തദ്ദേശം സെമി, ഫൈനലിനൊരുങ്ങി 'മലപ്പുറം പൊളിറ്റിക്കല് ലീഗ്'
Malappuram, 31 മാര്ച്ച് (H.S.) ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളും നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമൊക്കെ സെമി ഫൈനലായി കണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മലപ്പുറം ജില്ലയില് യുഡിഎഫ് ഫൈനലിന് ഇറങ്ങിയിരിക്കുന്നത്. സ്റ്റാർ കളിക്കാരെ അവർ അണിനിരത്തുമ്ബോള് സ്വതന്ത്
Assembly election


Malappuram, 31 മാര്ച്ച് (H.S.)

ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളും നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമൊക്കെ സെമി ഫൈനലായി കണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മലപ്പുറം ജില്ലയില് യുഡിഎഫ് ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.

സ്റ്റാർ കളിക്കാരെ അവർ അണിനിരത്തുമ്ബോള് സ്വതന്ത്രരെ ഇറക്കി വലതുകോട്ടകളില് വിള്ളല് വീഴ്ത്താനാണ് എല്ഡിഎഫ് ശ്രമം. വോട്ട് കൂട്ടി സാന്നിധ്യമറിയിക്കാനായി എൻഡിഎയുമുണ്ട്. യുവാക്കളും പരിചയസമ്ബന്നരും ചേർന്നതാണ് യുഡിഎഫിന്റെ സ്ഥാനാർഥി നിര. എല്ഡിഎഫില് പുതുമുഖങ്ങളാണേറെ.

മുസ്ലീം ലീഗിനും കോണ്ഗ്രസിനും ശക്തമായ വേരോട്ടമുള്ള മലപ്പുറത്തിന്റെ മണ്ണില് കാര്യമായ പോരാട്ടം കാഴ്ചവെക്കാനാകാതെ എല്ഡിഎഫും എൻഡിഎയും ദയനീയമായി പരാജയപ്പെടുന്നതാണ് ഇവിടുത്തെ പതിവ് കാഴ്ച. ഇക്കുറിയും രാഷ്ട്രീയ അന്തരീക്ഷം വലുതായിട്ടൊന്നും മാറിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണവിരുദ്ധതയും എതിർ മുന്നണികളുടെ 'മലപ്പുറം വിരോധവും' ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ജനവിധി തേടുന്നത്. പിണറായി വിജയന്റെയും മോദിയുടെയും വികസനക്കുതിപ്പ് ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാനാണ് എല്ഡിഎഫിൻ്റേയും എൻഡിഎയുടേയും ശ്രമം.

2021ല് നാല് സീറ്റാണ് മലപ്പുറത്ത് എല്ഡിഎഫ് നേടിയത്. അതുകഴിഞ്ഞെത്തിയ ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില് 16 മണ്ഡലങ്ങളില് ഒരിടത്തും നില മെച്ചപ്പെടുത്താൻ എല്ഡിഎഫിനായില്ല. കഴിഞ്ഞ തവണ പൊന്നാനി, തവനൂർ, നിലമ്ബൂർ, താനൂർ മണ്ഡലങ്ങളില് ജയിച്ച ഇടതുപക്ഷം പെരിന്തല്മണ്ണയില് തോറ്റത് വെറും 38 വോട്ടിനാണെന്നതും ശ്രദ്ധേയമാണ്. കോണ്ഗ്രസിന്റെ വിജയം വണ്ടൂരില് മാത്രമൊതുങ്ങിയപ്പോള് 11 സീറ്റില് മുസ്ലിം ലീഗ് ആധികാരിക വിജയം നേടി.ലോക്സഭ തെരഞ്ഞെടുപ്പില് സ്ഥിതിയാകെ മാറി.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളും ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങള് ഉള്പ്പെടുന്ന വയനാട്ടിലും യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷം നേടി. പി.വി. അൻവറിന്റെ രാജിയെ തുടർന്ന് നിലമ്ബൂരില് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് 11077 വോട്ടുകളുടെ ഭൂരിപക്ഷത്തില് മണ്ഡലം തിരിച്ചുപിടിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലും എല്ഡിഎഫ് നിഷ്പ്രഭമായി. 33 അംഗ മലപ്പുറം ജില്ല പഞ്ചായത്തില് ഇടതിന് ഒരംഗം പോലുമില്ല. 12 നഗരസഭകളില് പൊന്നാനി ഒഴിച്ച് 11ലും യുഡിഎഫ് ആണ്. 94 പഞ്ചായത്തുകളില് ആറെണ്ണം മാത്രമാണ് ഇടതിനൊപ്പമുള്ളത്. ഇടതുഭരണത്തില് മലപ്പുറം അവഗണിക്കപ്പെട്ടെന്ന പ്രചാരണം തന്നെയാണ് യുഡിഎഫിന്റെ പ്രധാന ആയുധം. ഇടതു തുരുത്തുകള് നിലനിർത്തുകയെന്ന നേട്ടം മാത്രമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം എട്ട് സിറ്റിങ് എംഎല്എമാർ യുഡിഎഫിനായി മത്സരിക്കുമ്ബോള് എല്ഡിഎഫിനായി മന്ത്രി വി. അബ്ദുറഹ്മാൻ അടക്കം രണ്ട് സിറ്റിങ് എംഎല്എമാർ ഗോദയിലുണ്ട്.

തവനൂർ, പൊന്നാനി, പെരിന്തല്മണ്ണ, തിരൂർ, നിലമ്ബൂർ, താനൂർ തുടങ്ങിയ മണ്ഡലങ്ങളില് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, മുൻ മന്ത്രിയും സിറ്റിങ് എംഎല്എയുമായ കെ.ടി. ജലീല് എന്നിവർ മത്സരിക്കുന്ന തവനൂരാണ് ജില്ലയിലെ ഹോട്ട്സ്പോട്ട്. 2011ല് മണ്ഡലം രൂപവത്കരിച്ചതു മുതല് ജൈത്രയാത്ര തുടരുന്ന കെ.ടി. ജലീലിനെ പിടിച്ചുകെട്ടാൻ വി.എസ്. ജോയിയെ യുഡിഎഫ് ഇറക്കിയതുകൊണ്ട് തന്നെ ജാതിമതസമവാക്യങ്ങള്പ്പുറമുള്ള ഉശിരൻ രാഷ്ട്രീയപോരാട്ടം ഉറപ്പാണ്. മണ്ഡലത്തിലെ കെ.ടി. ജലീലിന്റെ ബന്ധങ്ങളിലും സ്വാധീനത്തിലുമാണ് എല്ഡിഎഫ് പ്രതീക്ഷ.

പൊന്നാനിയെന്ന സിപിഎം കോട്ട പിടിച്ചെടുക്കാൻ മണ്ഡലത്തില് സജീവമായ കെപിസിസി നേതാവ് കെ.പി. നൗഷാദലിയെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. മുൻ പിഎസ്സി ചെയർമാനായ അഡ്വ. എം.കെ. സക്കീറിനെ പൊന്നാനി നിലനിർത്താൻ എല്ഡിഎഫും കളത്തിലിറക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.എം. സിദ്ധിഖിനെ ഇത്തവണയും പരിഗണിക്കാതെ സക്കീറിനെ സ്ഥാനാർഥിയാക്കിയതില് പാർട്ടിക്കുള്ളില്ത്തന്നെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. 'വോട്ട് നോട്ടക്ക്' എന്നെഴുതിയ ബോർഡ് വരെ 'സഖാക്കളുടെ' പേരില് ഉയർന്നെങ്കിലും അസ്വാരസ്യങ്ങള് അവസാനിച്ചെന്നാണ് സിപിഎം കേന്ദ്രങ്ങള് പറയുന്നത്. 2006ല് പാലോളി മുഹമ്മദ് കുട്ടിയിലൂടെ തിരിച്ചുപിടിച്ച മണ്ഡലം എല്ഡിഎഫ് പിന്നെ കൈവിട്ടിട്ടില്ല.

ഇത്തവണ ഏറെ ചർച്ചയായ മണ്ഡലങ്ങള് താനൂരും തിരൂരുമാണ്. മന്ത്രി വി. അബ്ദുറഹിമാനെ സിറ്റിങ് സീറ്റായ താനൂരില് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മത്സരിക്കാൻ കൂട്ടാക്കാതെ പ്രചാരണത്തിനുപോലും ഇറങ്ങിയില്ല. ലീഗുമായി ഇടഞ്ഞ മുൻ എംഎല്എ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരിലോ തിരൂരങ്ങാടിയിലോ മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായി. രണ്ടത്താണിയുടെ ലീഗുമായുള്ള തർക്കം പരിഹരിക്കപ്പെട്ടതോടെ വി. അബ്ദുറഹിമാനെ തിരൂരില് സ്ഥാനാർഥിയാക്കി.

താനൂരില് വി. അബ്ദുറഹിമാനായി പ്രവർത്തകർ പ്രചാരണം ആരംഭിച്ച ശേഷമുള്ള ഈ മാറ്റവും ടി. മുഹമ്മദ് സമീറിനെ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ വൈകിയതും എല്ഡിഎഫ് ക്യാമ്ബില് അത്യാവശ്യം കല്ലുകടി സൃഷ്ടിച്ചിട്ടുമുണ്ട്. താനൂരില് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസും തിരൂരില് കുറുക്കോളി മൊയ്തീനുമാണ് യുഡിഎഫ് സ്ഥാനാർഥികള്.

വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങളില് എല്ഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിലുണ്ടായ കാലതാമസവും തിരിച്ചടിയായിട്ടുണ്ട്. മങ്കടയില് സിപിഎം ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പിന്നീട് പത്രിക പിൻവലിച്ചു. ഒടുവില് മുസ്ലിംലീഗില്നിന്ന് പുറത്തായ കുന്നത്ത് മുഹമ്മദിനെയാണ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. അതിനിടെ, മങ്കടയില് എസ്ഡിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സി.എച്ച്. അഷ്റഫ് അവസാനനിമിഷം പത്രിക പിൻവലിച്ചതും വേങ്ങരയില് എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്താത്തതും യുഡിഎഫ് ഡീല് ചർച്ചയാക്കി.

കഴിഞ്ഞ തവണ 38 വോട്ടിന് കൈവിട്ട പെരിന്തല്മണ്ണ ഇത്തവണ തിരിച്ചുപിടിക്കാനാണ് എല്ഡിഎഫിന്റെ തീവ്രശ്രമം. അതേസമയം, അഞ്ചുവർഷം കൊണ്ട് കുറച്ചുകൂടി ജനകീയനായി മാറിയ നജീബ് കാന്തപുരം തന്നെയാണ് യുഡിഎഫിനായി വീണ്ടും ഗോദയിലുള്ളത്. പുലാമന്തോള് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി. മുഹമ്മദ് ഹനീഫയിലൂടെ പെരിന്തല്മണ്ണ ചെങ്കോട്ടയാക്കാമെന്ന പ്രതീക്ഷ എല്ഡിഎഫ് കൈവിട്ടിട്ടുമില്ല.

മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്നിന്ന് മാറി മലപ്പുറം നിയോജകമണ്ഡലത്തില് ജനവിധി തേടുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത.

ജില്ലയില് ബിജെപി ഒരു ഫാക്ടർ അല്ലെങ്കിലും ഘടകകക്ഷികള്ക്ക് ഉദാരമായി സീറ്റുനല്കുക എന്ന തന്ത്രം ഇവിടെയും അവർ പയറ്റിയിട്ടുണ്ട്. മൂന്നിടത്ത് ബിഡിജെഎസും വണ്ടൂരില് ജനാധിപത്യ രാഷ്ട്രീയ സഭയുമാണ് എൻഡിഎ ബാനറില് മത്സരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News