Enter your Email Address to subscribe to our newsletters

Dubai,31 മാര്ച്ച് (H.S.)
കാലാവധി തീർന്ന വിസകളുള്ള താമസക്കാർക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുവദിച്ചിരുന്ന പ്രത്യേക സമയപരിധി മാർച്ച് 31 ചൊവ്വാഴ്ച അവസാനിക്കുമെന്ന് ഫെഡറല് അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങള് തുടരുന്ന സാഹചര്യത്തിലായിരുന്നു നേരത്തെ മാർച്ച് 31 വരെയുള്ള സമയപരിധി അനുവദിച്ചു നല്കിയത്.
നിലവില് തീയതി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഐസിപി അറിയിച്ചിരിക്കുന്നത്. പ്രാദേശിക തടസങ്ങളും വ്യോമാതിർത്തി അടച്ചതും കാരണം യാത്രാസൗകര്യം നിലച്ചതിനെ തുടർന്ന്, താമസാനുമതി രേഖകള്ക്ക് കാലാവധി കഴിഞ്ഞ ശേഷം വിദേശത്ത് കുടുങ്ങിയവർക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി ആരംഭിച്ചത്.
ഈ പദ്ധതി പ്രകാരം, യോഗ്യരായ താമസക്കാർക്ക് പുതിയ എൻട്രി വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നു. ഫെബ്രുവരി 28 ഓടെ യാത്രാ തടസങ്ങള് വർദ്ധിച്ച ശേഷം യുഎഇക്ക് പുറത്തായിരിക്കുമ്പോള് താമസാനുമതിക്ക് കാലാവധി കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. ഇത് ആയിരക്കണക്കിന് പ്രവാസികള്ക്ക് ഗുണം ചെയ്യുന്ന തീരുമാനം ആയിരുന്നു.
അസാധാരണ സാഹചര്യങ്ങളില് യുഎഇ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി, ബുദ്ധിമുട്ടിലായ താമസക്കാരുടെ പ്രശ്നങ്ങള് ലഘൂകരിക്കാനും അവരുടെ മടങ്ങിവരവ് സുഗമമാക്കാനുമാണ് ഈ താല്ക്കാലിക ക്രമീകരണം ലക്ഷ്യമിട്ടതെന്ന് അധികൃതർ പറഞ്ഞു. നിലവില് സമയപരിധിക്ക് മുമ്പ് മടങ്ങിയെത്താൻ യോഗ്യരായ താമസക്കാരോട് ഐസിപി അഭ്യർത്ഥിച്ചു.
ഈ ആനുകൂല്യം അവസാനിച്ചാല്, പുതിയ എൻട്രി വിസ നേടാനുള്ള വ്യവസ്ഥ ഉള്പ്പെടെ സാധാരണ പ്രവേശന നടപടിക്രമങ്ങള് പുനരാരംഭിക്കും. ഇതിന് ചിലവേറുമെന്ന് മാത്രമല്ല നടപടിക്രമങ്ങള് അല്പ്പം കൂടി സങ്കീർണമായിരിക്കും. അതൊഴിവാക്കാനാണ് മാർച്ച് 31ന് മുൻപ് തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താൻ താമസക്കാരോട് യുഎഇ ഭരണകൂടം അറിയിച്ചത്.
ഈ സസ്പെൻഷൻ കാലയളവില്, വിസ കാലാവധി കഴിഞ്ഞ വിദേശ സന്ദർശകരെയും, യാത്രയ്ക്കായി പെർമിറ്റുകള് റദ്ദാക്കിയ താമസക്കാരെയും ദിവസേനയുള്ള 50 ദിർഹം പിഴയില് നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല് മാർച്ച് 31ന് മുൻപ് നടപടി ക്രമങ്ങള് പൂർത്തിയാക്കാൻ അവരോട് ഭരണകൂടം നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില് നിരവധി പേർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി എന്നാണ് വിവരം.
ഇന്ത്യക്കാർ അടക്കമുള്ള വലിയൊരു വിഭാഗം പ്രവാസികളാണ് അപ്രതീക്ഷിത യുദ്ധത്തില് വലഞ്ഞത്. പലരും നാട്ടില് ഉള്പ്പെടെ കുടുങ്ങിപോയിരുന്നു. വിസാ കാലാവധിക്ക് മുൻപ് യുഎഇയില് തിരിച്ചെത്തി പുതുക്കല് നടപടികള് പൂർത്തിയാക്കാമെന്ന് കരുതിയവർക്ക് ഇരുട്ടടി നല്കി കൊണ്ടാണ് ഇറാൻ-യുഎസ്, ഇസ്രായേല് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR