Enter your Email Address to subscribe to our newsletters

Kozhikode, 04 മാര്ച്ച് (H.S.)
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എൻസിപിയിൽ (NCP) തർക്കം രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ. തനിക്ക് സ്ഥാനാർഥിയാകാൻ താല്പര്യമുണ്ടെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. പാർട്ടി എന്ത് ഉത്തരവാദിത്തം നൽകിയാലും അത് അനുസരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തീരുമാനം അന്തിമം
സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് ശശീന്ദ്രൻ പറഞ്ഞു. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ സ്ഥാനാർഥിയാകും, അതല്ല പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാനാണ് പറയുന്നതെങ്കിൽ അതും ചെയ്യും. വ്യക്തിപരമായ താല്പര്യങ്ങളല്ല, പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന. അഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞ് മുന്നണിക്ക് ദോഷമുണ്ടാക്കുന്ന രീതി ആരും സ്വീകരിക്കാൻ പാടില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മര്യാദ കാണിക്കണം, അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി എൻസിപി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എൻസിപിയിലെ ആഭ്യന്തര കലഹം
എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ 30 വർഷമായി എംഎൽഎ ആയിരിക്കുന്ന ശശീന്ദ്രൻ മാറിനിൽക്കണമെന്നും പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ നിർവാഹകസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിനെ മത്സരിപ്പിക്കണമെന്നതാണ് ജില്ലാ ഘടകത്തിലെ ഭൂരിഭാഗം പേരുടെയും ആവശ്യം. ജില്ലാ കമ്മിറ്റിയുടെ നീക്കത്തിന് പിന്നാലെ എലത്തൂർ മണ്ഡലത്തിലെ എൻസിപി നേതാക്കൾ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ
ജില്ലാ നേതൃത്വത്തിന്റെ പരസ്യമായ നീക്കങ്ങളിൽ എൻസിപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നീക്കം സജീവമാക്കിയ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനോട് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ തർക്കം പരിധി വിട്ടാൽ എലത്തൂർ സീറ്റ് സിപിഐഎം ഏറ്റെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കവെ എൻസിപിക്കുള്ളിലെ ഈ പോര് മുന്നണിക്കും തലവേദനയാകുന്നുണ്ട്.
മന്ത്രിസ്ഥാനം വഹിക്കുന്ന എ.കെ. ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്. സംസ്ഥാന നേതൃത്വം ഇടപെട്ട് തർക്കങ്ങൾ പരിഹരിക്കുമോ അതോ പുതിയ സ്ഥാനാർഥിയെ നിശ്ചയിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K