Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: പമ്പിങ് സബ്സിഡി ഇനത്തിൽ 2026 മാർച്ച് 31 വരെ ഉണ്ടായ കുടിശ്ശിക തീർക്കുന്നതിനായി കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്ന് 20.67 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.
സംസ്ഥാനത്തെ കർഷകരുടെ നിരന്തര ആവശ്യത്തെ പരിഗണിച്ചാണ് റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ ഫണ്ട് കമ്മിറ്റി വിഷയം അടിയന്തരമായി പരിഗണിച്ചത്.
ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.
കർഷകരിൽ നിന്നും ലഭിച്ച നിവേദനങ്ങളെ തുടർന്ന് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യൂ കമ്മിഷണർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ പമ്പിംഗ് സബ്സിഡിക്കായി അനുവദിച്ച 15.75 കോടി രൂപയിൽ ഇതിനകം 11.80 കോടി രൂപ ചെലവഴിച്ചതായാണ് ലാൻഡ് റവന്യൂ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമായിരുന്നത്. ശേഷിക്കുന്ന തുക ബില്ലുകൾ ധനകാര്യ വകുപ്പിൻ്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2024–25 വർഷത്തെ സബ്സിഡി കുടിശ്ശിക തീർക്കുന്നതിനായി 19 കോടി രൂപ അനുവദിക്കണമെന്ന് ജലവിഭവവുമായി ബന്ധപ്പെട്ട ഉപസമിതിയുടെ ശുപാർശയും ഉണ്ടായി. എന്നാൽ മുൻവർഷ കുടിശ്ശിക ഈ വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്ന് നൽകിയതിനാൽ, 2026 മാർച്ച് 31 വരെ കുടിശ്ശിക തീർക്കാൻ അധികമായി 20.67 കോടി രൂപ കൂടി ആവശ്യമാണെന്നാണ് ലാൻഡ് റവന്യൂ കമ്മിഷണർ സർക്കാരിനെ അറിയിച്ചത്.
കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം കാർഷിക വികസന ഫണ്ടിലേക്ക് പിരിച്ചെടുക്കുന്ന തുകയുടെ വിനിയോഗം സർക്കാർ നിശ്ചയിച്ചിരുന്നു. ഇതു പ്രകാരം നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെൽവയലുകൾ സംരക്ഷിക്കുന്നതിനും സർക്കാരിൻ്റെ മുൻകൂർ അനുമതിയോടെയോ, നിർദ്ദേശാനുസരണമോ ചെലവുകൾക്കായി കാർഷിക അഭിവൃദ്ധി ഫണ്ടിൻ്റെ 40 ശതമാനം തുക വകയിരുത്താം.
ഈ സാഹചര്യത്തിലാണ് തുടർ നടപടികൾക്ക് റവന്യൂ മന്ത്രി കാർഷിക അഭിവൃദ്ധി ഫണ്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് റിപ്പോർട്ട് കൈമാറിയത്. വിഷയം കമ്മിറ്റി പരിശോധിക്കുകയും മാർച്ച് 31 വരെയുള്ള പുഞ്ച പമ്പിങ് സബ്സിഡിയുടെ കുടിശിക തീർപ്പാക്കാൻ ആവശ്യമായ 20,67,53,780 രൂപ അനുവദിക്കുകയുമായിരുന്നു.
സർക്കാരിൻ്റെ ഈ തീരുമാനത്തോടെ പമ്പിംഗ് സബ്സിഡിയുമായി ബന്ധപ്പെട്ട കുടിശ്ശികകൾ പൂർണമായി തീർപ്പാക്കാൻ വഴിയൊരുങ്ങുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S