Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മാര്ച്ച് (H.S.)
കേരളത്തിൽ വരും ദിവസങ്ങളിലും വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ച് 31 വരെ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുശേഷവും മഴ ലഭിക്കുമെങ്കിലും എല്ലാ ജില്ലകളിലും ലഭിക്കണമെന്നില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആയിരിക്കും വൈകുന്നേരങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കുക. വേനൽ മഴയ്ക്ക് പിന്നാലെ വടക്കൻ ജില്ലകളിൽ ഇന്ന് തണുത്ത കാറ്റും നേരിയ മഴയുമുള്ള പ്രഭാതം ആയിരുന്നു. ഇത് ചൂടിന് അല്പം ആശ്വാസമായി. എന്നാൽ 29ന് തിരുവനന്തപുരം നഗരത്തിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തി. 37.8°C ആണ് രേഖപ്പെടുത്തിയ താപനില.
തിരുവനന്തപുരം നഗരം മാർച്ചിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. 1988 മാർച്ച് 16ന് രേഖപ്പെടുത്തിയ 37.7°C എന്ന മുൻ റെക്കോഡിനെയാണിത് മറികടന്നത്. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണ് കൂടുതൽ വേനൽ മഴ ലഭിച്ചത്. മഴ ലഭിച്ച സ്ഥലത്ത് താപനില കുറഞ്ഞെങ്കിലും മഴ ലഭിക്കാത്തിടത്ത് താപനില ഉയർന്ന് തന്നെയാണ് നിലനിൽക്കുന്നത്. മഴ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇടിമിന്നൽ, കാറ്റ് ജാഗ്രതയും നൽകിയിട്ടുണ്ട്.
മേല് പറഞ്ഞ ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം കേരളത്തില് ഏറ്റവും കൂടുതല് മഴ ലഭിച്ചത്. കേരളത്തിലെ മുഴുവന് ജില്ലകളിലും ഇന്ന് ഗ്രീന് അലര്ട്ടാണ്. ഏപ്രിലിലെ ആദ്യ രണ്ട് ദിവസം വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില് വരണ്ട കാലാവസ്ഥയാകും. മറ്റ് ജില്ലകളില് ഗ്രീന് അലര്ട്ടാണുള്ളത്. നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മാർച്ച് 29ന് പാലക്കാടും കണ്ണൂർ എയർ പോർട്ടിലും 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
വേനല്മഴയിലും ശ്രദ്ധിക്കണം ഇക്കാര്യങ്ങള്:
- ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതില് കുഴപ്പമില്ല.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വയ്ക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR