Enter your Email Address to subscribe to our newsletters

Ernakulam, 05 മാര്ച്ച് (H.S.)
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നു. ഇതിൻ്റെ ഭാഗമായി പത്ത് ദിവസത്തിനുള്ളിൽ കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ കോടതി കർശന നിർദേശം നൽകി.
കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റർ അറിയിച്ചതിനെ തുടർന്നാണ് മുഴുവൻ രേഖകളും നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ദേവസ്വം ഓഡിറ്റ് റിപ്പോർട്ട് അടക്കമുള്ളവ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു. സംഗമത്തിൻ്റെ കണക്കുകൾ ഓഡിറ്റ് ചെയ്ത സ്വകാര്യ ഏജൻസിയായ വിജയൻ അസോസിയേറ്റ്സിനോടാണ് ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ, ബില്ലുകൾ, വൗച്ചറുകൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടത്.
ഇൻപുട്ട് ടാക്സ് ആവശ്യങ്ങൾക്കായി സ്വത്ത് വിവരങ്ങളുടെ രജിസ്റ്റർ അടക്കമുള്ള നിർണായക രേഖകൾ പലതവണ ആവശ്യപ്പെട്ടിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയില്ലെന്ന് ഓഡിറ്റർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദേവസ്വം ബോർഡിനെ മാറ്റിനിർത്തി ഓഡിറ്ററിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. കൂടുതൽ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭ്യമാകാനുണ്ടെന്ന് ബോർഡ് കോടതിയെ അറിയിച്ചതിനെ തുടർന്ന്, ഇവ കൂടി അടിസ്ഥാനമാക്കി പത്തു ദിവസത്തിനുള്ളിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക്
വ്യത്യസ്ത പരിപാടികൾക്കായി ചെലവായ തുകയുടെ ഒന്നിച്ചുള്ള ബില്ലുകളാണ് ബോർഡ് സമർപ്പിച്ചിട്ടുള്ളത്. ഇതുമൂലം ഓരോ പരിപാടിക്കും പ്രത്യേകമായി എത്ര രൂപ വീതം ചെലവായി എന്ന് കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കരാർ വ്യവസ്ഥകൾ പ്രകാരം ഓരോ ഘട്ടത്തിലുമുള്ള പണച്ചെലവ് പരിശോധിക്കാൻ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടായിരുന്നെങ്കിലും അത് കൃത്യമായി പാലിക്കപ്പെട്ടില്ല.
നിലവിൽ കണക്കുകളിൽ കാണുന്ന പൊരുത്തക്കേടുകൾ പരിഹരിക്കാൻ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞു. ഇതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ഓഡിറ്റർക്കും പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പരിഹരിക്കാനാകാത്ത സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമായിരിക്കുമെന്നും അവർക്കെതിരെ ബാധ്യത നിശ്ചയിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കോടതി വ്യക്തമാക്കി.
ടാസ്ക് ഫോഴ്സിനെ ഒഴിവാക്കി
ഫെബ്രുവരി ആറിന് ഓഡിറ്റർ നൽകിയ റിപ്പോർട്ട് യാതൊരു പരിശോധനകളുമില്ലാതെ ദേവസ്വം കമ്മിഷണർ തൊട്ടടുത്ത ദിവസം തന്നെ സ്പെഷ്യൽ കമ്മിഷണർക്ക് കൈമാറിയത് ബോർഡിൻ്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും വളരെ ലാഘവത്തോടെയാണ് ഈ വിഷയത്തെ ബോർഡ് കൈകാര്യം ചെയ്തത്.
കണക്കുകൾ പരിശോധിക്കാൻ ദേവസ്വം ബോർഡ് തന്നെ രൂപീകരിച്ച ടാസ്ക് ഫോഴ്സിനെ ഹൈക്കോടതി ഒഴിവാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ ടാസ്ക് ഫോഴ്സ് ഉണ്ടാക്കിയതാണ് ഇതിന് കാരണം. കൂടുതൽ സമയം അനുവദിക്കണമെന്ന ബോർഡിൻ്റെ ആവശ്യം തള്ളിയാണ് കോടതി നേരിട്ട് കണക്കുകൾ പരിശോധിക്കുന്ന നടപടികളിലേക്ക് കടന്നത്. രാവിലെ തുടങ്ങി വൈകുന്നേരം അവസാനിച്ച ഒരു ദിവസത്തെ പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ പോലും കൃത്യമായി ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR