്ങൾക്ക് അതെല്ലാം അറിയാമെന്നും വീണ ജോർജ് പറഞ്ഞു. വികസന മുരടിപ്പെന്ന എതിർ കക്ഷികളുടെ വാദം തള്ളിയാണ് വീണ ജോർജിൻ്റെ പ്രതികരണം. യുഡിഫ് സർക്കാർ കല്ലിട്ടു പോയ പദ്ധതികളാണ് ഇപ്പോൾ മണ്ഡലത്തിൽ യാഥാർഥ്യമായിട്ടുള്ളതെന്നും പദ്ധതികൾ എടുത്തു പറഞ്ഞുകൊണ്ട് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടെ മണ്ഡലത്തിലെ വിവിധ ആശുപത്രികളുടെ വികസനം, പത്തനംതിട്ട അബാൻ മേല്പ്പാലം, കോഴഞ്ചേരി പാലം, റോഡുകള്, സ്കൂള് കെട്ടിടങ്ങള് ഉൾപ്പെടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് വീണ മറുപടി നൽകുന്നു.

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ പരാമർശം സംബന്ധിച് ചോദ്യത്തിന് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ഹീനവുമായ പരാമർഷമാണ് നടത്തിയിട്ടിട്ടുള്ളതെന്നും വീണ പറഞ്ഞു. കൂടാതെ കേരളത്തിലെ സർക്കാർ ആശുപത്രികളെ തകർക്കാൻ മരുന്ന് കമ്പനികളിൽ നിന്നും പണം വാങ്ങിയ കോൺഗ്രസുകാരാണ് കേരളത്തിലെ ആരോഗ്യ മേഖലയെ കുറ്റം പറയുന്നത്. കോൺഗ്രസ് മരുന്ന് കമ്പനികളിൽ നിന്നും പണം വാങ്ങിയതായി ഇലക്ഷൻ കമ്മീഷൻ്റെ വെബ് സൈറ്റിൽ ഉണ്ടെന്നും കേരളത്തിലെ ആരോഗ്യ മേഖല സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി ആയി വീണ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമായ ആറന്മുള സിപിഎം കോട്ടയെന്ന് അവകാശപ്പെടാനാകാത്ത മണ്ഡലമാണ്. മാധ്യമ പ്രവർത്തനത്തില്നിന്നും രാഷ്ട്രീയത്തിലെത്തിയ വീണ ജോർജ് കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ്. വീണാ ജോർജിനെ 2016ൽ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയ എൽഡിഎഫിന് തെറ്റിയില്ല. കോൺഗ്രസിൻ്റെ കയ്യിലായിരുന്ന ആറന്മുള മണ്ഡലം വീണാ ജോർജ് പിടിച്ചെടുത്തു.

2016 ല് 7646 വോട്ടുകള്ക്ക് കോൺഗ്രസിലെ കെ ശിവദാസൻ നായരെയാണ് വീണ ജോർജ് പരാജയപ്പെടുത്തിയത്.

2021ലും കെ ശിവാദസൻ നായർ ആയിരുന്നു എതിർ സ്ഥാനാർഥി. രണ്ടാം ടെമിൽ 19,003 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ വിജയി ആയത്. 2019ല് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി വീണ ജോർജ് മത്സരിച്ചെങ്കിലും സിറ്റിങ് എംപി ആൻ്റോ ആൻ്റണിയോട് തോൽക്കുകയായിരുന്നു.

വികസിത ആറന്മുളയാണ് ലക്ഷ്യമെന്ന് കുമ്മനം

ആറന്മുളയിൽ ഇക്കുറി വിജയം ഉറപ്പാണെന്നും ഇന്ത്യയിലെ പ്രമുഖവും പ്രശസ്തവുമായ കേന്ദ്രങ്ങളിൽ ഒന്നായി ആറന്മുള പൈതൃക ഗ്രാമത്തെ മാറ്റുമെന്നുമെന്നും എൻഡിഎയുടെ സ്ഥാനാര്ത്ഥിയും മുന് മിസോറാം ഗവര്ണറുമായ കുമ്മനം രാജശേഖരൻ പറയുന്നു. വികസിത ആറന്മുളയാണ് ലക്ഷ്യമെന്നും എൻഡിഎ സ്ഥാനാർഥി പറഞ്ഞു.

അനന്ത സാധ്യതകൾ ഉള്ള മണ്ഡലമാണ് ആറന്മുള. ഒരു വികസനവുമെത്തുന്നില്ല. മന്ത്രിയായ എംഎൽഎ മണ്ഡലത്തെ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ശബരിമലയോട് സർക്കാരിന് നിഷേധാത്മക നയമാനുള്ളതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ പ്രമുഖരെ സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആര് നടത്തിയാലും അത് തെറ്റാണെന്നും പൊലീസുകാർക്കുപോലും രക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനം കേരളം ആണെന്നും കുമ്മനം ആരോപിച്ചു.

ആറന്മുളയിൽ ഇക്കുറി എൻഡിഎ വിജയിക്കും എന്നതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആറന്മുളക്കാർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സൗമ്യ മുഖമാണ് കുമ്മനം രാജശേഖരൻ. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൻ്റെ മുന്നണി പോരാളിയായിരുന്നു കുമ്മനം. അട്ടിമറി വിജയങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് ആറന്മുളയുടേത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ബിജെപി നോട്ടം വയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആറന്മുള.

'ആറന്മുളയിൽ ഇനിയെല്ലാം വര്ക്കാവും' തിരിച്ചുപിടിക്കാൻ അബിൻ വർക്കി

ആറന്മുളയെ തിരിച്ചുപിടിക്കുക എന്നതിലുപരി സാംസ്കാരിക തനിമയുള്ള ആറന്മുളയെ വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ആറന്മുള നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ട് പറയുന്നു. കഴിഞ്ഞ 10 വർഷമായി ആറന്മുളയിൽ വികസന വിരുദ്ധതയാണെന്ന് ആരോപിച്ച അദ്ദേഹം അതിനു മാറ്റം വേണമെന്ന് ജനങ്ങൾ ആഹ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു.

വിഷൻ ആറന്മുളയിലൂടെ മണ്ഡലത്തിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഗ്ലോബൽ റൂറിസം മാപ്പിൽ ഒരു സ്ഥാനം നേടികൊടുക്കുവാൻ പറ്റുന്ന സ്ഥലമാണ് ആറന്മുള. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് അവർക്ക് നാട്ടിൽ നിന്നു പഠിക്കാനും തൊഴിലെടുക്കാനും സൗകര്യങ്ങൾ ഇല്ലാത്തഅതുകൊണ്ടാണ് അതിന് പരിഹാരം കാണണണമെന്നും സ്ഥാനാർഥി പറയുന്നു.

കായംകുളത്ത് മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. പരാമർശം നടത്തിയപ്പോൾ തന്നെ ആ നേതാവിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി. അവിടുത്തെ യുഡിഫ് സ്ഥാനാർഥിയും പ്രാദേശിക നേതൃത്വവും തള്ളി പറയുകയും ചെയ്തു. എന്നാൽ രമ്യ ഹരിദാസിനെതിരെ ആക്ഷേപം ചൊരിഞ്ഞ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയില്ല എന്ന് മാത്രമല്ല പ്രൊമോഷൻ നൽകിയ പാർട്ടിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാണെന്നും 100 സീറ്റിന് മുകളിൽ നേടി യുഡിഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും അതിലൊരു സീറ്റ് ആറന്മുള ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്തനംതിട്ട ജില്ലാ ആസ്ഥാനം ഉള്പ്പെടുന്ന ആറന്മുള മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറിയായ അഡ്വ.അബിന് വര്ക്കി കോടിയാട്ട് നെ യു.ഡി.എഫ് സ്ഥാനാര്ഥിയായി പാർട്ടി കളത്തിൽ ഇറക്കിയത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവര്ത്തിച്ച അബിൻ വർക്കി 'ആറന്മുളയിൽ ഇനിയെല്ലാം വര്ക്കാവും' എന്ന മുദ്രാവാക്യമുയര്ത്തിയാണ് പ്രചരണം നടത്തുന്നത്.ആറന്മുളയില് സ്ഥാനാര്ഥിയായി പരിഗണിക്കുന്നതിനു മുമ്പുതന്നെ അബിന് വര്ക്കി ജില്ലയിൽ വിവിധ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.

ആറന്മുള മണ്ഡലത്തില് 2021 ല് ഉണ്ടായിരുന്ന 237351 വോട്ടര്മാര് ഇത്തവണ 215168 ആയി കുറഞ്ഞിട്ടുണ്ട്. 22183 വോട്ടര്മാര് കുറഞ്ഞു.വോട്ടര്മാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്. വോട്ടര്മാരുടെ എണ്ണത്തിലുണ്ടായ ഇടിവ് ആറന്മുളയില് ആരെ ബാധിക്കുമെന്നത് ഫലം വരുമ്പോഴേ അറിയാനാവൂ. പക്ഷേ തളരാതെ ഊര്ജ്ജിതമായ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ആറന്മുളയില് കളം നിറയുകയാണ് മൂന്ന് സ്ഥാനാര്ത്ഥികളും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News