Enter your Email Address to subscribe to our newsletters

Alappuzha, 04 മാര്ച്ച് (H.S.)
താൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
താൻ നേരിടുന്ന അവഗണന ചോദ്യം ചെയ്യാനോ തിരുത്താനോ ആരും തയാറാവുന്നില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതൃത്വവുമായി അകന്നിരുന്ന ജി സുധാകരൻ അടുത്തിടെ വീണ്ടും പാർട്ടിയിൽ സജീവമായിരുന്നു. എന്നാൽ അംഗത്വം പുതുക്കില്ലെന്ന പുതിയ പ്രഖ്യാപനത്തോടെ അദ്ദേഹം പാർട്ടിയുമായി വീണ്ടും അകലുകയാണെന്ന സൂചനയാണ് നൽകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം2026 ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണിയിൽ അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ നൽകിയിരുന്നില്ല. അതിനാൽ ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. നിലവിൽ ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ തൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. എന്നാൽ ഇതിലൊന്നും എനിക്ക് പരാതിയില്ല.
അറുപത്തിമൂന്ന് വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലമായി പൊതു പരിപാടികളൊന്നും നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എൻ്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വച്ച് നടത്തിയപ്പോൾ, അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തുകയും അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിക്കുകയും ചെയ്ത, ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാളായ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എൻ്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽസി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ടും കഴിഞ്ഞ അഞ്ചു വർഷങ്ങളായി യാതൊരു പ്രലോഭനത്തിനും വഴങ്ങാതെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഇതിനിടയിലാണ് പാർട്ടി സെക്രട്ടറിയെ കാണാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ ശരിയല്ലാത്ത രീതിയിൽ സംസാരിച്ചതായി അറിയുന്നത്.
ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന അർഥത്തിൽ ശരിയല്ലാത്ത പ്രയോഗങ്ങൾ നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് മാധ്യമപ്രവർത്തകർ പൊട്ടിച്ചിരിക്കുന്നതും ഞാൻ കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വന്തം താത്പര്യപ്രകാരം മെമ്പർഷിപ്പ് പുതുക്കാതിരിക്കുകയാണ്. ആശയാദർശങ്ങളിലും ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി..
ഇണങ്ങിയും പിണങ്ങിയുമുള്ള പാർട്ടി യാത്ര
മുതിർന്ന നേതാവായ ജി സുധാകരന് പാർട്ടി അച്ചടക്ക നടപടികൾ പുതുതല്ല. താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തൽ, സസ്പെൻഷൻ, അംഗത്വത്തിൽ നിന്ന് പുറത്താക്കൽ എന്നിങ്ങനെയാണ് സിപിഎമ്മിലെ അച്ചടക്ക നടപടിയുടെ ആരോഹണക്രമം. ഇതിൽ പരസ്യ ശാസനയും തരംതാഴ്ത്തലും അദ്ദേഹം മുൻപേ നേരിട്ടുകഴിഞ്ഞു. രണ്ടുതവണയും പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു നടപടി. 2002ൽ പാർട്ടി പിടിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി വിഭാഗീയത ആരോപിച്ച് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തുകയായിരുന്നു.
എന്നാൽ, അടുത്ത സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരികെയെത്തിയ അദ്ദേഹം ആലപ്പുഴ ജില്ലയിലെ ഏതിരാളികളില്ലാത്ത നേതാവായി ഉയർന്നു. വിഎസ് അച്യുതാനന്ദൻ്റെ വിശ്വസ്തനായിരുന്ന ജി സുധാകരൻ കളംമാറി പിണറായി പക്ഷത്തായതോടെ ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ വിഎസിൻ്റെ സ്വാധീനം നഷ്ടമായി തുടങ്ങി. വിഭാഗീയത വലിയ പ്രശ്നമായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ നിലപാടുകൾക്കനുസരിച്ചായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റിയുടെ സഞ്ചാരം.
പിണറായിയോടുള്ള അടുപ്പം സംഘടനാ രംഗത്തും പാർട്ടിയിലും അദ്ദേഹത്തെ കരുത്തനാക്കി. വിഎസ് മന്ത്രിസഭയിൽ മന്ത്രിയായി. ഒന്നാം പിണറായി സർക്കാരിലും അദ്ദേഹത്തിന് സുപ്രധാന വകുപ്പാണ് ലഭിച്ചത്. സുധാകരൻ- തോമസ് ഐസക് പോര് പാർട്ടിയിൽ പലപ്പോഴും തർക്കങ്ങൾക്കിടയാക്കിയെങ്കിലും ജി സുധാകരനായിരുന്നു പാർട്ടി പരിഗണന നൽകിയിരുന്നത്. ഒരു തവണകൂടി അമ്പലപ്പുഴ സീറ്റ് പ്രതീക്ഷിച്ച അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടത് വലിയ മാനസിക ആഘാതമായിരുന്നു.
വളരെക്കാലം മുൻപ് തന്നെ ആലപ്പുഴയിലെ പാർട്ടിയിൽ ഒതുക്കപ്പെട്ടിരുന്ന തോമസ് ഐസക് പ്രതിഷേധിക്കാതെ പാർട്ടി തീരുമാനം അംഗീകരിച്ചപ്പോൾ ജി സുധാകരൻ തെറ്റായ വഴിയിൽ സഞ്ചരിച്ചു എന്നാണ് പാർട്ടി തന്നെ കണ്ടെത്തിയത്. പിണറായി അടക്കമുള്ളവരുടെ പിന്തുണയാണ് പരസ്യശാസനയിൽ നടപടി ഒതുക്കിയത്. പിന്നീട് പിണറായി വിജയനുമായി അദ്ദേഹം അകലുകയായിരുന്നു. ആലപ്പുഴയിലെ പാർട്ടിയിലും സുധാകരൻ ദുർബലനായി. മന്ത്രി സജി ചെറിയാൻ ആലപ്പുഴയിലെ പാർട്ടി ശക്തി കേന്ദ്രമായതോടെ അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന വിശ്വസ്തരിൽ പലരും കളം മാറുകയും ചെയ്തു.
തുടർന്ന് 2021 ലാണ് ജി സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത്. തുടർഭരണം ലക്ഷ്യമാക്കി മുന്നോട്ടു പോകുമ്പോൾ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് പരസ്യ ശാസനയിലൂടെ പാർട്ടി അദ്ദേഹത്തിന് നൽകിയത്. പാർലമെൻ്ററി വ്യാമോഹം നേതാക്കളിലും പ്രവർത്തകരിലും കൂടിവരുന്നതായി സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. അദ്ദേഹത്തിനും പാർലമെൻ്ററി വ്യാമോഹം ഉണ്ടായെന്നും തെറ്റു തിരുത്തുന്നതിൻ്റെ ഭാഗമായി പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുയാണെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തപ്പെട്ട അദ്ദേഹം പാർട്ടിയുമായി അകന്നു കഴിയുകയായിരുന്നു. അതിനുശേഷമാണ് ഈയടുത്ത് അദ്ദേഹം വീണ്ടും സജീവമായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR