Enter your Email Address to subscribe to our newsletters

Kozhikode, 05 മാര്ച്ച് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ജില്ലയിലെ എൽഡിഎഫ് കോട്ടയായ എലത്തൂരിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി. നിലവിലെ എംഎൽഎയും മന്ത്രിയുമായ എ കെ ശശീന്ദ്രൻ ഒമ്പതാം തവണയും മത്സരരംഗത്തിറങ്ങാൻ തയാറെടുക്കുന്നതിനെതിരെ എൻസിപിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ മണ്ഡലത്തിൽ സ്ഥാനാര്ഥി നിര്ണയം കല്ലുകടിയായിരിക്കുന്നു.
ആശങ്കയില് സിപിഎം
ശശീന്ദ്രൻ മാറിനിൽക്കണമെന്ന് പി സി ചാക്കോ അടക്കം പറഞ്ഞിട്ടും താൻ സ്വയം ഒഴിഞ്ഞുമാറില്ലെന്നും വേണമെങ്കിൽ മാറ്റിനിർത്തിക്കോളൂ എന്നാണ് ശശീന്ദ്രൻ്റെ പ്രതികരണം. ശരദ് പവാറിൻ്റയും മുഖ്യമന്ത്രി പിണറായി വിജയൻ്റെയും പിന്തുണയുടെ ബലത്തിലാണ് ശശീന്ദ്രൻ ബലം പിടിക്കുന്നത്. ജില്ലയിലെ ഇടതിൻ്റെ ഉറച്ച സീറ്റായ എലത്തൂരിൽ സിപിഎമ്മിന് വലിയ നോട്ടമുണ്ട്. എന്നാൽ ഘടകക്ഷികൾ മത്സരിച്ച ഇടങ്ങളില് അത് തുടരട്ടെ എന്ന നിലപാട് വന്നതോടെ എലത്തൂർ കിട്ടാക്കനിയായി. എൻസിപിക്കാർ ബെഡക്കാക്കി വിജയം എതിരാളിക്ക് സമ്മാനിക്കുമോ എന്നതാണ് സിപിഎം അടക്കമുള്ള പാർട്ടിക്കാരുടെ ആശങ്ക.
എലത്തൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച പരസ്യമായ തർക്കം സിപിഎമ്മിനാണ് തലവേദന സൃഷ്ടിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായതോടെ എലത്തൂരിലെ വിജയസാധ്യതയെ ബാധിക്കുമെന്ന് എൽഡിഎഫിൽ ആശങ്കയുണ്ട്.
എൻസിപിയിൽ വാക്പോരും കയ്യാങ്കളിയും
എലത്തൂർ മണ്ഡലം നിലവിൽ വന്നിട്ട് 15 വർഷമായി. അന്നു മുതൽ എ കെ ശശീന്ദ്രനാണ് ഇവിടെ സ്ഥാനാർഥി. തുടർച്ചയായി എട്ട് തവണ മത്സരിക്കുകയും ആറ് തവണ എംഎൽഎആകുകയും 10 വർഷം മന്ത്രിയാകുകയും ചെയ്ത എ കെ ശശീന്ദ്രൻ മാറിനിൽക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ശശീന്ദ്രൻ വീണ്ടും മത്സരിക്കാൻ തയാറെടുത്തതോടെ എൻസിപിയിൽ പ്രതിഷേധവും കയ്യാങ്കളിയും വാക്പോരുമാണ്. എൻസിപിയുടെ രണ്ട് സീറ്റുകളിൽ നിലവിലുള്ളവർ തന്നെ മത്സരിക്കാൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസ് ആലപ്പുഴയിൽ പറഞ്ഞത്. കുട്ടനാട് സീറ്റിൽ തോമസ് കെ തോമസും എലത്തൂരിൽ മന്ത്രി എ കെശശീന്ദ്രനും മത്സരിക്കും. അതോടെയാണ് എൻസിപിയിലെ പൊട്ടിത്തെറി തുടങ്ങിയത്.
എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയായ മുക്കം മുഹമ്മദിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻസിപിക്കാർ സംസ്ഥാനപ്രസിഡൻ്റിൻ്റെ സ്വയം പ്രഖ്യാപനത്തിനെതിരെ രംഗത്തു വന്നു. ശശീന്ദ്രനെ എലത്തൂരിൽ മത്സരിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് മുക്കം മുഹമ്മദും കൂട്ടരും. എട്ട് തവണ മത്സരിച്ചു, 6 തവണ എംഎൽഎ ആയി
2 തവണയായി 10 കൊല്ലം മന്ത്രിയുമായി, 80 വയസ് പ്രായവുമായി, ഇനിയും മാറി നിൽക്കാൻ സമയമായില്ലേ എന്ന് മുക്കം മുഹമ്മദ് ചോദിച്ചു. കോഴിക്കോട് ജില്ലയിലെ ബഹുഭൂരിപക്ഷം എൻസിപിക്കാരും ശശീന്ദ്രൻ മത്സരിക്കുന്നതിന് എതിരാണ്. നിലവിൽ സിപിഎമ്മിൻ്റെ ഒരു നേതാവിൻ്റെ പിന്തുണയും അദ്ദേഹത്തിന് ഇല്ല എന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചേർന്ന് നിന്നാണ് വീണ്ടും മത്സരിക്കാൻ ശശീന്ദ്രൻ തയാറെടുക്കുന്നതെന്ന് മുക്കം മുഹമ്മദ് പറഞ്ഞു.
മാന്യമായ ഇറങ്ങിപ്പോക്കിന് അവസരം നൽകണമെന്ന ശശീന്ദ്രൻ്റെ അഭ്യർഥന കണക്കിലെടുത്താണ് കഴിഞ്ഞ
തവണ മത്സരിക്കാൻ പാർട്ടി കൂട്ടു നിന്നത്. അദ്ദേഹം വാക്കു പാലിക്കണമെന്നും എൻസിപി നേതാക്കൾ ആവശ്യപ്പെടുന്നു. ജില്ലാതല യോഗത്തിൽ 90% പാർട്ടിക്കാരും ശശീന്ദ്രൻ്റെ നീക്കത്തിന് എതിരാണെന്ന നിലപാടെടുത്ത അവർ മന്ത്രിയെ നേരിൽ കണ്ട് ഈ കാര്യം ബോധ്യപ്പെടുത്താനുള്ള നീക്കത്തിലാണ്. എന്നിട്ടും അംഗീകരിക്കുന്നില്ലെങ്കിൽ ബ്ലോക്ക് തലത്തിലും വാർഡ് തലത്തിലും യോഗങ്ങൾ ചേർന്ന് പ്രമേയങ്ങൾ പാസാക്കുമെന്നും നേതാക്കൾ പറഞ്ഞു. ശശീന്ദ്രൻ മത്സരിക്കുകയാണെങ്കിൽ എലത്തൂർ സീറ്റ് നഷ്ടപ്പെടുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
എലത്തൂർ വിട്ടുകൊടുക്കുമോ?
2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് എലത്തൂർ നിയമസഭാമണ്ഡലം നിലവിൽ വന്നത്. അതോടെ എ സി ഷണ്മുഖദാസും ശശീന്ദ്രനും മത്സരിച്ച ബാലുശ്ശേരി മണ്ഡലം സിപിഎം ഏറ്റെടുക്കുകയും എലത്തൂർ ഘടക ഘടകക്ഷിക്ക് കൊടുക്കുകയും ചെയ്തു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എൻസിപി സ്ഥാനാർഥിയായ എ കെ ശശീന്ദ്രൻ 38,502 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയപ്പോഴും എലത്തൂരിന് ഇളക്കം തട്ടിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജില്ലയിലെ 13ൽ 11 സീറ്റിൽ വിജയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൂന്ന് സീറ്റുകളിൽ മാത്രം ഭൂരിപക്ഷം എന്ന നിലയിലേക്ക് എൽഡിഎഫ് പതറി. അപ്പോഴും എലത്തൂർ ശക്തമായി ഇടത്തിനൊപ്പം നിന്നു. 10,773 വോട്ടിൻ്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലുള്ളത്.
എൻസിപിയിലെ വലിയൊരു വിഭാഗത്തിന് മണ്ഡലം വിട്ടു കൊടുക്കുന്നതിൽ താല്പര്യവുമുണ്ട്. എലത്തൂർ വിട്ടു കൊടുത്ത്, പകരം കുന്നമംഗലം ൽകുകയാണെങ്കിൽ മത്സരിക്കാൻ ഒരുക്കം കൂട്ടുകയാണ് മുക്കം മുഹമ്മദ്. മണ്ഡലത്തിലുള്ള എപി സുന്നി വിഭാഗക്കാരുടെ വോട്ടുകളും സുഹൃദ്ബന്ധങ്ങളിലൂടെയുമുള്ള വോട്ടുകളും അനുകൂലമാകുമെന്ന് മുക്കം മുഹമ്മദ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുന്നമംഗലത്ത് സ്വതന്ത്രനായി മത്സരിച്ച് പോരുന്ന പിടിഎ റഹീം മാറിനിൽക്കട്ടെ എന്നാണ് എൻസിപിയുടെ അഭിപ്രായം
ശശീന്ദ്രനായാലും സിപിഎം ഏറ്റെടുത്താലും എലത്തൂർ സീറ്റ് പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. 2021 ൽ തമ്മിലടി രൂക്ഷമായതിനെ തുടർന്ന് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥി ദുർബലനായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഈ തവണയാവട്ടെ വിദ്യ ബാലകൃഷ്ണൻ്റെ പേരിനാണ് മുൻതൂക്കം. അതേസമയം സംവരണ സീറ്റായ ബാലുശ്ശേരിയിൽ രമ്യ ഹരിദാസ് ഇറങ്ങിയാൽ എലത്തൂരിൽ മറ്റൊരു പേര് കണ്ടെത്തേണ്ടി വരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR