Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 മാര്ച്ച് (H.S.)
സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയിലെ ആദ്യ വിഷയം ഒന്നാം ഭാഷ പാർട്ട് വൺ ആണ്. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും.
വിദ്യാർഥികളും പരീക്ഷാ കേന്ദ്രങ്ങളും
കേരളത്തിലെ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിനുപുറമെ ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിൽ 633 കുട്ടികളും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിൽ 386 കുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4,11,025 വിദ്യാർഥികൾ ഒന്നാംവർഷ ഹയർ സെക്കൻഡറിയും 4,52,437 പേർ രണ്ടാംവർഷ പരീക്ഷയും എഴുതുന്നുണ്ട്.
ഒന്നാംവർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്ക് 34,122 വിദ്യാർഥികൾ ഹാജരാകുമ്പോൾ, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർഥികളാണ് പരീക്ഷ നേരിടുന്നത്. മാർച്ച് 30ന് എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കും. ഇന്ന് തുടങ്ങുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 27നും നാളെ ആരംഭിക്കുന്ന രണ്ടാംവർഷ പരീക്ഷകൾ 28നുമാണ് പൂർത്തിയാകുക.
പരീക്ഷാ ഒരുക്കങ്ങൾ
പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. എസ്എസ്എൽസി ചോദ്യപേപ്പറുകൾ ഈ ഓഫിസുകളിൽ എത്തിച്ച് സോർട്ടിങ് പൂർത്തിയാക്കിയ ശേഷം ബാങ്ക്, ട്രഷറി എന്നിവയുടെ സേഫ് ലോക്കറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ ഇന്ന് പരീക്ഷകേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി 26,000ത്തോളം അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനവും പൂർത്തിയായി.
പൂർണ സിലബസും ഹെൽപ് ലൈനും
കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം പൂർണ സിലബസ് അടിസ്ഥാനമാക്കിയാണ് ഇത്തവണ പരീക്ഷകൾ നടക്കുന്നത്. അതിനാൽ മുൻ വർഷങ്ങളിലെ ഫോക്കസ് ഏരിയ രീതി ഇക്കുറി ഉണ്ടാകില്ല. പാഠപുസ്തകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാമെന്നും കുട്ടികളുടെ ധാരണാശേഷിയും വിശകലന പാടവവും പരിശോധിക്കുന്ന ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷാ പേടി അകറ്റാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ചിരി ഹെൽപ് ലൈൻ നമ്പരുകളും സ്കൂൾ തലത്തിലുള്ള കൗൺസിലിങ് സൗകര്യങ്ങളും സജീവമാണ്. പരീക്ഷാ സംബന്ധമായ ആശങ്കകൾക്ക് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ഗൾഫിലെ മാറ്റങ്ങളും പ്രത്യേക പരിഗണനയും
യുദ്ധസമാന സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാർച്ച് അഞ്ചിലെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
യുദ്ധസമാന സാഹചര്യത്തെ തുടർന്ന് ഗൾഫിലും കേരളത്തിലും പരീക്ഷാ സെൻ്ററുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് അനുകൂല നടപടിയുണ്ടാകും. പരീക്ഷ എഴുതാൻ കഴിയാത്തവർ എത്രയും വേഗം പ്രഥമ അധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. ഇതിൻ്റെ മെറിറ്റ് പരിശോധിച്ച് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മൂല്യനിർണയവും ഫലപ്രഖ്യാപനവും
എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. ഇതിനായി 72 ക്യാമ്പുകളിലായി ഏകദേശം 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. ഈ അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകും. 2026 മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിച്ച് മേയ് 22ന് ഫലപ്രഖ്യാപനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR