Enter your Email Address to subscribe to our newsletters

Ernakulam, 05 മാര്ച്ച് (H.S.)
ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം നൽകാൻ ഇനി തടസമില്ല. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയുടെ ഹർജിയാണ് തള്ളിയത്. ശാസ്ത്രിയ പരിശോധനിയിൽ ടിക്കറ്റിൽ കൃത്രിമം നടന്നതായി തെളിഞ്ഞിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഹർജി തള്ളിയത്.
ഒന്നാം സമ്മാനത്തിൽ അവകാശവാദമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെകെ സജിമോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 24ന് ആയിരുന്നു നറുക്കെടുപ്പ് നടന്നത്. XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ടിക്കറ്റ് നഷ്ടപ്പെട്ടതാണെന്ന പരാതിയുമായി സജിമോൻ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി വകുപ്പിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവും ഇറക്കി. ഒപ്പം ലോട്ടറി വകുപ്പിന് നോട്ടീസയച്ച് മറുപടിയും തേടിയിരുന്നു. നേരത്തെ സമ്മാനാർഹമായ ടിക്കറ്റിൻ്റെ പകർപ്പും അത് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ലോട്ടറി വകുപ്പ് സീൽഡ് കവറിൽ ഹാജരാക്കിയത് പരിശോധിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ലോട്ടറിയുടെ അവകാശവാദം ഇങ്ങനെ
പൊലീസിൽ നിന്നും പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തിയിരുന്ന സജിമോൻ്റെ വാഹനത്തിൽ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികൾ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടയിൽ ഇവർ നെയ്പാത്രം വണ്ടിയിൽ മറന്നുവച്ചു. സജിമോൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്പാത്രത്തിന് അടിയിലായി പോയി. ഈ പാത്രം പിന്നീട് വിശാഖപട്ടണത്തിലേക്ക് കൊറിയർ അയച്ചു നൽകിയപ്പോൾ അബദ്ധത്തിൽ ടിക്കറ്റും അതിനൊപ്പമായി പോയി എന്നാണ് സജിമോൻ്റെ വാദം. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവിൻ്റെ വീട്ടിൽ പോയപ്പോൾ വാങ്ങിയ ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ അവകാശപ്പെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR