Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 മാര്ച്ച് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. നിതിൻ നബിനാണ് പത്രിക പ്രകാശനം ചെയ്തത്. 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. വമ്പൻ വാഗ്ദാനങ്ങളാണ് ഇത്തവണത്തെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നും തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നതുമാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത യാഥാർഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ഒരു 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നൽകും. ഇത് പലചരക്ക് സാധനങ്ങൾ വാങ്ങാനും മരുന്നുകൾ വാങ്ങാനും ഉപയോഗിക്കാം. ഇവയുൾപ്പെടെ പ്രധാനപ്പെട്ട പതിനാറോളം പ്രഖ്യാപനങ്ങളാണ് ബിജെപി പുറത്തിറക്കിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, ട്വൻ്റി 20 ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ:
പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില (MSP) ഉറപ്പാക്കും.
തോട്ടം മേഖലയിലെ നിയമങ്ങളും വനനിയമങ്ങളും ഭേദഗതി ചെയ്ത് പ്ലാൻ്റേഷൻ ഭൂമികളിൽ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കും.
ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും. അടിയന്തര ചികിത്സാ ആവശ്യങ്ങളിൽ ഇതൊരു വലിയ സുരക്ഷാ കവചമായി മാറും.
ചികിത്സാ സൗകര്യങ്ങൾക്കായി കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് (AIIMS) യാഥാർഥ്യമാക്കും.
പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി (LPG) സിലിണ്ടറുകൾ നൽകും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും.
കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകും.
പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും വിധവകൾക്കും 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ വഴി നൽകും.
തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും.
കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും. കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും.
കേരളീയർക്ക് പുതിയ തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക്, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന ‘എംപ്ലോയ്മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീം' നടപ്പിലാക്കും.
വിഴിഞ്ഞത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയർ ആൻഡ് മറൈൻ എഞ്ചിനീയറിംഗ് ക്ലസ്റ്റർ, ബാലരാമപുരം മുതൽ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിൾ റെയിൽ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.
അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.
ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. ഇതിലൂടെ ശബരിമല, ഗുരുവായൂർ തുടങ്ങി എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കും.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ‘ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷൻ’ ആരംഭിക്കും.
മുല്ലപ്പെരിയാർ -തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ: തമിഴ്നാട് ജലാവകാശത്തെ ബാധിക്കാതെ, കേരളത്തിൻ്റെ സുരക്ഷയും തമിഴ്നാടിൻ്റെ ജലലഭ്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായും തമിഴ്നാട് സർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കും.
ഓരാ കോർപ്പറേഷനേയും നാടിൻ്റെ സാമ്പത്തിക വികസനത്തനത്തിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഓരാന്നിനും പ്രത്യേകമായ വികസന പദ്ധതികൾ ആവിഷ്ക്കരിക്കും.
a. തിരുവനന്തപുരം: ഐടി, ഇന്നൊവേഷൻ തലസ്ഥാനം.
b. കൊച്ചി: ഇന്ത്യയുടെ കപ്പൽ നിർമ്മാണ തലസ്ഥാനം.
c. കോഴിക്കോട്: ഹെൽത്ത് കെയർ, മെഡിക്കൽ ഇന്നൊവേഷൻ ഹബ്.
d. തൃശ്ശൂർ: കേരളത്തിൻ്റെ സാംസ്കാരിക വിനോദസഞ്ചാര തലസ്ഥാനം.
e. കൊല്ലം: സമുദ്രോൽപ്പന്ന കയറ്റുമതിക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ ഇക്കണോമി' ക്ലസ്റ്റർ.
f. കണ്ണൂർ: ഡിഫൻസ് ഇന്നൊവേഷൻ ഹബ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR