Enter your Email Address to subscribe to our newsletters

Kasaragod , 30 മാര്ച്ച് (H.S.)
മനുഷ്യന്മാരുടെ എല്ലാ വോട്ടും വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതവർഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് വേണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് തേടിയിട്ടില്ല. മതവർഗീയ സംവിധാനങ്ങളോട് ആശയപരമായി യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എഫ്സിആർഎ നിയമഭേദഗതിയിലൂടെ ഒരിക്കൽക്കൂടി ബിജെപിയുടെ യഥാർത്ഥ മുഖം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
വാസ്തവത്തിൽ ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിർപ്പാണ്. അരമനകളിൽ കേക്കുമായെത്തി ബിഷപ്പുമാരുടെ കൈമുത്തിയ ബിജെപി - ആർഎസ്എസ് നേതാക്കളുടെ തനിനിറം ക്രിസ്ത്യൻ മതമേലധ്യക്ഷർക്ക് എഫ്സിആർഎ ഭേദഗതി ബില്ലിലൂടെ മനസ്സിലായിട്ടുണ്ടാകും. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അവരെന്ന് എല്ലാവർക്കും ഇതിലൂടെ മനസ്സിലായിട്ടുണ്ടാകും, ബിനോയ് വിശ്വം പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രിക്കുന്ന എഫ്സിആർഎ ബിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ക്രിസ്ത്യൻ സഭകളുടെയും മുസ്ലിം ട്രസ്റ്റുകളുടെയും നിയന്ത്രണത്തിലുള്ള ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. വോട്ട് മാത്രം ലക്ഷ്യമാക്കി എത്തുന്ന മോദിക്കും അമിത് ഷായ്ക്കും കടുത്ത ന്യൂനപക്ഷ വിരോധമാണുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള യഥാർത്ഥ ഡീൽ കോൺഗ്രസിനാണ്. 1991 മുതലുള്ള വടകര, ബേപ്പൂർ മോഡൽ ഡീലാണ് അവരിപ്പോഴും തുടരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പരസ്യമായി തെളിഞ്ഞ കാര്യമാണത്. ബിജെപി ബന്ധത്തിന്റെ കറ പറ്റിയ കൈകൾ കോൺഗ്രസിനാണ്. അത് മൂടിവയ്ക്കാനാണ് രായ്ക്കുരാമാനം അവർ എൽഡിഎഫ്– ബിജെപി ഡീൽ ആരോപിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഗോൾവാൾക്കറുടെ വിചാരധാരയുടെ ആശയത്തിൽ പ്രവർത്തിക്കുന്ന തികഞ്ഞ വർഗീയവാദികളായ ബിജെപിയോട് ഒരു കൂട്ടുകെട്ടിനും എൽഡിഎഫ് പോയിട്ടില്ല; ഇനി പോവുകയുമില്ല. കഴിഞ്ഞ പത്തുവർഷത്തിൽ കേരളത്തിലുണ്ടായ വികസനക്കരുത്തിൽ വോട്ടുതേടുന്ന എൽഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും ബിനോയ് പറഞ്ഞു.
എല്ലാ യഥാർത്ഥ മതവിശ്വാസികളോടും നല്ല ബന്ധമുള്ളവരാണ് ഇടതുപക്ഷം. വിശ്വാസികളെ ഒരിക്കലും ശത്രുവായി കാണുന്നില്ല. എന്നാൽ മതവിശ്വാസത്തെ മതഭ്രാന്തായി കരുതുന്നവരോട് എന്നുമെതിർപ്പാണ്. ഭൂരിപക്ഷ– ന്യൂനപക്ഷ മതതീവ്രവാദികളോട് ഒരേപോലെ അകലം പാലിച്ചവരാണ് എൽഡിഎഫ്. ആ അകലം തുടരുക തന്നെ ചെയ്യുമെന്നും എന്നും മനുഷ്യപക്ഷത്തുനിൽക്കുന്ന എൽഡിഎഫ് എല്ലാ നല്ല മനുഷ്യരുടെയും വോട്ട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പില് എസ്ഡിപിഐ വോട്ട് വാങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് യുഡിഎഫ് രാഷ്ട്രീയ ആയുധമായി വിഷയത്തെ മാറ്റിയിട്ടുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR