Enter your Email Address to subscribe to our newsletters

Kottayam,30 മാര്ച്ച് (H.S.)
ന്യൂനപക്ഷ വിഭാഗങ്ങള് നടത്തുന്ന സന്നദ്ധ പ്രവര്ത്തനങ്ങള് തടയാനുള്ള ബിജെപി ഗൂഢാലോചനയാണ് കേന്ദ്ര സര്ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി.പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്ശന വേളയില് ശബരിമല സ്വര്ണക്കൊള്ളയെക്കുറിച്ച് പ്രതികരിക്കാതിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്നും കെ.സി.വേണുഗോപാല് പറഞ്ഞു.
സൈ്വര്യമായും സ്വസ്ഥമായും ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്ക്കിടയില് സ്പര്ധ വളര്ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്ട്ടിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള് പാര്ലമെന്റില് അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്. ഇത് ഡെമോക്ലസിന്റെ വാള് പോലെ ന്യൂനപക്ഷ സമൂഹങ്ങള്ക്കു മുകളില് പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യന് സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ആകെ വരിഞ്ഞു മുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര് പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്ക്കാര് ഈ ബില് പാര്ലിമെന്റില് അവതരിപ്പിച്ചത്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്ത്തന്നെ പാര്ലിമെന്റില് തടസ്സവാദം ഉന്നയിച്ചിരുന്നു.
നിര്ബന്ധിത മതപരിവര്ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യം എന്ന വാദം തെറ്റാണ്. ആരും കടന്നു ചെല്ലാത്ത ഗോത്രമേഖലകളിലടക്കം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില് ആത്മാര്ഥമായും നിഷ്പക്ഷമായും മനുഷ്യത്വപരമായ സേവന പ്രവര്ത്തനങ്ങള് നടത്തുന്നതിനെ മതപരിവര്ത്തനമായി ചിത്രീകരിച്ച് സന്നദ്ധ സേവകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അതിനുള്ള ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ക്രൂരമായ ഈ ബില്ലിന്റെ ലക്ഷ്യം. ചെറുതായെങ്കിലും വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില് പറയുന്നത്. എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേദഗതി ബില് കൊണ്ടു വന്നതെന്ന് കേരളത്തില് വന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും വ്യക്തമാക്കണമെന്നും വേണുഗോപാല് പറഞ്ഞു.
ന്യൂനപക്ഷങ്ങള്ക്കെതിരെ വര്ഷങ്ങളായി ബിജെപി നടത്തുന്ന വേട്ടയുടെ ഭാഗമാണിത്. ഛത്തീസ്ഗഡില് കന്യാസ്ത്രീകള്ക്കെതിരെയും ഒഡീഷയിലും ജബല്പൂരിലും വൈദികര്ക്കെതിരെയും നടന്ന ആക്രമണങ്ങള് നാം കണ്ടതാണ്. ഉത്തരേന്ത്യയിലുടനീളം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് മിഷനറി പ്രവര്ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.
നേരത്തേ മുസ്ലിം സ്ഥാപനങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തുന്ന വഖഫ് ഭേദഗതി ബില് പാര്ലിമെന്റില് അവതരിപ്പിച്ചപ്പോള്ത്തന്നെ കോണ്ഗ്രസ് ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് മുസ്ലിംകളുടെ സ്വത്തില് കണ്ണുവെക്കുന്നവര് നാളെ ക്രൈസ്തവരുടെയും ജൈനരുടെയും സിഖുകാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഒടുവില് ഹിന്ദു സമൂഹത്തിലെ തന്നെ പാവപ്പെട്ടവരുടെയും സ്വത്തുക്കള്ക്കെതിരെ തിരിയുമെന്ന് അന്നേ കോണ്ഗ്രസ് മുന്നറിയിപ്പ് നല്കിയിരുന്നുവെന്നും കെസി വേണുഗോപാല് ചൂണ്ടിക്കാട്ടി.
ക്രിസ്മസിന് കേക്കുമായി വരുന്ന ബിജെപി നേതാക്കള് അത് കഴിഞ്ഞാല് വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നു. ആളുകളെ വിരട്ടി വോട്ട് വാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാല് ആളുകള് വഴങ്ങുമെന്നാണ് അവര് വിശ്വസിക്കുന്നത്. ആരെങ്കിലും വിരട്ടിയാല് പേടിച്ച് വോട്ട് ചെയ്യുന്നവരല്ല കേരളത്തിലെ ജനങ്ങള് എന്ന് ബിജെപി മനസ്സിലാക്കാന് പോകുന്നതേയുള്ളൂവെന്നും കെസി വേണുഗോപാല് പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.ഇന്ത്യയില് ബിജെപിക്കെതിരെ നടക്കുന്ന ഐക്യശ്രമങ്ങളെയെല്ലാം തകര്ക്കാന് ശ്രമിച്ചു കൊണ്ടിരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ മാരീചന്റെ റോളാണ് പിണറായി സ്വീകരിച്ചിരിപ്പിക്കുന്നത്. മാനായും മാരീചനായും വന്ന് സംഘപരിവാറിന്റെ ഫാസിസത്തിനെതിരായ പോരാട്ടങ്ങളെ ലഘൂകരിക്കുകയാണ്.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവൂ. രാജീവ് ചന്ദ്രശേഖറിന് ആത്മാര്ഥതയുണ്ടെങ്കില് കേന്ദ്ര സര്ക്കാരിനെക്കൊണ്ട് ഈ ബില് പിന്വലിപ്പിക്കണമെന്ന് കെസി വേണുഗോപാല് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR