Enter your Email Address to subscribe to our newsletters

Alappuzha, 04 മാര്ച്ച് (H.S.)
കാലങ്ങളായി ആലപ്പുഴ ജില്ലയിലെ പെരുമ്പളം ഗ്രാമവാസികള് കാത്തിരിക്കുന്ന ഒരു നിമിഷം വന്നെത്താൻ ഇനി ദിവസങ്ങള് മാത്രമാണ് ശേഷിക്കുന്നത്.
പെരുമ്പളത്തിന്റെ ചിരകാല സ്വപ്നമായ പാലത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. മാർച്ച് ഏഴാം തീയതിയാണ് എല്ലാവരും കാത്തിരിക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കുന്നത്. നാടും നഗരവും കാത്തിരിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കള് പെരുമ്പളം നിവാസികള് തന്നെയാണ്.
2 കിലോമീറ്റർ വീതിയും 5 കിലോമീറ്റർ നീളവും ആകെ 6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള ഈ ദ്വീപില് കൃഷിഭൂമി, സസ്യജാലങ്ങള്, ആരാധനാലയങ്ങള്, നിരവധി ബോട്ട് ജെട്ടികള് എന്നിവയുമുണ്ട്. പുതിയ 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മഴവില്ലഴകുള്ള ബോസ്ട്രിംഗ് ആർച്ച് പാലം ഉദ്ഘാടനത്തിന് മുന്നോടിയായി വലിയ ശ്രദ്ധ നേടുകയാണ്. വേമ്പനാട്ട് കായലിന് കുറുകെയുള്ള ഈ പാലം കേരളത്തിലെ ഏറ്റവും നീളം കൂടിയതാണ്.
പാലം തുറക്കുന്നതോടെ ദ്വീപ് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുമെന്ന് നിവാസികള് പ്രതീക്ഷിക്കുന്നു. പലർക്കും അറിയാത്ത കാര്യം എന്തെന്നാല് ഒരു ചെറിയ ദ്വീപായിരുന്നിട്ടും പെരുമ്പളത്ത് 38 റോഡുകളുണ്ട്. വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്, സർക്കാർ സ്കൂളുകള്, കൂടാതെ അലോപ്പതി, ആയുർവേദം, ഹോമിയോ, സിദ്ധ എന്നീ വിവിധചികിത്സാ ആശുപത്രികളും ഇവിടെ ഉണ്ട്.
വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും, ഒട്ടേറെ സർക്കാർ ജീവനക്കാരും, 82 പോലീസ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. പെരുമ്പളത്ത് 13 ബോട്ട് ജെട്ടികളാണ് ഉള്ളത്. ജലഗതാഗത വകുപ്പിന് കീഴില് പാണാവള്ളി ബോട്ട് സ്റ്റേഷനില് നിന്ന് ആറ് ബോട്ടുകള് സർവീസ് നടത്തുന്നു. ഈ സർവീസ് ആലപ്പുഴയെയും എറണാകുളത്തെയും ദ്വീപുമായി ബന്ധിപ്പിക്കുന്നു. ചരക്കുകള്, കെട്ടിടസാമഗ്രികള്, വാഹനങ്ങള് എന്നിവ കടത്തുന്ന ജങ്കാർ ഫെറിയും പഞ്ചായത്തിന് കീഴില് പാണാവള്ളി-പെരുമ്പളം റൂട്ടില് പ്രവർത്തിക്കുന്നുണ്ട്.
ടൂറിസം സാധ്യതകള് പ്രയോജനപ്പെടുത്തും
സംസ്ഥാന സർക്കാരും പെരുമ്പളം പഞ്ചായത്തും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ തീരുമാനം എടുത്തിട്ടുമുണ്ട്. റിസോർട്ടുകള്, ഹോംസ്റ്റേകള്, ടൂറിസ്റ്റ് ബോട്ടുകള് തുടങ്ങിയവയിലൂടെ പഞ്ചായത്തിന് വരുമാനം, തൊഴിലവസരങ്ങള്, ദ്വീപ് നിവാസികള്ക്ക് സാമ്പത്തിക നേട്ടങ്ങള് എന്നിവ ലക്ഷ്യമിടുന്നു. ഉത്തരവാദിത്ത ടൂറിസം പദ്ധതി വന്നതോടെ ഇവിടെ റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും എണ്ണം ഉയർന്നിട്ടുണ്ട്.
മനോഹരമായ സ്ഥലങ്ങള്, കരകൗശലങ്ങള്, തദ്ദേശീയ കലാരൂപങ്ങള്, ഉത്സവങ്ങള്, കൃഷിരീതികള് എന്നിവ ഉപയോഗിച്ച് ദ്വീപിലെ വിനോദസഞ്ചാര സാധ്യതകള് പ്രയോജനപ്പെടുത്താനാണ് സർക്കാർ പദ്ധതി. കായല് കാഴ്ചകള് ആസ്വദിക്കാൻ വിനോദസഞ്ചാരികള്ക്കായി പെഡല് ബോട്ടുകള്, കയാക്കുകള്, ശിഖാരകള് എന്നിവ ഒരുക്കും. ഇത് ദ്വീപിന്റെ ആകർഷണീയത വർധിപ്പിക്കുമെന്നാണ് വിലയിരുത്തല്.
പാലത്തിലൂടെ ആനവണ്ടി ഓടും
പെരുമ്പളം, വടുതല വശങ്ങളിലെ 650 മീറ്റർ അപ്രോച്ച് റോഡുകളുടെ ടാറിംഗ് 2026 മാർച്ച് ആദ്യം മുതല് നടത്തിയിരുന്നു. ഈ റൂട്ടില് കെഎസ്ആർടിസി ഇതിനകം വിജയകരമായ പരീക്ഷണ ഓട്ടങ്ങള് നടത്തിയിട്ടുണ്ട്, തുറന്നതിന് ശേഷം ദ്വീപില് നിന്നുള്ള പതിവ് ബസ് സർവീസുകള് ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR