Enter your Email Address to subscribe to our newsletters

Banglore , 31 മാര്ച്ച് (H.S.)
സകല മേഖലകളിലും എഐയുടെ ആധിപത്യമാണ്. ഇപ്പോഴിതാ എഐ ഉപയോഗിച്ച് പാർക്കിംഗ് നടപ്പിലാക്കാനുള്ള നീക്കത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ബെംഗളൂരു സിവിക് അതോറിറ്റി.
എന്നാല് നീക്കത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
ജയനഗർ, എച്ച്എസ്ആർ ലേഔട്ട്, കുബ്ബണ് പാർക്ക്, കോറമംഗല എന്നിവിടങ്ങളിലാണ് എഐ പാർക്കിംഗ് നടപ്പാക്കാൻ ആലോചിക്കുന്നത്. പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഡിജിറ്റല് ആപ്പ് വഴിയായിരിക്കും പാർക്കിംഗ് നിയന്ത്രിക്കുക. വാഹനമോടിക്കുന്നവർ മൊബൈല് ആപ്ലിക്കേഷൻ വഴി തിരിച്ചറിയുന്ന നിശ്ചിത സ്ലോട്ടുകളില് തന്നെ പാർക്ക് ചെയ്യണം. ആർട്ടിഫിഷ്യല് ഇൻ്റലിജൻസ് വഴി തത്സമയ നിരീക്ഷണം സാധ്യമാകുന്ന തരത്തിലായിരുന്നു ഈ സംവിധാനം പ്രവർത്തിക്കുക.
ഇനി പാർക്കിംഗ് ഇല്ലാത്ത സ്ഥലങ്ങളില് പാർക്ക് ചെയ്യുന്ന വാഹനങ്ങള്ക്കെതിരെ നടപടിക്കും സംവിധാനം ഉണ്ടാകും. ആപ്പ് വഴി ടോവിംഗ് ഉദ്യോഗസ്ഥർക്ക് അലേർട്ടുകള് നല്കി പിഴ ചുമത്തുകയാണ് ചെയ്യുകയെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. . ചെന്നൈ ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനമായിരിക്കും ചുമതല. പാർക്കിംഗ് സ്ഥലങ്ങള് മാപ്പ് ചെയ്യുക, പേയ്മെൻ്റ് സംവിധാനങ്ങള് സംയോജിപ്പിക്കുക, നിയമലംഘനങ്ങള് നടപ്പാക്കുക എന്നിവയുള്പ്പെടെയുള്ള പ്രവർത്തനങ്ങള് കമ്പനി നിയന്ത്രിക്കും. 'സാങ്കേതികവിദ്യയില് അധിഷ്ഠിതമായൊരു ഇടപെടലാണ് ഉണ്ടാകുക. സ്ട്രീറ്റ് പാർക്കിംഗില് അച്ചടക്കം കൊണ്ടുവരാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എഐ വഴി നിയമലംഘനങ്ങള് തത്സമയം നിരീക്ഷിക്കാനും മാനുഷിക ഇടപെടലുകളില്ലാതെ ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കാനും കഴിയും',ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില് പറഞ്ഞു.
നിർദ്ദേശിക്കപ്പെട്ട മോഡല് പ്രകാരം, ഇരുചക്രവാഹനങ്ങള്ക്ക് മണിക്കൂറിന് 30 രൂപയും കാറുകള്ക്ക് 50 രൂപയുമായിരിക്കും പാർക്കിംഗ് ഫീസ്. ക്യുആർ കോഡുകളും മൊബൈല് ആപ്ലിക്കേഷനുകളും വഴിയായിരിക്കും പേയ്മെൻ്റ് നടപ്പാക്കുക. പരിമിതമായ റോഡ് സ്ഥലം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ലോകമെമ്പാടുമുള്ള നഗരങ്ങള് ചിട്ടയായ പെയ്ഡ് പാർക്കിംഗ് സ്വീകരിച്ചിട്ടുണ്ട്. ഒരു പ്രമുഖ ഐടി നഗരമെന്ന നിലയില് ബെംഗളൂരുവും ആ ദിശയിലേക്ക് നീങ്ങണം, ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
എന്നാല് ഈ പദ്ധതിക്കെതിരെ വിമർശനങ്ങള് ശക്തമാണ്. റെസിഡൻഷ്യല് സ്ട്രീറ്റുകള് പദ്ധതിയില് ഉള്പ്പെടുത്തിയതിനെതിരെയാണ് വിമർശനം ഉയരുന്നത്. ഇത് പൊതുജന പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ട്രോഫിക് പോലീസ് ഉള്പ്പെടെയുള്ള ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കുന്നുണ്ട്. റെസിഡൻഷ്യല് പ്രദേശങ്ങളില്, ഒരു സൂക്ഷ്മമായ സമീപനം ഇക്കാര്യത്തില് ആവശ്യമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR