Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മാര്‍ച്ച് (H.S.)
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണ നടപടികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി. ഇതോടെഅടിയന്തര ചികിത്സാ സഹായവും ആശ്വാസധനവും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. പോര്‍ട്ടലിന്റെ ഉദ്ഘാടനം 5 ന് പകല്‍ 2 ന് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. സെക്രട്ടറിയറ്റ് ഡര്‍ബാര്‍ ഹാളിലാണ് പരിപാടി.
ഓഫീസുകള്‍ കയറിയിറങ്ങാതെയും ഇടനിലക്കാരില്ലാതെയും വേഗത്തില്‍ സഹായം എത്തിക്കുക എന്നതാണ് പോര്‍ട്ടലിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിലൂടെയും പ്രമോട്ടര്‍മാര്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അപേക്ഷയുടെ നിലവിലെ സ്ഥിതി ഗുണഭോക്താവിന് നേരിട്ട് മനസ്സിലാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.
5,000/- വരെ പ്രൊജക്റ്റ് ഓഫീസര്‍മാര്‍ക്കും 25,000/- വരെ ഡയറക്ടര്‍ക്കും അതിനു മുകളില്‍ വകുപ്പ് മന്ത്രിക്കും സഹായം അനുവദിക്കാം.
അനുവദിക്കുന്ന തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
കുടുംബത്തിന്റെ താങ്ങായിരുന്ന വ്യക്തി മരണപ്പെട്ടാല്‍ ആ കുടുംബത്തിന് 2,00,000/- രൂപ വരെ നല്‍കുന്ന പദ്ധതിയും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലുണ്ട്. തഹസില്‍ദാരുടെ സാക്ഷ്യപത്രവും മറ്റ് രേഖകളും അപ്ലോഡ് ചെയ്യുന്നതോടെ സഹായം ഉറപ്പാക്കും.
കുടുംബ വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മെഡിക്കല്‍ ബില്ലുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
---------------
Hindusthan Samachar / Sreejith S