Enter your Email Address to subscribe to our newsletters

Thiruvananthapuram, 04 മാര്ച്ച് (H.S.)
താരങ്ങളെ ഇറക്കാനുള്ള പതിവ് നീക്കവുമായി ബിജെപി. ചില നടീനടന്മാരെ പാര്ട്ടി നേതൃത്വം സമീപിച്ചു. നേരിട്ടും ദൂതര് മുഖേനയുമാണ് സംസാരിച്ചത്.
എന്നാല് മിക്കവരും നോ പറഞ്ഞിരിക്കുകയാണ്. അതേസമയം, ബിജെപി സ്ഥാനാര്ഥിയാകുന്നതില് വിമുഖതയുണ്ടെങ്കില് സഖ്യകക്ഷികളുടെ സ്ഥാനാര്ഥിയാകാന് സാധിക്കുമോ എന്നും ആരായുന്നുണ്ട്.
ബിജെപിയും എന്ഡിഎയും ദേശീയ തലത്തില് നടപ്പാക്കുന്ന പദ്ധതിയാണ് പ്രമുഖരെ മല്സരിപ്പിക്കുക എന്നത്. ജനപ്രിയ താരങ്ങളെ സമീപിച്ച് തിരഞ്ഞെടുപ്പ് വേളയില് ചര്ച്ച നടത്തുകയും പതിവാണ്. സുരേഷ് ഗോപി ഉള്പ്പെടെയുള്ള താരങ്ങളെ ചൂണ്ടിക്കാട്ടിയും കേരളത്തില് ചര്ച്ച നടക്കുന്നുണ്ട് എന്നാണ് വിവരം. നടന് ജയസൂര്യയുമായി എന്ഡിഎ നേതാക്കള് ബന്ധപ്പെട്ടുവത്രെ.
ജയസൂര്യ, മധു ബാലകൃഷ്ണന്, ശ്വേത മേനോന് എന്നിവരെ ബിജെപി നേതൃത്വം ബന്ധപ്പെട്ടു എന്നാണ് മനോരമ ന്യൂസ് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് ആരും മല്സര സന്നദ്ധത അറിയിച്ചില്ല. മേജര് രവി നേരത്തെ ബിജെപി സ്ഥാനാര്ഥിയായ വ്യക്തിയാണ്. ഇദ്ദേഹം ഇത്തവണയും മല്സരിച്ചേക്കും. എറണാകുളം ജില്ലയിലെ ഏതെങ്കിലും സീറ്റില് മേജര് രവിയെ മല്സരിപ്പിക്കുമെന്നാണ് വിവരം. പക്ഷേ, ഒറ്റപ്പാലം സീറ്റാണ് മേജര് രവിക്ക് താല്പ്പര്യമത്രെ.
ബിഗ് ബോസ് താരം അഖില് മാരാര് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില് സ്ഥാനാര്ഥിയാകുമെന്ന് വാര്ത്തകളുണ്ടായിരുന്നു. എന്നാല് അടുത്തിടെ കോണ്ഗ്രസില് നിന്ന് ബിജെപിയിലെത്തിയ ആര് രശ്മി ഇവിടെ ബിജെപി സ്ഥാനാര്ഥിയായേക്കും. അതുകൊണ്ടുതന്നെ അഖില് മാരാറിനെ തൃക്കാക്കരയില് പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില് അന്തിമ തീരുമാനം ആയിട്ടില്ല.
പ്രമുഖരെല്ലാം കളത്തില്, പിഷാരടിയും വരും
ട്വന്റി20 നേതാവ് സാബു ജേക്കബ്, ബിഡിജെഎസ് നേതാവ് തുഷാര് വെള്ളാപ്പള്ളി എന്നിവരും മല്സരിക്കണം എന്നാണ് ബിജെപിയുടെ താല്പ്പര്യം. ഇവരുമായി ബിജെപി അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ചര്ച്ച നടത്തി. പ്രമുഖരെല്ലാം മല്സരിച്ച് തിരഞ്ഞെടുപ്പില് കളംനിറയാനാണ് തീരുമാനം. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം, കോണ്ഗ്രസ് സ്ഥാനാര്ഥിയായി രമേശ് പിഷാരടി എത്തുമെന്നാണ് മറ്റൊരു വിവരം. കൈപ്പത്തി ചിഹ്നത്തില് മല്സരിക്കാന് സാധിച്ചാല് ഭാഗ്യമാണ് എന്നാണ് പിഷാരടിയുടെ പ്രതികരണം. നേരത്തെ സ്ഥാനാര്ഥിത്വം നിഷേധിച്ചിരുന്ന പിഷാരടി ഇപ്പോള് അനുകൂലമായി സംസാരിച്ചതോടെ പാലക്കാട് മണ്ഡലത്തില് മല്സരിച്ചേക്കുമെന്ന് വാര്ത്തകളുണ്ട്.
സിപിഎമ്മില് കൊല്ലം എംഎല്എ ആയിരുന്ന നടന് മുകേഷിന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. കോണ്ഗ്രസിന് വേണ്ടി മുമ്പ് മല്സരിച്ചിരുന്ന ജഗദീഷ് ഇനി മല്സരിക്കാനില്ല എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള് കൂടി മല്സര രംഗത്ത് എത്തിയാല് വരുന്ന തിരഞ്ഞെടുപ്പില് താരങ്ങളുടെ ജനകീയതയും പ്രകടകമാകും. അതേസമയം, എസി മൊയ്തീന്, കെടി ജലീല് എന്നിവരെ വീണ്ടും മല്സരിപ്പിക്കാന് സിപിഎം ആലോചിക്കുന്നുണ്ട്. തീരുമാനം ഉടനുണ്ടാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR