Enter your Email Address to subscribe to our newsletters

Kozhikode, 05 മാര്ച്ച് (H.S.)
കേരളത്തിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിൻ്റെ സ്വിച്ച് ഓണ് നാളെ (മാര്ച്ച് 06) മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്ക്കായി മുത്തപ്പന്പുഴ എല്പി സ്കൂളില് തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് പറഞ്ഞു.
ബ്ലാസിറ്റിങ് നിയന്ത്രിതമായ കാര്യമായതിനാല് പൊതുജനങ്ങള്ക്ക് ഉദ്ഘാടനത്തില് പങ്കെടുക്കാന് കഴിയില്ല. മുന്കൂട്ടി പാസ് നല്കിയവര്ക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം ലഭിക്കുന്നത്. താത്കാലികമായ പാലം ട്രഷറി യൂണിറ്റ്, ഫ്യുവല് ടാങ്ക്, മറ്റ് അനുബന്ധ ഷെഡുകള് എന്നിവ പൂര്ത്തികരിച്ചു ലിൻ്റോ ജോസഫ് കൂട്ടിച്ചേര്ത്തു.
പരിപാടിയില് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെഎന് ബാലഗോപാല്, കെ രാജന്, എകെ ശശീന്ദ്രന്, ഒ ആര് കേളു, പ്രിയങ്കാ ഗാന്ധി എംപി, എംഎല്എമാരായ ലിൻ്റോ ജോസഫ്, ടി സിദ്ദീഖ്, കിഫ്ബി സിഇഒ ഡോ. കെഎം അബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു തുടങ്ങിയവര് പങ്കെടുക്കും.
ബ്ലാസ്റ്റിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള് പൂര്ത്തിയാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്വഹിച്ചത്. അനുബന്ധ നിര്മാണ പ്രവര്ത്തനങ്ങളായ താത്കാലിക പാലം, ക്രഷര് യൂണിറ്റ്, ഫ്യൂവല് ടാങ്ക്, തൊഴിലാളികള്ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിക്കുന്നത്.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര് തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില് ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്നോട്ട ചുമതല. കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെൻ്റ് ഫണ്ട് ബോര്ഡില് നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്വഹണത്തിനുമുള്ള സ്പെഷ്യല് പര്പ്പസ് വെഹിക്കിള് (എസ്.പി.വി) കൊങ്കണ് റെയില്വേ കോര്പ്പറേഷന് ലിമിറ്റഡാണ്.
നാല് വര്ഷം കൊണ്ട് പദ്ധതി പൂര്ത്തിയാക്കും. ഭോപ്പാല് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദിലീപ് ബില്ഡ്കോണ്, കൊല്ക്കത്ത ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റോയല് ഇന്ഫ്രാസ്ട്രക്ടര് എന്നീ സ്ഥാപനങ്ങളാണ് കരാര് ഏറ്റെടുത്തത്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവ്. നിർമാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടക്കും. പദ്ധതി പ്രദേശത്ത് തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടർ നിർമാണം പൂർത്തിയായി. പാറ പൊട്ടിക്കുന്ന ക്രഷർ യൂണിറ്റുകളും സജ്ജമായി. കുണ്ടൻതോടിൽ കരാർ കമ്പനി പാട്ടത്തിനെടുത്ത 28 ഏക്കർ സ്ഥലത്താണ് ഇവ ക്രമീകരിച്ചത്.
2006ലാണ് തുരങ്കപാത എന്ന ആശയം ഉയരുന്നത്. 2020ല് ഭരണാനുമതി ലഭിച്ച ആനക്കാംപൊയില് കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് 2025 ജൂണിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. അപ്രോച്ച് റോഡ് ഉള്പ്പെടെ 8.73 കിലോ മീറ്ററാണ് പദ്ധതിയുടെ ദൈര്ഘ്യം. ഇതില് കോഴിക്കോട് മറിപ്പുഴ മുതല് വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം.
വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവേയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിന്റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്. ഇരുവഴഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്മാണ ചുമതല. കൊങ്കണ് റെയില്വേ കോര്പ്പറേഷനാണ് നടത്തിപ്പ് നിര്വഹണ ഏജന്സി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR