തെക്കൻ ജില്ലകളില് ചൂടിന് ശമനമില്ല, തലസ്ഥാനത്ത് റെക്കോര്ഡ്;
Thiruvananthapuram, 31 മാര്ച്ച് (H.S.) സംസ്ഥാനത്ത് തെക്കൻ ജില്ലകളില് ചൂടിന് ശമനമില്ല. വിവിധ ഇടങ്ങളില് വേനല് മഴ പെയ്തെങ്കിലും തലസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്. ഇക്കുറി റെക്കോർഡ് വർധനയാണ് താപനിലയില് ഉണ്ടായിരിക്കുന്നത്. ജില്ലയില് ഞായറാഴ്ച 37.8 ഡിഗ്
Weather update


Thiruvananthapuram, 31 മാര്ച്ച് (H.S.)

സംസ്ഥാനത്ത് തെക്കൻ ജില്ലകളില് ചൂടിന് ശമനമില്ല. വിവിധ ഇടങ്ങളില് വേനല് മഴ പെയ്തെങ്കിലും തലസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്.

ഇക്കുറി റെക്കോർഡ് വർധനയാണ് താപനിലയില് ഉണ്ടായിരിക്കുന്നത്. ജില്ലയില് ഞായറാഴ്ച 37.8 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. 1988 മാർച്ച് 16-ന് ജില്ലയില് 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷംമുൻപുള്ള ഈ റെക്കോഡാണ് കഴിഞ്ഞ ദിവസം തകർന്നത്.

എന്നാല് തിങ്കളാഴ്ച അത് വീണ്ടും 36 ഡിഗ്രിയിലേക്ക് താഴ്ന്നു. എങ്കിലും ശരാശരിയില് കാര്യമായ വർധനയാണ് തിരുവനന്തപുരം ജില്ലയില് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് എല്ലാം തന്നെ പകല് സമയത്ത് പുറത്തിറങ്ങാൻ സാധിക്കാത്ത ചൂടാണ് തെക്കൻ ജില്ലകളില്, പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ഉള്പ്പെടെയുള്ള പൊതു പരിപാടികള് നടക്കുമ്പോഴും ആളുകള് വലയുകയാണ്.

എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള് മറ്റ് ജില്ലകളില് എല്ലാം തന്നെ ചൂടിന് ചെറിയ ആശ്വാസമുണ്ട്. വൈകുന്നേരങ്ങളില് പെയ്യുന്ന വേനല് മഴയാണ് പലയിടത്തും കാലാവസ്ഥയെ സ്വാധീനിക്കുന്നത്. വേനല്മഴ കാരണം പല ജില്ലകളിലും ചൂടിന് കാര്യമായ കുറവുണ്ടായിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. എങ്കിലും വേനല്ക്കാല ജാഗ്രതയില് ഒരു കുറവും വരുത്തരുതെന്നാണ് അധികൃതരുടെ നിർദ്ദേശം.

കണ്ണൂരും കോഴിക്കോടും മഴ

വടക്കൻ ജില്ലകളില് ഇന്ന് വേനല് മഴ ശക്തമാവാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി മൂന്ന് ജില്ലകളില് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വേനല്മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല് ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകള്ക്ക് കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് നല്കുകയായിരുന്നു.

മാത്രമല്ല ഇത്തവണ വേനല്മഴ കാരണം പാലക്കാട് ഇന്നലെ ചൂട് 0.5 ഡിഗ്രിയോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. കോഴിക്കോട് 1.3 ഡിഗ്രിയും കുറവുണ്ടായിട്ടുണ്ട്. എന്നാല് കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് ഉയർന്നുനിന്നത്. ശരാശരിയില്നിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട് ഇപ്പോഴുള്ളത്. കൊല്ലം പുനലൂരില് 38 ആണ് നിലവിലെ താപനില എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

ജാഗ്രതാ കൈവിടരുതെന്ന് ആരോഗ്യവകുപ്പ്

വേനല് മഴ പെയ്യുന്നുണ്ടെങ്കിലും പലയിടത്തും കനത്ത ചൂട് റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തില് പകല് 11 മുതല് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നേരിട്ട് വെയിലേല്ക്കുന്ന ജോലിചെയ്യുന്നവർ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണമെന്നാണ് ആവശ്യം.

ശരീരത്തില്നിന്ന് ജലം നഷ്ടപ്പെടാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കുട്ടികള്ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തില് പറയുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News