Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 മാര്ച്ച് (H.S.)
സിപിഎമ്മിൻ്റെ നിർണായകമായ സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടാനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് യോഗം. സ്ഥാനാർഥി നിർണയ ചർച്ചകൾക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുമായിട്ടാണ് സംസ്ഥാന സമിതി കൂടുന്നതെങ്കിലും ജി സുധാകരൻ ഉയർത്തുന്ന വിമത ശബ്ദം യോഗത്തിൽ പ്രധാനമായും ചർച്ചയാകാനാണ് സാധ്യത.
സുധാകരന് അനുകൂലമായ നിലപാടുകൾ സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നുവരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തീരുമാനിച്ച സ്ഥാനാർഥി പട്ടികയ്ക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങുക എന്നതാണ് ഇന്നത്തെ യോഗത്തിൻ്റെ പ്രധാന അജണ്ട.
കണ്ണൂർ, പാലക്കാട്, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ നിർദേശങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മാറ്റങ്ങൾ വരുത്തിയിരുന്നു. പേരാവൂരിൽ കെ കെ ശൈലജയുടെയും തളിപ്പറമ്പിൽ പി കെ ശ്യാമളയുടെയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സമിതിയിൽ വിയോജിപ്പുകൾ ഉയരാൻ സാധ്യതയുള്ളതായി നേതൃത്വം വിലയിരുത്തുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രതിസന്ധിയായി സുധാകരൻ്റെ നീക്കങ്ങൾ
തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിൽ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ജി സുധാകരൻ്റെ നീക്കങ്ങൾ. പാർട്ടിക്കകത്തും ജനങ്ങൾക്കിടയിലും വലിയ സ്വാധീനമുള്ള സുധാകരനോട് നേതൃത്വം കാണിച്ച അവഗണന വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമാകും. ഏതെങ്കിലും മുന്നണിയുടെ പിന്തുണയോടെ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചാൽ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകും. സിപിഎം അംഗത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി അറിയിച്ചെങ്കിലും സുധാകരൻ ഇതുവരെ തൻ്റെ നിലപാടുകൾ പൂർണമായും വ്യക്തമാക്കിയിട്ടില്ല. ജില്ലാ നേതൃത്വം അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോഴും അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ സുധാകരൻ്റെ ഈ നീക്കം പാർട്ടിക്കേറ്റ അപ്രതീക്ഷിത പ്രഹരമാണ്.
തന്നെ അവഗണിക്കുന്നതിലും കുടുംബത്തെ അടക്കം അധിക്ഷേപിച്ചതിലും സുധാകരൻ നേതൃത്വത്തോട് പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ നടപടികളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ചിലരെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടി പരിപാടികളിൽ നിന്ന് സുധാകരനെ പരമാവധി ഒഴിവാക്കി നിർത്തുന്ന രീതിയും തുടർന്നു പോന്നു. കഴിഞ്ഞ പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ പരിപാടിയിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വലിയ ചുടുകാട്ടിൽ അദ്ദേഹം ഒറ്റയ്ക്ക് പുഷ്പാർച്ചന നടത്തി തൻ്റെ അമർഷം രേഖപ്പെടുത്തിയിരുന്നു. സ്വന്തം വീടിനടുത്ത് നടന്ന പാർട്ടി ഏരിയ സമ്മേളനത്തിൽ പോലും സുധാകരനെ ക്ഷണിച്ചിരുന്നില്ല.
സുധാകരൻ്റെ വിമർശനങ്ങൾ ഒരു ഘട്ടത്തിൽ പരിധി വിടുകയും ചെയ്തു. കുട്ടനാട്ടിലെത്തിയ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, പ്രായപരിധി നിബന്ധനയുടെ പേരിൽ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്നത് പാർട്ടിയിൽ നിന്ന് പുറത്താക്കലല്ലെന്ന് സുധാകരനെ ലക്ഷ്യം വച്ച് സംസാരിച്ചിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സുധാകരൻ്റെ ആഗ്രഹത്തിന് പാർട്ടി നേതൃത്വം എതിരായതും പ്രശ്നങ്ങൾ രൂക്ഷമാക്കി.
സുധാകരൻ മത്സരിക്കുമെന്ന പ്രചാരണം പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സജീവമാണ്. അദ്ദേഹം അമ്പലപ്പുഴയിൽ സ്ഥാനാർഥിയായാൽ മത്സരം പുതിയൊരു തലത്തിലേക്ക് മാറും. രാഷ്ട്രീയത്തിന് അതീതമായ സ്വാധീനമുള്ള സുധാകരന് പാർട്ടിയുടെ ഉറച്ച വോട്ടുകൾ പോലും ലഭിക്കാൻ സാധ്യതയുണ്ട്. അനുനയ നീക്കങ്ങൾക്ക് പാർട്ടി മുൻകൈ എടുക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നിർണായക തെരഞ്ഞെടുപ്പ് വേളയിൽ സുധാകരൻ സൃഷ്ടിച്ച ഈ പ്രതിസന്ധിയിൽ ജില്ലാ നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. അദ്ദേഹത്തിൻ്റെ അടുത്ത നീക്കങ്ങൾ വിലയിരുത്തിയ ശേഷമാകും പാർട്ടിയുടെ തുടർ നടപടികൾ.
പി കെ ശശി വിമത കൺവെൻഷനിലേക്ക്
സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച മുൻ എംഎൽഎ പി കെ ശശി ഇന്ന് പാലക്കാട് നടക്കുന്ന വിമത കൺവെൻഷനിൽ പങ്കെടുക്കും. ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് പി കെ ശശിയാണ്. ഏറെ നാളായി സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഔദ്യോഗികമായി പാർട്ടിയിൽ നിന്ന് പുറത്തുപോയത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലം സീറ്റിൽ പി കെ ശശി സ്വതന്ത്രനായി മത്സരിക്കുമെന്നാണ് നിലവിലെ സൂചനകൾ. സിപിഎമ്മിലെ വിഭാഗീയതയും അവഗണനയുമാണ് അദ്ദേഹത്തെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട് തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള അറുനൂറോളം സിപിഎം വിമതർ ഈ കൺവെൻഷനിൽ പങ്കെടുക്കും.
ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് പാർവതി ഓഡിറ്റോറിയത്തിലാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. പി കെ ശശിയുടെ ഈ നീക്കം പാലക്കാട് ജില്ലയിലെ സിപിഎമ്മിന് വൻ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിമത കൺവെൻഷനോട് പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR