പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ പ്രവാസികളുമായി അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിലെത്തി.
Kochi, 04 മാര്ച്ച് (H.S.) പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ പ്രവാസികളുമായി അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ഫുജൈറയിൽ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച പുലർച്ചെ 4.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തി
Gulf War Crisis


Kochi, 04 മാര്ച്ച് (H.S.)

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ പ്രവാസികളുമായി അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ഫുജൈറയിൽ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച പുലർച്ചെ 4.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. കുട്ടികൾ ഉൾപ്പെടെ 186 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

കൊച്ചിയിലെത്തിയ യാത്രക്കാരിൽ പ്രശസ്ത ചലച്ചിത്ര നടി സ്വാസികയും ഉൾപ്പെട്ടിരുന്നു. യുഎഇയിൽ നിലവിൽ ഭീതിപ്പെടുത്തുന്ന സാഹചര്യമില്ലെന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മറ്റ് യാത്രക്കാർ സമ്മിശ്രമായ പ്രതികരണങ്ങളാണ് നൽകിയത്.

സാധാരണ ജീവിതത്തിന് വലിയ തടസമില്ലെങ്കിലും ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണെന്ന് മലപ്പുറം സ്വദേശിയായ യാക്കൂബ് വ്യക്തമാക്കി. യുദ്ധഭീതിയുടെ നിഴലിൽ കഴിയുന്ന പ്രവാസികളുടെ ആശങ്കയാണ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രതിഫലിച്ചത്.

ആകാശത്തിലൂടെ പറന്നുപോകുന്ന ഡ്രോണുകളും അവ തകർക്കപ്പെടുമ്പോഴുണ്ടാകുന്ന വലിയ സ്ഫോടന ശബ്ദങ്ങളും ഭയമുണ്ടാക്കുന്നതാണെന്ന് മറ്റൊരു യാത്രക്കാരനായ ഗണേഷ് പറഞ്ഞു. ഡ്രോണുകൾ ആകാശത്ത് വച്ച് തകർക്കപ്പെടുമ്പോൾ തെറിച്ചു വീഴുന്ന ചീളുകൾ കാരണം കെട്ടിടങ്ങൾക്കും മറ്റും തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സമൂഹത്തിനൊപ്പം നിൽക്കാൻ അക്ബർ ട്രാവൽസ് പ്രതിജ്ഞാബദ്ധമാണെന്ന് റീജിയണൽ മാനേജർ പികെ ലാൽ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത മടക്കയാത്ര ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പ്രവാസികൾ അനുഭവിക്കുന്ന മാനസിക സമ്മർദവും യാത്രാ ക്ലേശവും പരിഗണിച്ചാണ് ഇത്തരമൊരു ചാർട്ടർ വിമാനം അടിയന്തരമായി ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഇസ്രയേൽ ഇറാൻ സംഘർഷാവസ്ഥ മൂലം സാധാരണ വിമാന സർവീസുകൾ തടസപ്പെടുകയും ടിക്കറ്റ് നിരക്ക് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സേവനം നിരവധി യാത്രക്കാർക്കാണ് ആശ്വാസമായത്. കൊച്ചിയിലെത്തിയതിന് സമാനമായി 187 യാത്രക്കാരുമായി മറ്റൊരു വിമാനം മുംബൈയിലേക്കും സർവീസ് നടത്തിയിട്ടുണ്ട്.

കരിപ്പൂരിൽ വിമാനങ്ങൾ റദ്ദാക്കിഅതേസമയം പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുകയാണ്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 20 സർവീസുകളും കരിപ്പൂരിലേക്ക് എത്തിച്ചേരേണ്ട 20 സർവീസുകളുമാണ് മാറ്റിവച്ചത്. ജിദ്ദ, അബുദാബി, ദുബായ്, ദമ്മാം, ഷാർജ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ കമ്പനികളുടെ സർവീസുകളാണ് മുടങ്ങിയത്. ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ വ്യോമപാത അടച്ചതാണ്സർവീസുകളെ സാരമായി ബാധിച്ചത്.

ഇതുവരെ മസ്കറ്റിൽ നിന്നുള്ള സലാം എയർ, റിയാദിൽ നിന്നുള്ള ഫ്ലൈനാസ് എന്നീ വിമാനങ്ങൾ മാത്രമാണ് കരിപ്പൂരിൽ എത്തിച്ചേർന്നത്. ഈ രണ്ട് വിമാനങ്ങളും വന്ന് തിരികെ പോയിട്ടുണ്ട്. യുദ്ധസാഹചര്യത്തിലും സലാം എയറും ഫ്ലൈനാസും കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുമെന്ന് അറിയിക്കുകയും ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയിരുന്നു. ചില ഘട്ടങ്ങളിൽ സർവീസ് ഷെഡ്യൂൾ ചെയ്ത ശേഷം പിന്നീട് റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സൗദി എയർലൈൻസ് റിയാദിൽ നിന്ന് ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിൽ നിലവിൽ സർവീസ് നടത്തുന്നുണ്ട്.

പ്രവാസികളുടെ ആശങ്കകൾവ്യോമപാത അടച്ചിട്ടതും സുരക്ഷാ ഭീഷണികളും കാരണം ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര ദുഷ്കരമായി മാറി. വിമാന ടിക്കറ്റ് നിരക്കുകൾ മൂന്നും നാലും ഇരട്ടിയായി കുത്തനെ ഉയരുകയും ചെയ്തു. നാട്ടിലേക്ക് അടിയന്തരമായി മടങ്ങേണ്ട സാധാരണക്കാരായ പ്രവാസികൾക്കാണ് ഇത് വലിയ തിരിച്ചടിയായത്. വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് ഇത്തരത്തിൽ ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഏറെയും. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായോ വിമാനത്താവള അതോറിറ്റിയുമായോ ബന്ധപ്പെട്ട് വിമാനത്തിൻ്റെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രവാസികളുടെ ഈ ദുരിതാവസ്ഥ പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും വിവിധ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഹെൽപ്പ് ലൈനുകൾ തുറക്കുകയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഏവർക്കും നിർദേശം നൽകുകയും ചെയ്തു. എങ്കിലും പരിമിതമായ വിമാന സർവീസുകൾ മാത്രമുള്ളതിനാൽ എല്ലാവർക്കും പെട്ടെന്ന് നാട്ടിലെത്തുക എന്നത് പ്രയാസമാണ്. ഇതിനിടെ സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. യുദ്ധഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News