ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഫറോക്കിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു.
Kozhikode , 31 മാര്ച്ച് (H.S.) ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഫറോക്കിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്റെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. താ
Train


Kozhikode , 31 മാര്ച്ച് (H.S.)

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഫറോക്കിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്റെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.50 ഓടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം.

ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി ആലുവയിൽനിന്ന് വടകരയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഐശ്വര്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞ ആളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പൊലീസിന് ലഭ്യമായിട്ടില്ല.

സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സംശയകരമായ സാഹചര്യത്തിൽ കണ്ടവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. മുൻപും സമാനമായ രീതിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം ഇതേ പാതയിലൂടെ പോയ വന്ദേഭാരത് എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായിരുന്നു.

കേരളത്തിൽ വന്ദേഭാരത് സർവീസ് ആരംഭിച്ച ശേഷം നിരവധി തവണ കല്ലേറുണ്ടായിട്ടുണ്ട്. 2026 മാർച്ചിൽ എറണാകുളം ജില്ലയിലെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ വച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടാവുകയും ജനൽച്ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ തിരൂരിനും താനൂരിനും ഇടയിൽ വച്ചും കണ്ണൂർ ജില്ലയിലെ തലശേരിക്കും കണ്ണൂരിനും ഇടയിൽ വച്ചും വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ മുൻപ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2022 സെപ്റ്റംബറിൽ തിരുവനന്തപുരം എക്സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവാണ്. കാസർകോട് ജില്ലയിലെ കൊട്ടിക്കുളത്ത് വച്ച് ചെന്നൈ-മംഗളൂരു മെയിലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു യുവാവിന്റെ കാലിന് പരിക്കേറ്റിരുന്നു. നേത്രാവതി എക്സ്പ്രസിന് നേരെ കണ്ണൂരിൽ വച്ച് കല്ലേറുണ്ടായതിനെ തുടർന്ന് ചിലരെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

2026 ഫെബ്രുവരിയിൽ എറണാകുളം നോർത്ത് സ്റ്റേഷന് സമീപം മധുര-ഗുരുവായൂർ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. കേരളത്തിൽ കഴിഞ്ഞ 20 മാസത്തിനിടെ അറുപതോളം കല്ലേറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ലേറ് തടയാൻ ആർപിഎഫ് റെയിൽവേ പാതയോരങ്ങളിൽ താമസിക്കുന്നവർക്കും സ്കൂൾ കുട്ടികൾക്കും ഇടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News