Enter your Email Address to subscribe to our newsletters

Delhi,30 മാര്ച്ച് (H.S.)
രാജ്യത്തെ 16-ാമത് സെൻസസ് നടപടികളിലേയ്ക്ക് കടന്ന് കേന്ദ്ര സർക്കാർ..
ഏപ്രിലിൽ സെൻസെസ് നടപടികൾ ആരംഭിക്കും. രാജ്യത്ത് ആദ്യമായി നടക്കുന്ന പൂർണമായും ഡിജിറ്റലായ സെൻസസാണിത്. ജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച സെൽഫ് എന്യൂമറേഷൻ പോർട്ടലിൻ്റെ മാർഗരേഖയും പതിവുചോദ്യങ്ങൾക്കുള്ള മറുപടിയും പ്രസിദ്ധീകരിച്ചു.
ലിവ്-ഇൻ ബന്ധത്തിലുള്ള ദമ്പതികൾ അവരുടെ ബന്ധത്തെ സ്ഥിരതയുള്ളതായി കണക്കാക്കുന്നുവെങ്കിൽ അവരെ സെൻസസിൽ വിവാഹിതരായി രേഖപ്പെടുത്തുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു. വീടുകളിൽ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുമ്പ് പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ നൽകാൻ പോർട്ടലിലൂടെ സാധിക്കും. ജനങ്ങൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമാണ് പതിവുചോദ്യങ്ങളുടെ പട്ടിക പോർട്ടലിൽ ഉൾപ്പെടുത്തിയത്. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഇത് പൊതുജനങ്ങളെ സഹായിക്കും
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ഒന്നാം ഘട്ടവും 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടവും നടക്കും. ഒന്നാം ഘട്ടത്തിൽ ഭവന പട്ടികപ്പെടുത്തലും ഭവന സെൻസസുമാണ് നടക്കുക. ഈ ഘട്ടത്തിൽ പൗരന്മാരോട് ചോദിക്കുന്ന 33 ചോദ്യങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചു
മുനിസിപ്പൽ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകിയ കെട്ടിട നമ്പർ, സെൻസസ് വീട്ടു നമ്പർ, വീടിന് ഉപയോഗിച്ച പ്രധാന വസ്തുക്കൾ എന്നിവ ചോദിച്ചുകൊണ്ടാണ് സർവേ ആരംഭിക്കുന്നത്. വീടിൻ്റെ തറയ്ക്കും മേൽക്കൂരയ്ക്കും ഉപയോഗിക്കുന്ന നിർമാണ സാമഗ്രികൾ, അവിടെ താമസിക്കുന്ന വിവാഹിത ദമ്പതികളുടെ എണ്ണം, കുടുംബനാഥൻ്റെ വിവരങ്ങൾ, കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഇൻ്റർനെറ്റ് ലഭ്യത, വാഹനങ്ങൾ തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.
വീടിൻ്റെ നിലവിലെ അവസ്ഥ, താമസക്കാരുടെ എണ്ണം എന്നിവ ഉദ്യോഗസ്ഥർ ചോദിച്ചറിയും. കുടുംബനാഥൻ്റെ പേര്, ലിംഗഭേദം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കും. കുടുംബനാഥൻ പട്ടികജാതി, പട്ടികവർഗം അല്ലെങ്കിൽ മറ്റ് സമുദായങ്ങളിൽ പെട്ടയാളാണോ എന്നും വീടിൻ്റെ ഉടമസ്ഥാവകാശ നിലയെക്കുറിച്ചുള്ള വിവരങ്ങളും ചോദിക്കും.
രാജ്യത്തുടനീളം ഏകദേശം 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് സെൻസസ് നടപടികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഇവർ ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. കടലാസ് രഹിത സെൻസസ് എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. ഇത്തവണത്തെ കണക്കെടുപ്പിൽ ജാതി വിവരങ്ങളും പൂർണമായും ഇലക്ട്രോണിക് രീതിയിലായിരിക്കും ശേഖരിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR