Enter your Email Address to subscribe to our newsletters

Ernakulam, 05 മാര്ച്ച് (H.S.)
ഇന്ത്യയുടെ സുസ്ഥിരമായ ബ്ലൂ ഇക്കോണമിയുടെ വികാസത്തിനായി രാജ്യം കടൽപ്പായൽ മേഖലയെ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ.
പനങ്ങാട് കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ആരംഭിച്ച 'കടൽപ്പായൽ 2026' അന്താരാഷ്ട്ര സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യ ശൃംഖലകൾ, കാലാവസ്ഥാ പരിഹാരങ്ങൾ, നീല സമ്പദ്വ്യവസ്ഥാ പാതകൾ എന്നിവയെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ ഈ രാജ്യാന്തര സംഗമം സമുദ്ര ജൈവവിഭവ മേഖലയിൽ ഇന്ത്യയുടെ കുതിപ്പിന് വഴിതെളിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നീല സമ്പദ്വ്യവസ്ഥയുടെ അവസരങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന് ഗവേഷകരും ബിസിനസ് രംഗവും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളതലത്തിൽ കടൽപ്പായൽ ഉത്പാദനം 35 ദശലക്ഷം ടൺ കവിഞ്ഞിട്ടും, ഈ രംഗത്ത് ഇന്ത്യയുടെ സംഭാവന നിലവിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വളർച്ചയ്ക്കുള്ള ഉപയോഗിക്കാത്ത വിശാലമായ സാധ്യതകളെയാണ് എടുത്തുകാണിക്കുന്നത്. ഇന്ത്യയിലെ കടൽപ്പായൽ മേഖല നിലവിൽ പ്രതിവർഷം ഏകദേശം 9 ശതമാനം വളർച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കടൽപ്പായൽ ഉൽപാദനം 2015-ൽ 18,000 ടണ്ണായിരുന്നത് 2024-ൽ 75,000 ടണ്ണായി വർദ്ധിച്ചു. ഇത് മേഖലയിലെ വളർച്ചയുടെ വേഗതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ആഗോള കടൽപ്പായൽ ഉൽപാദനത്തിന്റെ ഏകദേശം 97 ശതമാനവും ഏഷ്യയിലാണെന്നും, വളർന്നുവരുന്ന ഈ സമുദ്ര ജൈവവിഭവ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും തമിഴ്നാട്ടിലെ രാമനാഥപുരം, പുതുക്കോട്ടൈ ജില്ലകളിലെ സ്ത്രീകൾ നയിക്കുന്ന കൃഷി സംരംഭങ്ങൾ തീരദേശ വികസനത്തിനുള്ള മികച്ച മാതൃകകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിമ്പോസിയം സംഘടിപ്പിച്ച കുഫോസിന്റെ നേതൃത്വത്തെ മന്ത്രി അഭിനന്ദിച്ചു. ഉദ്ഘാടന സെഷനിൽ അധ്യക്ഷത വഹിച്ച കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ, 2047-ഓടെയുള്ള 'വികസിത് ഭാരത്' ലക്ഷ്യങ്ങൾക്കനുസൃതമായി കടൽപ്പായൽ മേഖലയ്ക്കുള്ള ഒരു ദേശീയ രൂപരേഖ തയ്യാറാക്കാൻ ഈ സിമ്പോസിയം സഹായിക്കുമെന്ന് പറഞ്ഞു. ചടങ്ങിൽ നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (NFDB) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹേരയും സംസാരിച്ചു. 13 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം പ്രതിനിധികളാണ് ഈ സിമ്പോസിയത്തിൽ പങ്കെടുക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR