Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 മാര്ച്ച് (H.S.)
പിണറായി സർക്കാരിനെ പ്രകീർത്തിച്ച് സംസ്ഥാനത്തെ പത്രങ്ങളിൽ പിആർഡി നൽകിയ രണ്ടുപേജ് പരസ്യം വിവാദത്തിൽ.യുഡിഎഫിനെ പരിഹസിച്ചും സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയും സർക്കാർ പണം മുടക്കി നൽകിയ പരസ്യത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മലയാള മനോരമ, മാതൃഭൂമി, ടൈംസ് ഓഫ് ഇൻഡ്യ എന്നീ പത്രങ്ങൾ ഈ പരസ്യം പ്രസിദ്ധീകരിച്ചിട്ടില്ല.
സാങ്കല്പിക വാർത്തകളും സർക്കാരിൻ്റെ അവകാശവാദങ്ങളും
പത്ത് വർഷം മുൻപ് മലയാള പത്രങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകൾ എന്ന അടിക്കുറിപ്പോടെയാണ് പരസ്യത്തിൻ്റെ ഒന്നാം പേജ് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെങ്കിൽ പത്രത്തിൻ്റെ ഒന്നാംപേജ് എങ്ങനെയായിരിക്കും എന്ന രീതിയിലാണ് ഇതിലെ ക്രമീകരണം. പൂട്ടലിൻ്റെ വക്കിൽ കെഎസ്ആർടിസി, ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പെൻഷൻ മുടങ്ങിയിട്ട് 18 മാസം തുടങ്ങിയ തലക്കെട്ടുകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ നാൽപത് ശതമാനം സ്കൂളുകളും അടച്ചു പൂട്ടലിൻ്റെ ഭീഷണിയിൽ, പരീക്ഷ എഴുതിയത് പാഠപുസ്തകങ്ങൾ ഇല്ലാതെ, എങ്ങുമെത്താതെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ദേശീയപാത വികസനം മതിയാക്കി അതോറിറ്റി, ടാറിനും കുടിശികയായതോടെ റോഡ്പണി നിലച്ചു തുടങ്ങിയ സാങ്കല്പിക വാർത്തകളും മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെ ഒന്നാംപേജിൽ നൽകിയിട്ടുണ്ട്. രണ്ടാംപേജിൽ ഈ വാർത്തകളുടെ പോസിറ്റീവായ വശങ്ങളാണ് നൽകിയിരിക്കുന്നത്. ഒന്നാംപേജിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായാണ് സർക്കാർ അവകാശപ്പെടുന്നത്.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ കേരളത്തെ തിരുത്തിക്കുറിച്ചതിൻ്റെ നേർചിത്രമാണിതെന്ന അടിക്കുറിപ്പും ഇതിനൊപ്പം നൽകിയിട്ടുണ്ട്. പത്രം വായിക്കുന്നവർക്ക് ഒറ്റനോട്ടത്തിൽ ഇത് പരസ്യമാണെന്ന് മനസിലാക്കാൻ സാധിക്കില്ല. ഈ പേജ് പിആർഡിക്ക് വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണെന്നും പത്രത്തിൻ്റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നും ചെറിയ കോളത്തിൽ സർക്കാർ മുദ്രയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രചാരണത്തിനായി പിആർഡി നികുതിപ്പണം ചെലവാക്കുന്നതിലാണ് പ്രധാനമായും വിമർശനം ഉയരുന്നത്. രണ്ട് ജാക്കറ്റ് പരസ്യത്തിന് പിആർഡി നിരക്കിൽ പത്രത്തിൻ്റെ സർക്കുലേഷൻ അനുസരിച്ച് 5 മുതൽ 20 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷംസിപിഎമ്മിൻ്റെ പ്രചാരണത്തിന് സർക്കാർ ചെലവിൽ പരസ്യം നൽകിയതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി. തികഞ്ഞ ചട്ടലംഘനമാണ് വിഷയത്തിൽ നടന്നിരിക്കുന്നതെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതുഖജനാവിലെ പണമെടുത്ത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR