നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികളുടെ പ്രധാന പ്രചാരണ വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു
Thiruvananthapuram , 30 മാര്ച്ച് (H.S.) നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികളുടെ പ്രധാന പ്രചാരണ വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചതോടെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സി
SDPI


Thiruvananthapuram , 30 മാര്ച്ച് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികളുടെ പ്രധാന പ്രചാരണ വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചതോടെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഎം. യുഡിഎഫിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ ഉന്നയിച്ച എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം ഇടതുമുന്നണിയെ തിരിച്ചടിക്കുകയാണ്. വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പറയാത്തത് സ്വാഗതാർഹമാണെന്ന എസ്ഡിപിഐ നേതൃത്വത്തിന്റെ അഭിപ്രായം കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലാണ്. വർഗീയ കൂട്ടുകെട്ട് ആരോപണം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം.

എസ്ഡിപിഐ-സിപിഎം ബന്ധം വെറും പ്രചാരണം മാത്രമാണെന്നും ഉയർന്നു വരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഎം നേതാവ് എം.എ. ബേബി പ്രതികരിച്ചത്. സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോയെന്നും എം.എ. ബേബി പറഞ്ഞു.

എന്നാൽ, കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച് ഉയർന്ന ചോദ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതോടെ സിപിഎം വീണ്ടും സമ്മർദ്ദത്തിലായി. ഒരു തരത്തിലുള്ള വർഗീയതയുമായും ഇടതുപക്ഷത്തിന് ബന്ധമില്ലെന്നും എല്ലാ വർഗീയതകളെയും ഒരുപോലെ എതിർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിലപ്പുറമുള്ള കാര്യങ്ങൾ എസ്ഡിപിഐയോട് ചോദിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയാൽ ഇടതുമുന്നണി വിശദീകരണം നൽകാമെന്ന അഭിപ്രായമാണ് എം.എ. ബേബിയും പിണറായി വിജയനും പ്രകടിപ്പിച്ചത്. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പറയാതിരുന്നത് സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി. ലത്തീഫ് വ്യക്തമാക്കി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് എസ്ഡിപിഐ പിന്തുണ നൽകുമെന്നും ലത്തീഫ് അറിയിച്ചു. അതോടെ, ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകേണ്ട ബാധ്യത സിപിഎമ്മിനായി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന അഭിപ്രായവും എസ്ഡിപിഐ പ്രകടിപ്പിച്ചു.

വർഗീയതയ്ക്കെതിരായ പോരാട്ടമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്ന് പലതവണ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റു കോൺഗ്രസ് നേതാക്കളും എൽഡിഎഫിന്റെ എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണെന്ന എൽഡിഎഫ് ആരോപണം തിരിച്ചു പ്രയോഗിക്കാനാണ് നീക്കം. വർഗീയ വിഷയമായതിനാൽ കരുതലോടെ പ്രതികരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

എസ്ഡിപിഐയുടെ കേരളത്തിലെ വോട്ട് വിഹിതം വർദ്ധിക്കുന്നുണ്ട്. 2016-ലെ 0.4 ശതമാനം വോട്ടിൽ നിന്ന് 2021 ആകുമ്പോഴേക്കും 0.9 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിൽ നിന്നായി 2,75,000 വോട്ട് എസ്ഡിപിഐ സ്ഥാനാർത്ഥികൾ നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് 4,75,000-ലേക്ക് ഉയർന്നു. അതായത് ഒരു ശതമാനത്തിലേക്ക് വോട്ട് വളർച്ചയെത്തി. അത് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ നേതൃത്വം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News