കേന്ദ്രസർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ക്രിസ്ത്യൻ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ ആരോപണം നുണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
Thiruvananthapuram , 31 മാര്ച്ച് (H.S.) കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ ബിൽ (വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി) ക്രിസ്ത്യൻ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ ആരോപണം നുണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന സ
Rajeev Chandrasekhar


Thiruvananthapuram , 31 മാര്ച്ച് (H.S.)

കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ ബിൽ (വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി) ക്രിസ്ത്യൻ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ ആരോപണം നുണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ നടത്തുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനാണ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ ഭേദഗതി ബിൽ ക്രിസ്ത്യൻ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന കോൺഗ്രസ് അവകാശവാദം നുണയും തെറ്റിദ്ധാരണാജനകവുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തുന്ന വ്യാജ പ്രചാരണം മാത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു. എഫ്സിആർഎയിലെ ഭേദഗതി ചെയ്ത വ്യവസ്ഥകൾ ആരെയും ഉപദ്രവിക്കില്ലെന്ന് ഉറപ്പു നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു വിഭാഗങ്ങളിലെ വിവിധ ട്രസ്റ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എഫ്സിആർഎ പ്രകാരം ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനാൽ, ക്രിസ്ത്യാനികളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്ന് പറഞ്ഞ് ബില്ലിനെ വളച്ചൊടിക്കരുത്. കോൺഗ്രസിന്റെ ഈ തെറ്റായ പ്രചാരണം ആരും ഏറ്റെടുക്കരുതെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കോൺഗ്രസ് എന്തിനാണ് ആശങ്കപ്പെടുന്നത്? എഫ്സിആർഎ പ്രകാരം വിദേശത്തുനിന്ന് ലഭിച്ച പണം വെളുപ്പിക്കുകയാണോ? അവർ അത് ദുരുപയോഗം ചെയ്യുകയാണോ? ഈ പ്രചാരണം ഞങ്ങൾ പ്രതീക്ഷിച്ചതാണ്, അദ്ദേഹം പറഞ്ഞു.

വികസനത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെയോ ഇവിടുത്തെ കുട്ടികളുടെയോ ഭാവിയെക്കുറിച്ചോ അവർക്ക് ഒന്നും പറയാനില്ല. അധികാരത്തിലിരുന്നപ്പോൾ കേരളത്തിന് വേണ്ടി എന്ത് ചെയ്തു എന്നതിനെക്കുറിച്ചും അവർക്ക് മറുപടിയില്ല. എന്ത് വ്യാജ പ്രചാരണം നടത്തിയാലും അതിനെ തകർക്കുമെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കാതെ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിൽ പുനഃപരിശോധിക്കണം

ബില്ലിലെ വ്യവസ്ഥകൾ ദേശവിരുദ്ധമായി കാണുന്നത് വേദനാജനകമാണെന്നും അവ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ രംഗത്തുവന്നു. വിദേശ സഹായം കുഴപ്പമാകുന്നത് എങ്ങനെയെന്നും പാവങ്ങളെ സഹായിക്കാൻ നൽകുന്ന ഇത്തരം ഫണ്ടുകൾ നിയമപരമായാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാരിറ്റി ഗ്രൂപ്പുകളുടെയും എൻജിഒകളുടെയും പ്രവർത്തനത്തെ ഇത് ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതിയെന്ന് മാർ തോമസ് തറയിൽ ചങ്ങനാശ്ശേരിയിൽ ആരോപിച്ചു.

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

ഇടതുപക്ഷ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതായും എന്നാൽ പിന്നീട് മുഖ്യമന്ത്രി അത് തള്ളിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവം തന്നെ പാർട്ടിക്കുള്ളിലെ ഭിന്നതയ്ക്ക് തെളിവാണ്. 10 വർഷം സംസ്ഥാനം ഭരിച്ച ഒരു പാർട്ടി വിജയിക്കാൻ എസ്ഡിപിഐ പിന്തുണ തേടുകയാണെന്നും, 'എല്ലാം ശരിയാകും' എന്ന് പറഞ്ഞപ്പോൾ സിപിഐ(എം) ഇതാണോ ഉദ്ദേശിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News