Enter your Email Address to subscribe to our newsletters

Palakkad, 05 മാര്ച്ച് (H.S.)
എവി ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും പാലക്കാട് വച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നീക്കം. ഗുരുവായൂര് ദേവസ്വം ചെയര്മാന് വികെ വിജയന് രാജിവച്ചതോടെയാണ് പുതിയ നിയമനം. മാര്ച്ച് 13ന് കാലാവധി പൂര്ത്തിയാകാനിരിക്കെയാണ് വിജയന്റെ രാജി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുകയാണ് എവി ഗോപിനാഥ്. പദവി നൽകിയാൽ സ്വീകരിക്കുമെന്ന് എവി ഗോപിനാഥ് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൻ്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുമായി എവി ഗോപിനാഥ് കൂടിക്കാഴ്ച നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം തന്നെ കാലുവാരി തോൽപിച്ചുവെന്ന് ഗോപിനാഥ് ആരോപിച്ചിരുന്നു. പിന്നാലെ ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
2009 മുതൽ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിച്ച എവി ഗോപിനാഥ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാർട്ടി വിട്ടത്. 2023ൽ നവകേരള സദസിൽ പങ്കെടുത്തതോടെ കോൺഗ്രസ് പാര്ട്ടിയില് നിന്നും പുറത്താക്കുകയും ചെയ്തു. 25 വർഷം പെരിങ്ങോട്ടുകുറുശി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച എവി ഗോപിനാഥ്, 1991ൽ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ 338 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് വിട്ടതിന് പിന്നാലെ സ്വതന്ത്ര ജനാധിപത്യ മുന്നണി രൂപവത്കരിച്ച ഗോപിനാഥ്, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിച്ച് പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒൻപതാം വാർഡായ ബെമ്മണ്ണൂരിൽ മത്സരിച്ച ഗോപിനാഥ്, കോൺഗ്രസ് സ്ഥാനാർഥിയായ രതീഷിനോട് 134 വോട്ടിന് തോറ്റു. ആകെയുള്ള 18 വാർഡുകളിൽ സിപിഎം-ഐഡിഎഫ് സഖ്യം എട്ടിടത്തും കോൺഗ്രസ് ഏഴിടത്തും ബിജെപി രണ്ടിടത്തും വിജയിച്ചു. ഒരു സീറ്റിൽ ജയിച്ചത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR